പ്രീമിയർ ലീഗ് മത്സരത്തില് മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. ഫുൾഹാമിനെതിരെ 2-1നാണ് സിറ്റി ജയിച്ചത്. ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഫുൾഹാമിനായി ആൻഡ്രിയസ് പെരേര സ്‌കോർ ചെയ്തപ്പോൾ മാഞ്ചസ്റ്റർ സിറ്റിക്കായി ജൂലിയൻ അൽവാരസും എർലിങ് ഹാലൻണ്ടും ഓരോഗോളുകൾ വീതം നേടി.
മത്സരത്തിന്റെ 16ാം മിനിട്ടിൽ ജൂലിയൻ ആൽവരെസിന്റെ ഗോളിലൂടെ മാഞ്ചസ്റ്റർ സിറ്റി എഫ്.സി. ലീഡ് നേടി.
എന്നാൽ 26ാം മിനിട്ടിൽ ബോക്‌സിനുള്ളിൽ വെച്ച് ഫുൾഹാമിന്റെ വിൽസണിനെ ഫൗൾ ചെയ്തതിന് ജാവൊ കാൻസെലൊക്ക് ചുവപ്പ് കാർഡും മാഞ്ചസ്റ്റർ സിറ്റി എഫ്.സിക്കെതിരെ റഫറി പെനാൽട്ടിയും വിധിക്കുകയായിരുന്നു.
കിക്ക് എടുത്ത ആൻഡ്രിയസ് പെരേര പന്ത് വലയിൽ നിക്ഷേപിച്ചു. തുടർന്ന് മത്സരം സമനിലയിലേക്ക് പോയി.
മത്സരം അവസാനിച്ചെന്ന് കരുതിയ ഇടത്തേക്കാണ് രക്ഷകനായി ഹാലണ്ടെത്തിയത്. ഇഞ്ച്വറി ടൈമിലാണ് ഫുൾഹാമിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി വിജയ ഗോൾ നേടിയത്.
കളി 94 മിനിട്ടും 33 സെക്കൻഡും ആയപ്പോഴായിരുന്നു എർലിങ് ഹാലണ്ട് പെനാൽട്ടി ഗോളെടുത്തത്. താരത്തിന്റെ അവസാന നിമിഷ ഗോൾ കൃത്യമായി വലയിൽ ചെന്ന് പതിക്കുകയായിരുന്നു.
ഈ ജയത്തോടെ 13 കളികളിൽ നിന്ന് 10 ജയവും രണ്ട് സമനിലയും ഒരു തോൽവിയുമടക്കം 32 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി പട്ടികയിൽ ഒന്നാമതെത്തി. മാഞ്ചസ്റ്റർ സിറ്റിക്കെതിരായ തോൽവിക്ക് ശേഷം 14 മത്സരങ്ങളിൽ നിന്ന് 19 പോയിന്റുമായി ഫുൾഹാം എട്ടാം സ്ഥാനത്താണ്.
Content Highlights: Erling Haaland’s late penalty secured all three points over Fulham