കഴിഞ്ഞ കുറച്ചു സീസണിലായി സ്‌ട്രൈക്കര്‍മാരില്ലാതെയാണ് മാഞ്ചസ്റ്റര്‍ സിറ്റി ഒരുപാട് കളിയിലിറങ്ങിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായി കിരീടങ്ങള്‍ സ്വന്തമാക്കിയപ്പോഴും ചാമ്പ്യന്‍സ് ലീഗില്‍ വലിയ ഇംപാക്റ്റ് ഉണ്ടാക്കാന്‍ പെപ് ഗ്വാര്‍ഡിയോളയുടെ ടീമിന് സാധിച്ചില്ല.
എന്നാല്‍ ഇത്തവണ രണ്ടും കല്‍പ്പിച്ചുകൊണ്ട് ടീമിനെ മികച്ച നിലയിലേക്കെത്തിക്കാനാണ് ഗ്വാര്‍ഡിയോള ശ്രമിക്കുന്നത്. ഇതിഹാസ താരമായ അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ കുന്‍ അഗ്വൂറോയ്ക്ക് ശേഷം മികച്ച സ്‌ട്രൈക്കര്‍മാരെ ലക്ഷ്യമിട്ട ടീമിലേക്കാണ് ഹാളണ്ടിന്റെ കടന്നുവരവ്. എന്നാല്‍ അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിച്ച തുടക്കമല്ല ടീമിന് ലഭിച്ചത്.
ബോറൂസിയ ഡോര്‍ട്ട്മുണ്ടില്‍ ഗോളടിക്ക് പേരുകേട്ട ഹാളണ്ട് മാഞ്ചസ്റ്ററിനായി ഇറങ്ങിയ ആദ്യ മത്സരത്തില്‍ ഒരുപാട് അവസരങ്ങളാണ് നഷ്ടപ്പെടുത്തിയത്. എന്നാല്‍ അദ്ദേഹം അവസരം നഷ്ടപ്പെടുത്തിയതില്‍ നിരാശയില്ലെന്നാണ് ടീമിന്റെ കോച്ചായ പെപ് ഗ്വാര്‍ഡിയോളക്ക് പറയാനുള്ളത്.
കമ്മ്യൂണിറ്റി ഷീല്‍ഡ് കിരീടത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ ലിവര്‍പൂളിനെതിരെയാണ് ഹാളണ്ട് അവസരങ്ങള്‍ നഷ്ടപെടുത്തിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോറ്റ് സീസണിലെ ആദ്യകിരീടം നേടാനുണ്ടായിരുന്ന അവസരം ലിവര്‍പൂളിനു മുന്നില്‍ അടിയറവു വെച്ചതിന് ശേഷം സംസാരിക്കുമ്പോഴായിരുന്നു ഹാളണ്ടിന്റെ കാര്യത്തില്‍ നിരാശയില്ലെന്ന് അദ്ദേഹം പറഞ്ഞത്.
ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്നും ടീമിലെത്തിച്ച സൂപ്പര്‍ സ്ട്രൈക്കര്‍ ഹാളണ്ട് മത്സരത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ ഉണ്ടായിരുന്നെങ്കിലും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനു പുറമെ അവസാന മിനുട്ടില്‍ ലഭിച്ച തുറന്ന അവസരമടക്കം നിരവധി അവസരങ്ങള്‍ താരത്തിന് മുതലാക്കാന്‍ കഴിയാതെ വരികയും ചെയ്തു.
‘ഹാളണ്ടിന് അവസരങ്ങള്‍ ഉണ്ടായിരുന്നു. രണ്ടോ മൂന്നോ എണ്ണം ആദ്യപകുതിയില്‍ ലഭിച്ചു, ഒരെണ്ണം അവസാനവും. അവന്‍ പൊരുതി, മികച്ച നീക്കങ്ങള്‍ നടത്തി. പ്രീമിയര്‍ ലീഗിന്റെ യാഥാര്‍ത്ഥ്യം താരം മനസിലാക്കിയത് നല്ലതാണ്. അവന്‍ മത്സരത്തില്‍ നല്ല രീതിയില്‍ കളിച്ചിരുന്നു. എന്നാല്‍ ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. അടുത്ത ദിവസം അതിന് സാധിക്കും.
എനിക്ക് ആശങ്കകള്‍ ഒന്നും തന്നെയില്ല. ഹാളണ്ടിന് നിലവാരമുണ്ട്. അസാധാരണമായ കഴിവുമുണ്ട്. ഞങ്ങള്‍ക്ക് രണ്ടാഴ്ച മാത്രമാണിപ്പോള്‍ ലഭിച്ചത്, ടീം അമേരിക്കയില്‍ മികച്ചു നിന്നിരുന്നു. ഞാന്‍ സ്വസ്ഥനാണ്, സീസണ്‍ ആരംഭിച്ചിരിക്കുന്നു,’ പെപ് ഗ്വാര്‍ഡിയോള പറഞ്ഞു.
ട്രെന്റ് അലക്സാണ്ടര്‍ അര്‍ണോള്‍ഡ്, മുഹമ്മദ് സല, ഡാര്‍വിന്‍ നുനസ് എന്നിവര്‍ ലിവര്‍പൂളിന്റെ ഗോളുകള്‍ നേടിയപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ആശ്വാസഗോള്‍ അര്‍ജന്റൈന്‍ താരം ജൂലിയന്‍ അല്‍വാരസിന്റെ വകയായിരുന്നു.
Content Highlights: Erling Haaland Missed lot of chances