| Tuesday, 19th November 2024, 8:45 am

വയസ് 24, ഹാട്രിക് 25! 🧘‍♂️ നെയ്മറും ഇബ്രയും നേരത്തെ വീണു, അടുത്ത ഊഴം സുവാരസിന്റേത്

സ്പോര്‍ട്സ് ഡെസ്‌ക്

നേഷന്‍സ് ലീഗില്‍ കസാക്കിസ്ഥാനെതിരായ വിജയത്തിന് പിന്നാലെ ഗ്രൂപ്പ് ബി സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാം സ്ഥാനത്ത് ഇരിപ്പ് തുടരുകയാണ് നോര്‍വേ. കളിച്ച ആറ് മത്സരത്തില്‍ നിന്നും നാല് ജയവും ഓരോ സമനിലയും തോല്‍വിയും നേടിയാണ് നോര്‍വേ ഒന്നാം സ്ഥാനത്ത് തുടരുന്നത്. 15 പോയിന്റാണ് നിലവില്‍ ടീമിനുള്ളത്.

യുല്ലേവല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിനാണ് നോര്‍വേ കസാക്കിസ്ഥാനെ തകര്‍ത്തുവിട്ടത്. സൂപ്പര്‍ താരം എര്‍ലിങ് ഹാലണ്ടിന്റെ ഹാട്രിക്കിന്റെ കരുത്തിലാണ് നോര്‍വേ എതിരാളികളെ പരാജയപ്പെടുത്തിയത്.

മത്സരത്തിന്റെ 23, 37, 71 മിനിട്ടുകളിലായിരുന്നു ഹാലണ്ടിന്റെ ഗോളുകള്‍ പിറന്നത്. അലക്‌സാണ്ടര്‍ സോറോത്തും അന്റോണിയോ നൂസയുമാണ് ടീമിന്റെ മറ്റ് ഗോളുകള്‍ കണ്ടെത്തിയത്.

ഈ ഹാട്രിക്കിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും ഹാലണ്ട് സ്വന്തമാക്കി. കരിയറില്‍ ഏറ്റവുമധികം ഹാട്രിക് നേടിയ താരങ്ങളുടെ പട്ടികയില്‍ ഹാരി കെയ്‌നിനെ മറികടന്ന് അഞ്ചാം സ്ഥാനത്തേക്ക് കയറിയിരിക്കുകയാണ് ഹാലണ്ട്. ഇത് 25ാം തവണയാണ് ഹാലണ്ട് ഹാട്രിക് നേട്ടം സ്വന്തമാക്കുന്നത്.

കരിയറില്‍ ഏറ്റവുമധികം ഹാട്രിക് നേടിയ താരങ്ങള്‍ (ക്ലബ്ബ് + നാഷണല്‍ ടീം)

(താരം – ഹാട്രിക് എന്നീ ക്രമത്തില്‍)

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – 66

ലയണല്‍ മെസി – 59

റോബര്‍ട്ട് ലെവന്‍ഡോസ്‌കി – 33

ലൂയീസ് സുവാരസ് – 30

എര്‍ലിങ് ഹാലണ്ട് – 25

ഹാരി കെയ്ന്‍ – 24

നെയ്മര്‍ ജൂനിയര്‍ – 21

സ്ലാട്ടണ്‍ ഇബ്രഹാമോവിച്ച് – 20

കിലിയന്‍ എംബാപ്പെ – 19

സെര്‍ജിയോ അഗ്വേറോ – 18

നോര്‍വീജിയന്‍ ദേശീയ ടീമിന് വേണ്ടി നാല് ഹാട്രിക് സ്വന്തമാക്കിയ ഹാലണ്ട് തന്റെ നിലവിലെ ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടിയാണ് ഏറ്റവുമധികം ഹാട്രിക് സ്വന്തമാക്കിയത്. 11 എണ്ണം.

ബൊറൂസിയ ഡോര്‍ട്മുണ്ടിനായി നാല് തവണ ഹാട്രിക് നേട്ടം പൂര്‍ത്തിയാക്കിയ ഹാലണ്ട് ആര്‍.ബി ലീപ്‌സീഗിനൊപ്പം അഞ്ച് തവണയും ഹാട്രിക് പൂര്‍ത്തിയാക്കി. മോള്‍ഡേക്ക് വേണ്ടിയാണ് ശേഷിക്കുന്ന ഹാട്രിക് താരം സ്വന്തമാക്കിയത്.

മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പമാണ് താരം അടുത്ത മത്സരത്തിനിറങ്ങുന്നത്. പ്രീമിയര്‍ ലീഗില്‍ ബ്രൈറ്റണോട് ഏറ്റുവാങ്ങിയ ഞെട്ടിക്കുന്ന തോല്‍വിയുടെ അപമാനഭാരം മറികടക്കാനാണ് സിറ്റി കളത്തിലിറങ്ങുന്നത്.

നവംബര്‍ 23ന് സ്വന്തം തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോട്ടന്‍ഹാം ഹോട്‌സ്പറാണ് എതിരാളികള്‍.

പ്രീമിയര്‍ ലീഗില്‍ കളിച്ച 11 മത്സരത്തില്‍ ഏഴ് വിജയവും രണ്ട് വീതം തോല്‍വിയും സമനിലയുമായി 23 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് സിറ്റി. 11 മത്സരത്തില്‍ നിന്നും അഞ്ച് വിജയവുമായി 16 പോയിന്റോടെ സ്പര്‍സ് പത്താമതാണ്.

ഒമ്പത് വിജയവും ഒരോന്ന് വീതം സമനിലയും തോല്‍വിയുമായി 28 പോയിന്റോടെ ലിവര്‍പൂളാണ് ഒന്നാം സ്ഥാനത്തുള്ളത്.

Content highlight: Erling Haaland surpassed Harry Kane in Hattricks

We use cookies to give you the best possible experience. Learn more