'ഇതെപ്പോള്‍ ചോദിച്ചാലും എനിക്ക് ഒറ്റ ഉത്തരമേ ഉള്ളൂ'; ഇഷ്ട താരത്തെ കുറിച്ച് എര്‍ലിങ് ഹാലണ്ട്
Football
'ഇതെപ്പോള്‍ ചോദിച്ചാലും എനിക്ക് ഒറ്റ ഉത്തരമേ ഉള്ളൂ'; ഇഷ്ട താരത്തെ കുറിച്ച് എര്‍ലിങ് ഹാലണ്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 7th July 2023, 4:22 pm

ആധുനിക ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ലയണല്‍ മെസി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഫാന്‍ ഡിബേറ്റില്‍ ഇഷ്ട താരത്തെ കുറിച്ച് മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വീജന്‍ ഗോളടി യന്ത്രം എര്‍ലിങ് ഹാലണ്ട്.

ഈ ചോദ്യം തന്നോട് പലപ്പോഴും ആവര്‍ത്തിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും മെസിയാണ് എല്ലായിപ്പോഴും തന്റെ ഫേവറിറ്റ് എന്നുമാണ് അദ്ദേഹം പറഞ്ഞത്. ഒരു സ്വതന്ത്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഹാലണ്ട് ഇക്കാര്യം പങ്കുവെച്ചത്.

‘മെസിയോ റൊണാള്‍ഡോയോ? എനിക്കറിയില്ല ആളുകള്‍ എപ്പോഴും ഈ ചോദ്യം എന്നോട് ആവര്‍ത്തിക്കുന്നതെന്തിനാണെന്ന്. നിങ്ങള്‍ക്കെല്ലായിപ്പോഴും ലിയോ മെസി എന്ന ഉത്തരം മാത്രമെ ലഭിക്കുകയുള്ളൂ,’ ഹാലണ്ട് പറഞ്ഞു.

മറ്റൊരു അഭിമുഖത്തില്‍ നടന്ന ക്യൂ ആന്‍ഡ് എ സെഷനിടെ മെസിയുടെ ഇടത് കാലും റോണോയുടെ വലതും കാലും കിട്ടിയാല്‍ ഏത് തെരഞ്ഞെടുക്കുമെന്ന ചോദ്യത്തിന് രസകരമായിട്ടായിരുന്നു ഹാലണ്ട് മറുപടി നല്‍കിയത്. തന്റെ ഇടത് കാലിന് മറ്റ് കുഴപ്പങ്ങളൊന്നും ഇല്ലാത്തതിനാല്‍ റൊണാള്‍ഡോയുടെ വലത് കാല്‍ തെരഞ്ഞെടുക്കും എന്നായിരുന്നു അദ്ദേഹം മറുപടി നല്‍കിയത്.

അതേസമയം, മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഈ സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഹാലണ്ടിന് സാധിച്ചിരുന്നു. സിറ്റിക്കായി കളിച്ച 53 മത്സരങ്ങളില്‍ നിന്ന് 52 ഗോളുകളാണ് താരം അക്കൗണ്ടിലാക്കിയത്.

ഇതിനകം പ്രീമിയര്‍ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന റെക്കോഡും ഹാലണ്ട് പേരിലാക്കിയിരുന്നു. യുവേഫ ചാമ്പ്യന്‍സ് ലീഗ്, പ്രീമിയര്‍ ലീഗ്, എഫ്.എ കപ്പ് എന്നീ മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരത്തിന് സിറ്റിക്കായി ട്രെബിള്‍ നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാനായി.

പ്രീമിയര്‍ ലീഗിന് പുറമെ ചാമ്പ്യന്‍സ് ലീഗിലും ടോപ് സ്‌കോറര്‍ ആയി പേരെടുക്കാന്‍ ഹാലണ്ടിന് സാധിച്ചു. ഈ സീസണിന്റെ ബാലണ്‍ ഡി ഓര്‍ 22കാരനായ ഈ ഗോളടി യന്ത്രം സ്വന്തമാക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍.

Content Highlights: Erling Haaland claims Lionel Messi is the best