കഴിഞ്ഞ ദിവസം മികച്ച പ്രകടനമാണ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി കാഴ്ച വെച്ചത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വോള്‍വ്‌സിനെ തോല്‍പ്പിക്കാന്‍ സിറ്റിക്ക് സാധിച്ചു. മത്സരത്തില്‍ ഹാട്രിക് നേടി മാഞ്ചസ്റ്റര്‍ സിറ്റിയെ വിജയത്തിലേക്ക് നയിച്ചത് സൂപ്പര്‍താരം എര്‍ലിങ് ഹാലണ്ട് ആയിരുന്നു.
കളിയുടെ 40ാം മിനിട്ടില്‍ ഡി ബ്രൂയിന്റെ അസിസ്റ്റിലാണ് ഹാലണ്ടിന്റെ ആദ്യ ഗോള്‍ പിറന്നത്. തുടര്‍ന്ന 50ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെയും 54ാം മിനിട്ടില്‍ മഹ്‌റസിന്റെ അസിസ്റ്റിലൂടെയും താരം ഗോളുകള്‍ നേടി.
ഇതിനകം 19 ലീഗ് മത്സരങ്ങളില്‍ നിന്ന് 25 ഗോളുകളാണ് ഹാലണ്ട് അടിച്ചുകൂട്ടിയത്. ലീഗില്‍ ഇനിയും 18 മത്സരങ്ങള്‍ അവശേഷിക്കുന്നുണ്ട്.
ഹാലണ്ടിന്റെ ഈ മുന്നേറ്റം മെസിയുടെ ആര്‍ക്കും തകര്‍ക്കാന്‍ പറ്റാത്ത റെക്കോഡ് എന്നറിയപ്പെടുന്ന ഒരു കലണ്ടര്‍ വര്‍ഷത്തെ 91 ഗോളുകള്‍ എന്ന നേട്ടം മറികടക്കുമെന്നാണ് ഫുട്‌ബോള്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഒരു സീസണില്‍ ടോപ്പ് ഫൈവ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ് മെസി. 2011-12 സീസണില്‍ ബാഴ്‌സക്ക് വേണ്ടി ലീഗില്‍ 37 മത്സരങ്ങള്‍ കളിച്ച മെസി 50 ഗോളുകളാണ് അക്കൗണ്ടിലാക്കിയിരുന്നത്. എന്നാല്‍ ഹാലണ്ട് ഈ ഫോം തുടരുകയാണെങ്കില്‍ മെസിയുടെ റെക്കോഡുകള്‍ തകര്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
അതേസമയം ഹാലണ്ടാണ് അടുത്ത തലമുറയിലെ G.O.A.T എന്ന രീതിയിലും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമാണ്. എംബാപ്പെയും ഹാലണ്ടും തമ്മിലുള്ള പോരാട്ടമായിരിക്കും ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യത എന്നും ആരാധകര്‍ വിലയിരുത്തുന്നു.
നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് സിറ്റി. ആഴ്‌സണല്‍ ആണ് മുന്നിലുള്ളത്. ജനുവരി 28ന് ആഴ്‌സണലുമായാണ് സിറ്റിയുടെ അടുത്ത അങ്കം.
Content Highlights: Erling Haaland is about to break the record of Lionel Messi