അസാധാരണ പ്രകടനം കൊണ്ട് ഫുട്‌ബോളില്‍ റെക്കോഡുകള്‍ വാരിക്കൂട്ടുകയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വീജിയന്‍ താരം എര്‍ലിങ് ഹാലണ്ട്. ഈ സീസണില്‍ സിറ്റിക്കായി കളിച്ച 40 മത്സരങ്ങളില്‍ നിന്ന് 48 ഗോളുകളാണ് താരം അക്കൗണ്ടിലാക്കിയത്.
പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും എഫ്.എ കപ്പിലും ഒരുപോലെ കഴിവ് തെളിയിക്കുന്ന താരം ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരുടെ പട്ടികയില്‍ ഇടം നേടിക്കഴിഞ്ഞു.
ഹാലണ്ട് ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് താരങ്ങളുടെ പേര് പറഞ്ഞത് തരംഗമായിരിക്കുകയാണിപ്പോള്‍. ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച മുന്‍ നിര താരങ്ങളായ ലയണല്‍ മെസി, നെയ്മര്‍, കരിം ബെന്‍സെമ, റോബര്‍ട്ട് ലെവന്‍ഡോസ്‌കി എന്നീ താരങ്ങളുടെ പേര് അദ്ദേഹം പറഞ്ഞില്ല.
ദ ബെസ്റ്റ് ത്രീ ആയി അദ്ദേഹം ചൂണ്ടിക്കാട്ടിയത് സ്വീഡിഷ് സൂപ്പര്‍താരം സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച്, പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ, സ്പാനിഷിന്റെ മിച്ചു എന്നീ താരങ്ങളെയാണ്.
കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറിലാണ് ബുണ്ടസ്ലിഗ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്ന് നോര്‍വീജിയന്‍ സൂപ്പര്‍താരം എര്‍ലിങ് ഹാലണ്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയത്. തുടര്‍ന്ന് മിന്നുന്ന പ്രകടനമാണ് താരം ക്ലബ്ബ് ഫുട്‌ബോളില്‍ കാഴ്ചവെക്കുന്നത്.
ഹാലണ്ടിനെ പ്രശംസിച്ച് കോച്ച് പെപ് ഗ്വാര്‍ഡിയോള രംഗത്തെത്തിയിരുന്നു. ഇതിഹാസങ്ങളായ മെസിക്കും ക്രിസ്റ്റിയാനോക്കുമൊപ്പം നിര്‍ത്താന്‍ പറ്റിയ താരമന്നൊണ് ഹാലണ്ടിനെ കുറിച്ച് ഗ്വാര്‍ഡിയോള പറഞ്ഞത്.
അതേസമയം, യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കുമായി നടന്ന ഏറ്റുമുട്ടലില്‍ സിറ്റി സമനില വഴങ്ങിയിരുന്നു. സിറ്റിക്കായ് ഹാലണ്ട് ഒരു ഗോള്‍ നേടിയപ്പോള്‍ ജോഷ്വാ കിമ്മിച്ച് ആണ് ബയേണിനായി ഗോള്‍ നേടിയത്. ഈ സീസണില്‍ 48 ഗോളുകള്‍ നിലവില്‍ താരത്തിന്റെ അക്കൗണ്ടിലുണ്ട്. ഒറ്റ സീസണില്‍ ഇത്ര ഗോളുകള്‍ നേടുന്ന ആദ്യ പ്രീമിയര്‍ ലീഗ് താരമാണ് ഹാലണ്ട്.
Content Highlights: Erling Haaland chooses the best three players in football