പ്രീമിയര്‍ ലീഗില്‍ ബേണ്‍ലിക്കെതിരായ മത്സരത്തിന്റെ ഹാഫ് ടൈം വിസില്‍ മുഴങ്ങിയപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ സൂപ്പര്‍ താരം എര്‍ലിങ് ഹാലണ്ടിനെ പരസ്യമായി ശകാരിക്കുന്നത് വലിയ ചര്‍ച്ചയായിരുന്നു. ഹാം ടൈം ബ്രേക്കില്‍ ഇരുവരും ടണലിലൂടെ നടക്കുമ്പോള്‍ ക്യാമറ പെപ്പിനെയും ഹാലണ്ടിനെയും പിന്തുടരുകയായിരുന്നു.
യുവേഫ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വീകരിച്ചതിന് ശേഷം ഹാലണ്ടിനോട് ഇതേപ്പറ്റി ചോദിച്ചപ്പോള്‍ വളരെ രസകരമായാണ് താരം മറുപടി പറഞ്ഞത്. പെപ് ഇടക്ക് ശകാരിക്കാറുണ്ടെന്നും എന്നാല്‍ തനിക്ക് തന്റെ പിതാവിനെയാണ് ഓര്‍മ വരികയെന്നും അദ്ദേഹം തന്നെ ഇതുപോലെ ശകാരിക്കാറുണ്ടെന്നുമാണ് ഹാലണ്ട് പറഞ്ഞത്. തന്റെ നന്മക്ക് വേണ്ടിയാണിതെന്നും അതിനാല്‍ തനിക്ക് പരാതിയില്ലെന്നും ഹാലണ്ട് പറഞ്ഞു.
‘പെപ് ഇടക്ക് പേടിപ്പെടുത്താറുണ്ടെന്ന് എനിക്ക് പറയേണ്ടി വരും. പക്ഷേ എന്റെ അച്ഛനും അതുപോലെയാണ്. എന്തായാലും അതെനിക്ക് ഇഷ്ടമുള്ള കാര്യമാണ്. പെപ് എന്നോട് ആക്രോഷിക്കുന്നതില്‍ എനിക്ക് പരാതിയില്ല. കാരണം എന്റെ തലച്ചോറില്‍ ഇല്ലാത്ത എന്തെങ്കിലും കാര്യം കയറ്റാന്‍ വേണ്ടിയായിരിക്കും അദ്ദേഹം ശ്രമിക്കുന്നത്. (ചിരി)
അതുകൊണ്ട് എനിക്ക് പരാതിയൊന്നുമില്ല. കാരണം, ഞാനൊരു മികച്ച ഫുട്‌ബോളറാകാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്,’ ഹാലണ്ട് പറഞ്ഞു.
അതേസമയം, അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയെയും സിറ്റിയിലെ സഹതാരമായ കെവിന്‍ ഡി ബ്രൂയിനെയും പിന്തള്ളിയാണ് 23കാരനായ നോര്‍വീജിയക്കാരന്‍ യുവേഫയുടെ ഈ വര്‍ഷത്തെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ സീസണില്‍ സിറ്റിക്കായി നടത്തിയ ഗംഭീര പ്രകടനമാണ് താരത്തിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന ഖ്യാതി നേടാന്‍ ഇതിനകം ഹാലണ്ടിന് സാധിച്ചിരുന്നു. 35 മത്സരങ്ങളില്‍ നിന്ന് 36 ഗോളുകളാണ് താരം വലയിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ 52 ഗോളുകളാണ് ഹാലണ്ട് സിറ്റിക്കായി നേടിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, എഫ്.എ കപ്പ്, ചാമ്പ്യന്‍സ് ലീഗ് എന്നിവ നേടുന്നതില്‍ സിറ്റിയില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ ഹാലണ്ടിന് സാധിച്ചിരുന്നു.
Content Highlights: Erling Haaland talking about Pep Guardiola