'ഒരുതരം സ്വപ്‌നമാണ് ഞാന്‍ ജീവിക്കുന്നത്'; മെസിയെ പിന്തള്ളിയ നേട്ടത്തിന് പിന്നാലെ എര്‍ലിങ് ഹാലണ്ട്
Football
'ഒരുതരം സ്വപ്‌നമാണ് ഞാന്‍ ജീവിക്കുന്നത്'; മെസിയെ പിന്തള്ളിയ നേട്ടത്തിന് പിന്നാലെ എര്‍ലിങ് ഹാലണ്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 2nd September 2023, 9:12 am

യുവേഫയുടെ മികച്ച താരമായി മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍ താരം എര്‍ലിങ് ഹാലണ്ട് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയെയും സിറ്റിയിലെ സഹതാരമായ കെവിന്‍ ഡി ബ്രൂയിനെയും പിന്തള്ളിയാണ് 23കാരനായ നോര്‍വീജിയക്കാരന്‍ യുവേഫയുടെ ഈ വര്‍ഷത്തെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ സീസണില്‍ സിറ്റിക്കായി നടത്തിയ ഗംഭീര പ്രകടനമാണ് താരത്തിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

താന്‍ ഒരു തരം സ്വപ്‌നമാണ് ജീവിക്കുന്നത് എന്നാണ് ഹാലണ്ട് പുരസ്‌കാര വേദിയില്‍ വെച്ച് പറഞ്ഞത്. തന്റെ കുട്ടിക്കാലം മുതലുള്ള സ്വപ്‌ന സാക്ഷാത്കാരമാണ് നടക്കുന്നതെന്നും അത് തന്റെ സഹതാരങ്ങള്‍ക്കൊപ്പമായതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ഹാലണ്ട് പറഞ്ഞു.

‘ഞാനൊരു തരം സ്വപ്‌നമാണ് ജീവിക്കുന്നത്. വളരെ ചെറുപ്പം മുതലുള്ള എന്റെ സ്വപ്‌നമാണിത്. അതെന്റെ സഹതാരങ്ങള്‍ക്കൊപ്പം ചെയ്യാന്‍ സാധിക്കുക എന്നുള്ളത് വളരെ സ്‌പെഷ്യല്‍ ആയിട്ടുള്ള കാര്യമാണ്,’ ഹാലണ്ട് പറഞ്ഞു.

വേദിയില്‍ വെച്ച് പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയെ കുറിച്ചും ഹാലണ്ട് സംസാരിച്ചു. പെപ് ഇടക്ക് ശകാരിക്കാറുണ്ടെന്നും എന്നാല്‍ തനിക്ക് തന്റെ പിതാവിനെയാണ് ഓര്‍മ വരികയെന്നും അദ്ദേഹം തന്നെ ഇതുപോലെ ശകാരിക്കാറുണ്ടെന്നുമാണ് ഹാലണ്ട് പറഞ്ഞത്. തന്റെ നന്മക്ക് വേണ്ടിയാണിതെന്നും അതിനാല്‍ തനിക്ക് പരാതിയില്ലെന്നും ഹാലണ്ട് പറഞ്ഞു.

‘പെപ് ഇടക്ക് പേടിപ്പെടുത്താറുണ്ടെന്ന് എനിക്ക് പറയേണ്ടി വരും. പക്ഷേ എന്റെ അച്ഛനും അതുപോലെയാണ്. എന്തായാലും അതെനിക്ക് ഇഷ്ടമുള്ള കാര്യമാണ്. പെപ് എന്നോട് ആക്രോശിക്കുന്നതില്‍ എനിക്ക് പരാതിയില്ല. കാരണം എന്റെ തലച്ചോറില്‍ ഇല്ലാത്ത എന്തെങ്കിലും കാര്യം കയറ്റാന്‍ വേണ്ടിയായിരിക്കും അദ്ദേഹം ശ്രമിക്കുന്നത്. അതുകൊണ്ട് എനിക്ക് പരാതിയൊന്നുമില്ല. കാരണം, ഞാനൊരു മികച്ച ഫുട്ബോളറാകാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്,’ ഹാലണ്ട് പറഞ്ഞു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന ഖ്യാതി നേടാന്‍ ഇതിനകം ഹാലണ്ടിന് സാധിച്ചിരുന്നു. 35 മത്സരങ്ങളില്‍ നിന്ന് 36 ഗോളുകളാണ് താരം വലയിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ 52 ഗോളുകളാണ് ഹാലണ്ട് സിറ്റിക്കായി നേടിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, എഫ്.എ കപ്പ്, ചാമ്പ്യന്‍സ് ലീഗ് എന്നിവ നേടുന്നതില്‍ സിറ്റിയില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ ഹാലണ്ടിന് സാധിച്ചിരുന്നു.

Content Highlights: Erling Haaland talking about UEFA best player award