ഒറ്റ ഗോള്‍ കൊണ്ടെത്തിച്ചത് റൊണാള്‍ഡോയുടെ 15 വര്‍ഷത്തെ റെക്കോഡിനൊപ്പം; ചരിത്രമെഴുതി സൂപ്പര്‍താരം
Sports News
ഒറ്റ ഗോള്‍ കൊണ്ടെത്തിച്ചത് റൊണാള്‍ഡോയുടെ 15 വര്‍ഷത്തെ റെക്കോഡിനൊപ്പം; ചരിത്രമെഴുതി സൂപ്പര്‍താരം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 23rd September 2024, 10:30 am

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്‌സണലും തമ്മില്‍ വാശിയേറിയ പോരാട്ടമായിരുന്നു നടന്നത്. എന്നാല്‍ മത്സരത്തില്‍ ഇരുവരും രണ്ട് ഗോളുകള്‍ നേടി സമനിലയില്‍ പിരിയുകയായിരുന്നു.

മത്സരത്തില്‍ സിറ്റിക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത് ഏര്‍ലിങ് ഹാലണ്ട് ആയിരുന്നു. ഒമ്പതാം മിനിട്ടിലാണ് താരം ഗോള്‍ നേടിയത്. ആഴ്‌സണലിന് വേണ്ടി റിക്കാര്‍ഡോ കാലിഫിയോരി 22ാം മിനിട്ടില്‍ തിരിച്ചടിക്കുകയും ചെയ്തു.

എന്നാല്‍ 45ാം മിനിട്ടില്‍ ആഴ്‌സണലിന്റെ ഗബ്രിയേല്‍ മഗെല്‍ഹേസ് നേടിയ ഗോളില്‍ സിറ്റിക്കെതിരെ ലീഡ് നേടാനും ആഴ്‌സണലിന് കഴിഞ്ഞു. എന്നാല്‍ നിര്‍ണായകഘട്ടത്തില്‍ 90ാം മിനുട്ടിലെ എക്‌സ്ട്രാ ടൈമില്‍ ജോണ്‍ സ്‌റ്റോണ്‍സിന്റെ മിന്നും പ്രകടനമാണ് സിറ്റിക്ക് രണ്ടാം ഗോള്‍ നേടിക്കൊടുത്തത്.

മത്സരത്തില്‍ ഹാലണ്ട് ഒരു ഗോള്‍ മാത്രമാണ് നേടിയതെങ്കിലും ഒരു തകര്‍പ്പന്‍ നേട്ടത്തില്‍ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഒപ്പമെത്താനാണ് താരത്തിന് സാധിച്ചത്. ഒരു ക്ലബ്ബിന് വേണ്ടി ഏറ്റവും വേഗത്തില്‍ 100 ഗോള്‍ നേടുന്ന താരമെന്ന നേട്ടത്തിലാണ് ഹാലണ്ടിന് റൊണാള്‍ഡോയ്ക്ക് ഒപ്പം എത്തിയത്.

പോര്‍ച്ചുഗീസ് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 2009ല്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിന് വേണ്ടിയാണ് ഈ മിന്നും നേട്ടം സ്വന്തമാക്കിയത്. ആ സീസണില്‍ 105 മത്സരങ്ങളില്‍ നിന്നുമാണ് റൊണാള്‍ഡോ 100 ഗോള്‍ എന്ന നേട്ടത്തിലേക്ക് നടന്നുകയറിയത്.

എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ സിറ്റിക്ക് വേണ്ടി ഗോള്‍ നേടിയതോടെ 105 മത്സരത്തില്‍ നിന്നും 100 ഗോളുകള്‍ നേടുന്ന താരമെന്ന നേട്ടത്തിലെത്താന്‍ ഹാലണ്ടിനും സാധിച്ചിരിക്കുകയാണ്.

 

Content Highlight: Erling Haaland has joined Cristiano Ronaldo’s record