Football
മെസിയുടെ റെക്കോഡും കെട്ടിപ്പിടിച്ചിരുന്നോ, ചെക്കന്‍ ഇവിടെ പുതിയ ചരിത്രം കുറിക്കും; ഹാലണ്ടിന്റെ പുതിയ നേട്ടത്തെ പുകഴ്ത്തി ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2023 Mar 18, 06:20 pm
Saturday, 18th March 2023, 11:50 pm

 

യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ രണ്ടാംപാദത്തില്‍ ആര്‍.ബി ലീപ്‌സിഗിനെതിരെ അഞ്ച് ഗോളാണ് ഹാലണ്ട് തൊടുത്തത്. ആദ്യപകുതിയില്‍ത്തന്നെ ഹാട്രിക് പൂര്‍ത്തിയാക്കിയ ഹാലണ്ടിനെ കളിയുടെ 63ആം മിനിട്ടില്‍ കോച്ച് തിരിച്ച് വിളിക്കുകയായിരുന്നു. വിഷയത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ് ഗ്വാര്‍ഡിയോളക്ക് നേരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ചാമ്പ്യന്‍സ് ലീഗില്‍ അഞ്ച് ഗോളുകള്‍ നേടിയ മുന്‍ ബാഴ്സലോണ താരം ലയണല്‍ മെസിയുടെ റെക്കോഡ് സംരക്ഷിക്കാനാണ് ആണ് പെപ് ഹാലണ്ടിനെ സബ്സ്റ്റിറ്റിയൂട് ചെയ്തതെന്നായിരുന്നു ആരാധകരുടെ വിമര്‍ശനം.

രണ്ടാമത്തെ ഹാട്രിക്കിലേക്ക് അടുക്കവേ ഹാലണ്ടിനെ തിരിച്ച് വിളിച്ചതിനെ ചോദ്യം ചെയ്തവരോട് താരത്തിന്റെ പ്രായം മാനിച്ചാണ് താന്‍ അങ്ങനെ ചെയ്തതെന്നും ഈ പ്രായത്തില്‍ തന്നെ വലിയ റെക്കോഡുകള്‍ പേരിലാക്കിയാല്‍ പിന്നീട് കളി മടുത്തുപോകുമെന്നുമാണ് പെപ് വിശദീകരണം നല്‍കിയത്.

എന്നാല്‍ ആരൊക്കെ തടഞ്ഞാലും സ്‌കോര്‍ ചെയ്യുന്നതില്‍ നിന്ന് പിന്‍വാങ്ങില്ലെന്നുറപ്പിച്ച് ഇറങ്ങിയിരിക്കുകയാണ് നോര്‍വെയുടെ ഈ ഗോളടി യന്ത്രം.

എഫ്.എ കപ്പില്‍ ബേണ്‍ലിക്കെതിരായ മത്സരത്തില്‍ മറ്റൊരു ഹാട്രിക്ക് കൂടി പേരിലാക്കിയിരിക്കുകയാണ് ഹാലണ്ട്. എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ് സിറ്റിയുടെ ജയം. ഇതോടെ എട്ട് ദിവസങ്ങള്‍ക്കിടയില്‍ ഒന്‍പത് ഗോളുകളാണ് ഹാലണ്ട് അടിച്ച് കൂട്ടിയിരിക്കുന്നത്.

ഈ സീസണില്‍ ഇത് ആറാമത്തെ ഹാട്രിക്ക് ആണ് താരം മാഞ്ചസ്റ്റര്‍ സിറ്റി കുപ്പായത്തില്‍ സ്വന്തമാക്കുന്നത്. ഈ സീസണില്‍ മാത്രം 42 ഗോളുകള്‍ നേടിയ ഹാലണ്ടിനെ പ്രശംസിച്ച് നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്.

Content Highlights: Erling Haaland scores another hatrick in this season against Burnley