ആധുനിക ഫുട്‌ബോളില്‍ ലയണല്‍ മെസി-ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഫാന്‍ ഡിബേറ്റിന് ശേഷം ഉയര്‍ന്നുകേള്‍ക്കുന്നത് കിലിയാന്‍ എംബാപ്പെ, എര്‍ലിങ് ഹാലണ്ട് എന്നിവരുടെ പേരുകളാണ്. പി.എസ്.ജിക്കായി എംബാപ്പെയും മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഹാലണ്ടും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.
ഈ സീസണില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ ചെയ്യുന്ന താരമാണ് സിറ്റിയുടെ ഗോളടി യന്ത്രമായ ഹാലണ്ട്. ജര്‍മന്‍ ബുണ്ടസ് ലിഗ ഫുട്‌ബോള്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് കഴിഞ്ഞ സമ്മര്‍ സീസണിലാണ് താരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കെത്തിയത്.
സിറ്റിക്കായി ഇതിനകം 28 പ്രീമിയര്‍ ലീഗ് ഗോളുകളും 10 ചാമ്പ്യന്‍സ് ലീഗ് ഗോളുകളും നേടിയ താരം ഫുട്ബോളില്‍ മികച്ച ചുവടുവെപ്പുകളാണ് നടത്തുന്നത്. നിരവധിയാളുകളാണ് ഈ യുവതാരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ഹാലണ്ടിന്റെ ഏജന്റായ റഫേല പിമന്റ താരത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഫുട്ബോള്‍ ചരിത്രത്തില്‍ തന്നെ ആദ്യമായി ഒരു മില്യണ്‍ പൗണ്ട് വേതനം വാങ്ങുന്ന താരമായി ഹാലണ്ട് മാറുമെന്നാണ് അവര്‍ പറഞ്ഞത്. സ്‌കൈ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പിമന്റ.
‘ഹാലണ്ടിന് ഫുട്ബോളിലുള്ള മൂല്യവും ഇമേജിലുള്ള മൂല്യവും സ്പോണ്‍സര്‍ മൂല്യവും പരിഗണിക്കുമ്പോള്‍ തീര്‍ച്ചയായും ഒരു ബില്യണ്‍ പൗണ്ട് വരും. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഹാലണ്ടിനെ എംബാപ്പെയുമായി താരതമ്യം ചെയ്ത് നോക്കാം. അപ്പോള്‍ തന്നെ മാര്‍ക്കറ്റിങ് മനസിലാക്കാനാകും.
ഞാന്‍ മനസിലാക്കുന്നത് ഹാലണ്ടാണ് ഏറ്റവും കൂടുതല്‍ വേതനം വാങ്ങാന്‍ അര്‍ഹനായ താരം എന്നാണ്,’ റഫേല വ്യക്തമാക്കി.
അതേസമയം, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറുന്നത് വരെ ക്ലബ്ബ് ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ വേതനം വാങ്ങുന്ന താരം കിലിയന്‍ എംബാപ്പെയായിരുന്നു. ബോണസ് കൂടാതെ ഏഴ് മില്യണ്‍ യൂറോയാണ് പി.എസ്.ജിയില്‍ താരത്തിന്റെ മൂല്യം. പ്രതിമാസം 16 മില്യണ്‍ യൂറോക്കാണ് (ബോണസ് കൂടാതെ) റൊണാള്‍ഡോയെ അല്‍ നസര്‍ സൈന്‍ ചെയ്തിരിക്കുന്നത്.
Content Highlights: Erling Haaland will be the most paid player in the world says agent