| Friday, 26th May 2023, 1:11 pm

'കാല്‍പന്തുകളി ഇനി എംബാപ്പെ അടക്കിവാഴും'; ആരാധകരെ അമ്പരപ്പിച്ച് ഹാലണ്ടിന്റെ വാചകങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

സമകാലിക ഫുട്‌ബോള്‍ ലോകത്തെ രണ്ട് മികച്ച യുവതാരങ്ങളാണ് ഫ്രഞ്ച് സൂപ്പര്‍ താരം എംബാപ്പെയും നോര്‍വീജിയന്‍ യുവതാരം എര്‍ലിങ് ഹാലണ്ടും. കരിയറിന്റെ തുടക്കത്തില്‍ തന്നെ പ്രതിഭയും കഠിനാധ്വാനവും കൊണ്ട് ആരാധകരെ സ്വന്തമാക്കാനും നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കാനും ഇരു താരങ്ങള്‍ക്കും കഴിഞ്ഞു.

ഭാവിയില്‍ മികച്ച താരം ആരെന്നുള്ള ചോദ്യത്തില്‍ പരസ്പരം മത്സരിക്കുക എംബാപ്പെയും ഹാലണ്ടുമായിരിക്കുമെന്നാണ് ഫുട്‌ബോള്‍ വിദഗ്ധര്‍ വിലയിരുത്തുന്നത്.

എന്നാലിപ്പോള്‍ എംബാപ്പെയെ പറ്റിയുള്ള തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഹാലണ്ട്. എംബാപ്പെ മികച്ച താരമാണെന്നും അടുത്ത പതിറ്റാണ്ട് എംബാപ്പെ യുഗമായിരിക്കുമെന്നുമാണ് ഹാലണ്ട് അഭിപ്രായപ്പെട്ടിരിക്കുന്നത്. കാനല്‍ പ്ലസിനോട് സംസാരിക്കവെയായിരുന്നു എംബാപ്പെയെ പറ്റിയുള്ള തന്റെ അഭിപ്രായങ്ങള്‍ ഹാലണ്ട് തുറന്ന് പറഞ്ഞത്.

‘എംബാപ്പെ വളരെ വേഗതയുള്ള പ്ലെയറാണ്. അദ്ദേഹം കാലങ്ങളായി തന്റെ പ്രതിഭ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടുന്നു. അദ്ദേഹം എന്നെക്കാള്‍ രണ്ട് വയസ് മാത്രം മുതിര്‍ന്നതാണ്. എങ്കിലും ലോക ഫുട്‌ബോളില്‍ എംബാപ്പെ എവിടെയെത്തിയിരിക്കുന്നെന്ന് നോക്കൂ.

അടുത്ത ഒരു പതിറ്റാണ്ട് ലോകഫുട്‌ബോള്‍ എംബാപ്പെ അടക്കി വാഴുമെന്നത് തീര്‍ച്ചയാണ്. വിവരിക്കാനാകാത്ത വിധം പ്രതിഭാധനനായ കളിക്കാരനാണയാള്‍,’ ഹാലണ്ട് പറഞ്ഞു.

ഈ സീസണില്‍ പി.എസ്.ജിക്കായി എംബാപ്പെ 34 ഗോളുകള്‍ അക്കൗണ്ടിലാക്കിയപ്പോള്‍ 52 ഗോളുകളാണ് മാന്‍ സിറ്റിയുടെ ജേഴ്‌സിയില്‍ ഹാലണ്ടിന്റെ സമ്പാദ്യം. ഇരുതാരങ്ങളെയും നോട്ടമിട്ട് നിരവധി ക്ലബ്ബുകള്‍ രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2025 വരെയാണ് പി.എസ്.ജിയില്‍ എംബാപ്പെക്ക് കരാറുള്ളത്. അതിനുശേഷം മാത്രമെ താരം ക്ലബ്ബ് വിടുകയുള്ളൂവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം, മാന്‍ സിറ്റിയുടെ ഗോളടി യന്ത്രമായ ഹാലണ്ടിനെ അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ നിലനിര്‍ത്താനാണ് മാനേജ്‌മെന്റ് പദ്ധതിയിടുന്നതെന്നും അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

Content Highlights: Erling Haaland praises Kylian Mbappe

We use cookies to give you the best possible experience. Learn more