ലയണല്‍ മെസി-ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഫാന്‍ ഡിബേറ്റുകള്‍ക്ക് ശേഷം ഫുട്‌ബോള്‍ ആരാധകര്‍ ദി ഗ്രേറ്റസ്റ്റ് എന്ന് വാഴ്ത്തപ്പെടാന്‍ പോകുന്ന താരങ്ങളാണ് എര്‍ലിങ് ഹാലണ്ടും കിലിയന്‍ എംബാപ്പെയും.
ചുരുങ്ങിയ കാലം കൊണ്ടുതന്നെ യൂറോപ്പിലെ ഫുട്ബോള്‍ ആരാധകരെ അമ്പരപ്പിച്ച പ്രകടനമായിരുന്നു ഇരുവരും നടത്തിയത്. മെസിക്കും നെയ്മറിനുമൊപ്പം എംബാപ്പെ പി.എസ്.ജിയില്‍ മികച്ച പ്രകടനം തുടരുമ്പോള്‍, മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഗോളടിച്ചുകൂട്ടുകയാണ് ഹാലണ്ട്.
ഇപ്പോള്‍ എംബാപ്പെയെ കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് ഹാലണ്ട്. എംബാപ്പെ പ്രഗത്ഭനായ കളിക്കാരനാണെന്നും അദ്ദേഹം നോര്‍വേക്ക് വേണ്ടി കളിക്കുന്നത് കാണാന്‍ ആഗ്രഹമുണ്ടെന്നും ഹാലണ്ട് പറഞ്ഞു. ആര്‍.എം.സി സ്‌പോര്‍ട്ടിനോട് സംസാരിക്കുകയായിരുന്നു താരം.
”ഇവിടെ ഒത്തിരി മികച്ച താരങ്ങളുണ്ട്. അതിലൊരാളാണ് ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ. അദ്ദേഹം വളരെ ശക്തനാണ്.
എംബാപ്പെ ഫ്രാന്‍സിന് വേണ്ടി കളിക്കുന്നതിനാല്‍ ഫ്രഞ്ചുകാര്‍ വളരെ സന്തോഷത്തിലാണ്. അദ്ദേഹം നോര്‍വേക്ക് വേണ്ടി കളിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. അതെ, എംബാപ്പെ പ്രഗത്ഭനായ കളിക്കാരനാണ്.
എന്നെക്കാള്‍ രണ്ട് വയസിന് മുതിര്‍ന്ന താരമാണ് അദ്ദേഹം. എങ്കിലും ലോക ഫുട്‌ബോളില്‍ എംബാപ്പെ എവിടെയെത്തിയിരിക്കുന്നെന്ന് നോക്കൂ.
അടുത്ത ഒരു പതിറ്റാണ്ട് ലോകഫുട്‌ബോളില്‍ എംബാപ്പെ തിളങ്ങുമെന്ന് തീര്‍ച്ചയാണ്. വിവരിക്കാനാകാത്ത വിധം പ്രതിഭാധനനായ കളിക്കാരനാണയാള്‍,’ ഹാലണ്ട് പറഞ്ഞു.
പി.എസ്.ജിക്കായി ഈ സീസണില്‍ ഇതുവരെ 28 മത്സരങ്ങളില്‍ നിന്നും 27 ഗോളുകളും ആറ് അസിസ്റ്റുകളുമാണ് എംബാപ്പെയുടെ സമ്പാദ്യം.
ഹാലണ്ട് സിറ്റിക്കായി ഈ സീസണില്‍ ഇതുവരെ 31 മത്സരങ്ങളില്‍ നിന്നും 32 ഗോളും നാല് അസിസ്റ്റുകളും സ്വന്തമാക്കി.
പി.എസ്.ജിയില്‍ നിന്നും സ്പാനിഷ് വമ്പന്‍മാരായ റയല്‍ എംബാപ്പെയെ റാഞ്ചാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
കുറച്ച് നാളുകള്‍ തുടര്‍ച്ചയായി ഫോമൗട്ടായ ഹാലണ്ടിനെതിരെ സിറ്റിയില്‍ നിന്നും അടുത്തിടെയായി വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു.
അതേസമയം ലീഗ് വണ്ണില്‍ 24 മത്സരങ്ങളില്‍ നിന്നും 18 വിജയങ്ങളുമായി 57 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി. ഫെബ്രുവരി 27ന് ചിരവൈരികളായ മാഴ്‌സക്കെതിരെയുള്ള ഡെര്‍ബി മത്സരമാണ് പി.എസ്.ജിക്ക് അടുത്തതായി കളിക്കാനുള്ളത്.