|

ക്രിസ്റ്റ്യാനോയെ പൊളിക്കാന്‍ ഇവനുണ്ട്; പക്ഷേ അതിന് മെസി ചാവണമെന്ന് ഫാന്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

പ്രീമിയര്‍ ലീഗ് താരമായിരിക്കെ ബാലണ്‍ ഡി ഓര്‍ അവസാനമായി നേടിയത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയായിരുന്നു. 2008ലാണ് അവസാനമായി ഒരു പ്രീമിയര്‍ ലീഗ് താരം ലോകത്തെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോളില്‍ മുത്തമിട്ടത്.

പോര്‍ച്ചുഗീസ് ഇതിഹാസ താരത്തിന്റെ കരിയറിലെ തന്നെ ആദ്യ ബാലണ്‍ ഡി ഓര്‍ നേട്ടമായിരുന്നു അത്. ഇക്കുറി മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഒരു നീലക്കുപ്പായക്കാരന്‍ ഈ ട്രോഫിയില്‍ മുത്തമിട്ടാലും ആരും അത്ഭുതപ്പെടേണ്ടതില്ല. ക്രിസ്റ്റ്യാനോയുടെ ഒരു കടുത്ത ആരാധകന്‍ കൂടിയായ ഹാലണ്ടിന്, ആരാധ്യ പുരുഷന്റെ റെക്കോഡ് തകര്‍ക്കാനാകുമെന്നാണ് സോക്കര്‍ ലോകം വിലയിരുത്തുന്നത്.

സിറ്റിക്കായി 35 പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരത്തിന്റെ അസാധാരണ പ്രകടനമാണ്. 35 മത്സരങ്ങളില്‍ നിന്നായി 35 ഗോളുകളും എട്ട് അസിസ്റ്റുകളുമാണ് നോര്‍വീജിയന്‍ താരം സ്വന്തമാക്കിയത്.

ഇടം കാലുകള്‍ കൊണ്ട് 23ഉം വലം കാലുകള്‍ കൊണ്ട് ആറും ഹെഡ്ഡറിലൂടെ ഏഴും ഗോളുകളാണ് താരം നേടിയത്. ഏഴ് പെനാല്‍റ്റികളും ഇതിലുള്‍പ്പെടും. 120 ഷോട്ടുകള്‍ താരം ഉതിര്‍ത്തപ്പോള്‍ അതില്‍ അറുപതും ഷോട്ട് ഓണ്‍ ടാര്‍ഗറ്റായിരുന്നു.

മറുവശത്ത് 22കാരനായ ഹാലണ്ടിന്റെ സ്വപ്‌നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്താന്‍ സാക്ഷാല്‍ ലയണല്‍ മെസിയുണ്ട്. ലോകകപ്പും ഗോള്‍ഡന്‍ ബൂട്ടും നേടി വരുന്ന മെസിയെ മറികടക്കാന്‍ സിറ്റിയുടെ ഗോള്‍ മെഷീനിന് കഴിയില്ലെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. അങ്ങനെയെങ്കില്‍ റൊണാള്‍ഡോയുടെ പ്രീമിയര്‍ ലീഗ് റെക്കോര്‍ഡിന് ആയുസ് കൂടുമെന്ന് ചുരുക്കം.

റൊണോയുടെ ലെഗസി കാക്കാന്‍ മെസിക്കേ കഴിയൂ എന്നതിനാല്‍, ഇക്കാര്യത്തില്‍ മെസി-റോണോ ഫാന്‍സ് ഒറ്റക്കെട്ടാണ്. ക്രിസ്റ്റ്യാനോയുടെ ഈ നേട്ടം ഹാലണ്ട് പൊളിക്കണമെങ്കില്‍ മെസി ചാവണമെന്നാണ് ചില കട്ട മെസി ഫാന്‍സ് തമാശരൂപേണ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്.

Content Highlights: erling haaland on verge of breaking cristiano record in premier league