അഞ്ചടിച്ച് നെഞ്ചുവിരിച്ച് ചരിത്രനേട്ടത്തിലേക്ക്; ഹാലണ്ടിന് ലോകറെക്കോഡ്
Football
അഞ്ചടിച്ച് നെഞ്ചുവിരിച്ച് ചരിത്രനേട്ടത്തിലേക്ക്; ഹാലണ്ടിന് ലോകറെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 28th February 2024, 11:11 am

എഫ്.എ കപ്പില്‍ മാഞ്ചസ്റ്റര്‍ തകര്‍പ്പന്‍ വിജയം. ലുട്ടോണ്‍ ടൗണിനെ രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കാണ് സിറ്റി തകര്‍ത്തുവിട്ടത്.

മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി നോര്‍വിജിയന്‍ സൂപ്പര്‍താരം ഏര്‍ലിങ് ഹാലണ്ട് അഞ്ച് ഗോളുകള്‍ നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ ലുട്ടോണ്‍ ടൗണ്‍ തകര്‍ന്നടിയുകയായിരുന്നു.

മത്സരത്തില്‍ ബെല്‍ജിയന്‍ സൂപ്പര്‍ താരം കെവിന്‍ ഡി ബ്രൂയ്ന്‍ നാല് അസിസ്റ്റുകളും നേടി മികച്ച പ്രകടനം നടത്തി.

ഈ അഞ്ച് ഗോളുകള്‍ നേടിയതിന് പിന്നാലെ ഒരു ചരിത്രനേട്ടമാണ് ഹാലണ്ട് സ്വന്തമാക്കിയത്. ചാമ്പ്യന്‍സ് ലീഗ്, എഫ്.എ കപ്പ് എന്നീ ടൂര്‍ണമെന്റുകളില്‍ ഒരു മത്സരത്തില്‍ 5+ ഗോളുകള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് ഹാലണ്ട് സ്വന്തം പേരിലാക്കി മാറ്റിയത്.

2023 ചാമ്പ്യന്‍സ് ലീഗില്‍ അണ്ടര്‍ 16ല്‍ നടന്ന മത്സരത്തില്‍ ജര്‍മന്‍ ക്ലബ്ബായ ആര്‍. ബി ലെപ്‌സിക്കിനെതിരെയായിരുന്നു ഹാലണ്ട് അഞ്ച് ഗോളുകള്‍ നേടിയത്.

മറ്റൊരു തകര്‍പ്പന്‍ നേട്ടവും സിറ്റി താരം സ്വന്തമാക്കി. മാഞ്ചസ്റ്റര്‍ സിറ്റിക്കായി രണ്ട് മത്സരങ്ങളില്‍ അഞ്ച് ?ഗോള്‍ നേടുന്ന താരമെന്ന റെക്കോഡും ഹാലണ്ട് സ്വന്തമാക്കി.

ലുട്ടോണ്‍ ടൗണിന്റെ തട്ടകമായ കെനില്‍വോര്‍ത്ത് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 3-4-2-1 എന്ന ശൈലിയിലാണ് ഹോം ടീം അണിനിരന്നത്. മറുഭാഗത്ത് 4-2-3-1 എന്ന ശൈലിയുമാണ് സന്ദര്‍ശകര്‍ പിന്തുടര്‍ന്നത്.

മത്സരത്തില്‍ 3,18, 40, 55, 58 എന്നീ മിനിട്ടുകളിലായിരുന്നു ഹാലണ്ടിന്റെ ഗോളുകള്‍ പിറന്നത്. 72ാം  മിനിട്ടില്‍ മാറ്റിയോ കൊവാസിച്ചിന്റെ വകയായിരുന്നു ബാക്കി ഒരു ഗോള്‍. ലുട്ടോണിനായി ജോര്‍ദാന്‍ ക്ലര്‍ക്ക് 45, 52 എന്നീ മിനിട്ടുകളില്‍ ആശ്വാസഗോള്‍ നേടി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാര്‍ച്ച് മൂന്നിന് ചിരവൈരികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ അടുത്ത മത്സരം. സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയമാണ് വേദി.

Content Highlight: Erling Haaland create a new record