ഫുട്‌ബോളിലെ ഏറ്റവും പുതിയ സെന്‍സേഷന്‍ എര്‍ലിങ് ഹാലണ്ടിനെ കുറിച്ച് പല കഥകളാണ് ഇക്കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവരുന്നത്. ഹാലണ്ട് ഒന്ന് പോകാന്‍ കാത്തിരിക്കുകയായിരുന്നു തോന്നുന്നു മുന്‍ ക്ലബ്ബായ ഡോര്‍ട്മുണ്ട്. ഉള്ളില്‍ അടക്കിവെച്ചതെല്ലാം ഇപ്പോള്‍ പുറത്തുവരുന്നുണ്ട്.
സൂപ്പര്‍താരത്തെ കൊണ്ട് വല്ലാത്ത തലവേദനയായിരുന്നുവെന്നാണ് ഡോര്‍ട്മുണ്ടിലെ പലരും വെളിപ്പെടുത്തുന്നത്. ഹാലണ്ടിനെ എങ്ങനെയും ഒഴിവാക്കാനാണ് ഇവര്‍ കാത്തിരുന്നതെന്നും ഈ വാക്കുകളില്‍ കാണാം.
2019ല്‍ ആര്‍.ബി. സാല്‍സ്ബര്‍ഗില്‍ നിന്നുമാണ് ഡോര്‍ട്മുണ്ടിലേക്ക് താരമെത്തുന്നത്. ഡോര്‍ട്മുണ്ടിന്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളെന്ന് പേരെടുത്ത ഹാലണ്ട് ക്ലബ്ബിന് വേണ്ടി 86 ഗോളുകള്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്.
പക്ഷെ കളിക്കളത്തില്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഡ്രസിങ് റൂമിലും മൊത്തത്തില്‍ ടീമിലും താരത്തിനോട് കടുത്ത അസ്വാരസ്യം നിലനിന്നിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ സെബാസ്റ്റ്യന്‍ ഖേലിന്റെ വാക്കുകളാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ക്ക് ആധാരം.
‘ഹാലണ്ടിനെയും അവന്‍ ഡോര്‍ട്മുണ്ടിനൊപ്പം നിന്നുകൊണ്ട് നേടിയ വിജയങ്ങളെയും ഞങ്ങള്‍ എന്നും അഭിനന്ദിച്ചിട്ടുണ്ട്. പക്ഷെ, അവസാനമായപ്പോഴേക്കും ഡ്രസിങ് റൂമിലും മൊത്തം ക്ലബ്ബിലും ഹാലണ്ടിനെ കൊണ്ട് തലവേദനയായിരുന്നു.
ഈ സീസണില്‍ ഡോര്‍ട്മുണ്ട് സ്‌കോര്‍ ചെയ്ത പത്ത് ഗോളുകളും ഹാലണ്ടുള്ള സമയത്ത് ഞങ്ങള്‍ നേരിട്ട ഈ പ്രശ്‌നമെന്താണെന്ന് വ്യക്തമാക്കുന്നുണ്ട്. അതായത് ആ പത്ത് ഗോളുകളും പത്ത് പേരില്‍ നിന്നായിരുന്നു. ഹാലണ്ട് ഉണ്ടായിരുന്നപ്പോള്‍ പ്രത്യേകിച്ച് അവസാന സമയത്ത്, അവനെ ചുറ്റിപ്പറ്റിയായി എല്ലാം. കറക്ട് സമയത്താണ് അവനെ സിറ്റിയെടുത്തത്. ഞങ്ങള്‍ക്കും അവര്‍ക്കും അത് ഗുണമായി.
അവന്റെ ട്രാന്‍സ്ഫറിന്റെ കാര്യത്തില്‍ നേരത്തെ തന്നെ ഒരു തീരുമാനമായിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് കുറച്ചു കൂടി നന്നായി ഇപ്പോഴത്തെ മത്സരങ്ങള്‍ക്ക് വേണ്ടി തയ്യാറാകാമായിരുന്നു. അവന്‍ പോയതോടെ മറ്റെല്ലാ കളിക്കാരിലും ഒരുപോലെ വിശ്വാസമര്‍പ്പിച്ച് മുന്നോട്ടുപോകാന്‍ ഞങ്ങള്‍ക്കാകുന്നുണ്ട്,’ സെബാസ്റ്റ്യന്‍ ഖേല്‍ പറഞ്ഞു.
ഇക്കഴിഞ്ഞ സമ്മറിലാണ് ഡോര്‍ട്മുണ്ടില്‍ നിന്നും മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ഹാര്‍ലണ്ട് എത്തുന്നത്. 51 മില്യണ്‍ പൗണ്ടിനായിരുന്നു നോര്‍വീജിയന്‍ യുവതാരത്തെ സിറ്റി സ്വന്തമാക്കിയത്.
വന്ന് കുറച്ച് നാളുകള്‍ക്കുള്ളില്‍ തന്നെ താന്‍ ടീമിനൊരു മുതല്‍ക്കൂട്ടായിരിക്കുമെന്ന് ഹാലണ്ട് തെളിയിച്ചിട്ടുണ്ട്. പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലുമായി കളിച്ച ഏഴ് കളികളില്‍ നിന്ന് 12 ഗോളുകള്‍ ഹാലണ്ട് ഇപ്പോഴേ നേടിക്കഴിഞ്ഞു.
പക്ഷെ ഡോര്‍ട്മുണ്ട് നേരിട്ട അതേ പ്രശ്‌നങ്ങള്‍ ഇനി സിറ്റിയിലുമുണ്ടാകുമോയെന്ന ആശങ്കയിലാണ് ആരാധകർ. എന്നാല്‍ പെപ് ഗ്വാര്‍ഡിയോള കോച്ചായിരിക്കുന്നിടത്തോളം അങ്ങനെ സംഭവിക്കില്ലെന്ന് വിശ്വാസവും ആരാധകര്‍ പ്രകടിപ്പിക്കുന്നുണ്ട്.
Content Highlight: Erling Haaland is branded a ‘BURDEN’ by Borussia Dortmund sporting director Sebastian Kehl