ലോകത്തിലെ ഏറ്റവും മൂല്യമുള്ള താരമായി അവന്‍ മാറും; മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍താരത്തെ പുകഴ്ത്തി ഏജന്റ്
Football
ലോകത്തിലെ ഏറ്റവും മൂല്യമുള്ള താരമായി അവന്‍ മാറും; മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍താരത്തെ പുകഴ്ത്തി ഏജന്റ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 10th May 2023, 10:15 am

ആധുനിക ഫുട്ബോളില്‍ ലയണല്‍ മെസി-ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫാന്‍ ഡിബേറ്റിന് ശേഷം ഉയര്‍ന്നുകേള്‍ക്കുന്നത് കിലിയന്‍ എംബാപ്പെ, എര്‍ലിങ് ഹാലണ്ട് എന്നിവരുടെ പേരുകളാണ്. പി.എസ്.ജിക്കായി എംബാപ്പെയും മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഹാലണ്ടും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.

ഈ സീസണില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ ചെയ്യുന്ന താരമാണ് സിറ്റിയുടെ ഗോളടി യന്ത്രമായ ഹാലണ്ട്. ജര്‍മന്‍ ബുണ്ടസ് ലിഗ ഫുട്ബോള്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് കഴിഞ്ഞ സമ്മര്‍ സീസണിലാണ് താരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കെത്തിയത്.

സിറ്റിക്കായി ഇതിനകം 35 പ്രീമിയര്‍ ലീഗ് ഗോളുകളും 12 ചാമ്പ്യന്‍സ് ലീഗ് ഗോളുകളും നേടിയ താരം ഫുട്‌ബോളില്‍ മികച്ച ചുവടുവെപ്പുകളാണ് നടത്തുന്നത്. നിരവധിയാളുകളാണ് ഈ യുവതാരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ഹാലണ്ടിന്റെ ഏജന്റായ റഫേല പിമന്റ താരത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണിപ്പോള്‍. ഫുട്‌ബോള്‍ ചരിത്രത്തില്‍ തന്നെ ആദ്യമായി ഒരു മില്യണ്‍ പൗണ്ട് വേതനം വാങ്ങുന്ന താരമായി ഹാലണ്ട് മാറുമെന്നാണ് അവര്‍ പറഞ്ഞത്. സ്‌കൈ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പിമന്റ.

‘ഹാലണ്ടിന് ഫുട്‌ബോളിലുള്ള മൂല്യവും ഇമേജിലുള്ള മൂല്യവും സ്‌പോണ്‍സര്‍ മൂല്യവും പരിഗണിക്കുമ്പോള്‍ തീര്‍ച്ചയായും ഒരു ബില്യണ്‍ പൗണ്ട് വരും. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഹാലണ്ടിനെ എംബാപ്പെയുമായി താരതമ്യം ചെയ്ത് നോക്കാം. അപ്പോള്‍ തന്നെ മാര്‍ക്കറ്റിങ് മനസിലാക്കാനാകും.
ഞാന്‍ മനസിലാക്കുന്നത് ഹാലണ്ടാണ് ഏറ്റവും കൂടുതല്‍ വേതനം വാങ്ങാന്‍ അര്‍ഹനായ താരം എന്നാണ്,’ റഫേല വ്യക്തമാക്കി.

അതേസമയം, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറുന്നത് വരെ ക്ലബ്ബ് ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ വേതനം വാങ്ങുന്ന താരം കിലിയന്‍ എംബാപ്പെയായിരുന്നു. ബോണസ് കൂടാതെ ഏഴ് മില്യണ്‍ യൂറോയാണ് പി.എസ്.ജിയില്‍ താരത്തിന്റെ മൂല്യം. പ്രതിമാസം 16 മില്യണ്‍ യൂറോക്കാണ് (ബോണസ് കൂടാതെ) റൊണാള്‍ഡോയെ അല്‍ നസര്‍ സൈന്‍ ചെയ്തിരിക്കുന്നത്.

അതേസമയം, യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബുധനാഴ്ച്ച രാത്രി നടന്ന സെമി ഫൈനല്‍ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും റയല്‍ മാഡ്രിഡും ഏറ്റുമുട്ടിയിരുന്നു. വാശിയേറിയ മത്സരത്തില്‍ ഇരുടീമുകളും 1-1 ന്റെ സമനില വഴങ്ങുകയായിരുന്നു.

മത്സരത്തിന്റെ 36ാം മിനിട്ടില്‍ തകര്‍പ്പന്‍ ഗോളിലൂടെ വിനീഷ്യസ് റയല്‍ മാഡ്രിഡിനായി ലീഡ് നേടിയപ്പോള്‍ മാന്‍ സിറ്റിയുടെ കെവിന്‍ ഡി ബ്രൂയിന്‍ 67ാം മിനിട്ടില്‍ ഗോള്‍ മടക്കി മത്സരം സമനിലയിലാക്കുകയായിരുന്നു. ഇല്‍ക്കെ ഗുണ്ടോവാന്റെ സഹായത്തോടെയാണ് ഡി ബ്രൂയിന്‍ ഗോള്‍ വലയിലെത്തിച്ചത്.

മത്സരത്തിന്റെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഡി ബ്രൂയിനിന്റെ രണ്ട് ഗോള്‍ ശ്രമങ്ങള്‍ കോര്‍ട്ടോ തടഞ്ഞിരുന്നു. തുടര്‍ന്നാണ് 67ാം മിനിട്ടില്‍ സിറ്റിക്കായി ആശ്വാസ ഗോള്‍ നേടുന്നത്. രണ്ടാം പാദത്തിന്റെ അവസാനം വരെ ഇരുടീമുകളും ജയത്തിനായി പൊരുതിയെങ്കിലും ഗോളാക്കാന്‍ ഇരുവര്‍ക്കും സാധിച്ചില്ല.

78ാം മിനിട്ടില്‍ ടോണി ക്രൂസിന്റെ ഫ്രീ കിക്കില്‍ നിന്നുള്ള ബെന്‍സെമയുടെ ഹെഡര്‍ എഡേഴ്സണ്‍ തടഞ്ഞിരുന്നു. അവസാന നിമിഷം ലോസ് ബ്ലാങ്കോസ് അസെന്‍സിയോയെയും ചൗമേനിയെയും കളത്തിലിറക്കിയെങ്കിലും ഫലുണ്ടായില്ല. അന്തിമ വിസിലിന് സെക്കന്‍ഡുകള്‍ ബാക്കി നില്‍ക്കെ ചൗമേനി ഗോള്‍ വലയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മികച്ച സേവിലൂടെ വിഫലമാക്കി.

മെയ് 18ന് ഇത്തിഹാദില്‍ വെച്ചാണ് സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരം. മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിക്കാനായാല്‍ മാത്രമെ റയല്‍ മാഡ്രിഡിന് ഫൈനലില്‍ ഇടം നേടാനാകൂ.

Content Highlights: Erling Haaland’s agent praises him