| Friday, 26th May 2023, 1:47 pm

ലയണല്‍ മെസിയോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ? ഇഷ്ടതാരത്തെ കുറിച്ച് എര്‍ലിങ് ഹാലണ്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ലയണല്‍ മെസിയാണോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണോ ഗോട്ട് എന്നത് ഫുട്‌ബോള്‍ പ്രേമികളെ ആശയക്കുഴപ്പത്തിലാക്കുന്ന ചോദ്യമാണ്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വീജന്‍ സൂപ്പര്‍താരം എര്‍ലിങ് ഹാലണ്ട് തന്റെ ഇഷ്ടതാരം ആരാണെന്ന് തുറന്നുപറയുകയാണ്.

പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണോ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയാണോ ഫേവറൈറ്റ് എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയാണ് അദ്ദേഹം. താന്‍ ഇക്കാര്യം പല വേദികളിലും പറഞ്ഞിട്ടുണ്ടെന്ന് എപ്പോള്‍ ചോദിച്ചാലും തന്റെ ഇഷ്ടതാരം മെസിയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

‘എനിക്കറിയില്ല ഇതെന്തിനാണ് എപ്പോഴും ഈ ചോദ്യം എന്നോട് ആവര്‍ത്തിക്കുന്നതെന്ന്. എങ്ങനെ ചോദിച്ചാലും എനിക്കൊറ്റ ഉത്തരമേ ഉള്ളൂ, അത് മെസിയാണ്,’ ഹാലണ്ട് പറഞ്ഞു.

ഖത്തറില്‍ മെസി വിശ്വകിരീടം ഉയര്‍ത്തിയതോടെ ഗോട്ട് ഡിബേറ്റിന് അന്ത്യമാകുമെന്ന് കരുതിയിരുന്നെങ്കിലും റൊണാള്‍ഡോ കരിയറില്‍ നല്‍കിയ സംഭാവനകള്‍ സംവാദത്തിന് അറുതി വരുത്തുകയില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ക്ലബ്ബ് ഫുട്‌ബോള്‍ കരിയറില്‍ നിന്നും ഇതുവരെ 834 ഗോളുകള്‍ റോണോ സ്വന്തമാക്കിയപ്പോള്‍, മെസിയുടെ സമ്പാദ്യം 805 ഗോളുകളാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടിയായിരുന്നു റൊണാള്‍ഡോ തന്റെ 700ാം ഗോള്‍ നേടിയത്. ഇതോടെ ക്ലബ്ബ് ഫുട്‌ബോളില്‍ 700 ഗോള്‍ തികയ്ക്കുന്ന ആദ്യ ഫുട്‌ബോള്‍ താരമായി റൊണാള്‍ഡോ മാറിയിരുന്നു.

ക്ലബ്ബ് ഫുട്‌ബോള്‍ ഗോള്‍ കണക്കില്‍ മെസിയെക്കാള്‍ മുന്നിലാണ് റൊണാള്‍ഡോ. പക്ഷെ റൊണാള്‍ഡോ കളി ആരംഭിച്ച് രണ്ട് സീസണുകള്‍ കഴിഞ്ഞപ്പോഴാണ് മെസി ക്ലബ്ബ് ഫുട്‌ബോള്‍ മത്സരങ്ങളില്‍ സജീവമായത്.

2011-2012 സീസണില്‍ നേടിയ 73 ഗോളുകളാണ് മെസിയുടെ ഒരു സീസണിലെ ഉയര്‍ന്ന ഗോള്‍ നേട്ടം. 2014-2015 സീസണില്‍ നേടിയ 61 ഗോളുകളാണ് റോണോയുടെ ഉയര്‍ന്ന ഗോള്‍ നേട്ടം.

എന്നാല്‍ അസിസ്റ്റുകളുടെ കണക്കില്‍ മെസി റൊണാള്‍ഡൊയെക്കാള്‍ ഏറെ മുന്നിലാണ്. സഹതാരങ്ങള്‍ക്ക് ക്ലബ്ബ് ഫുട്‌ബോളില്‍ മൊത്തം 296 തവണ മെസി ഗോളടിക്കാന്‍ അവസരമൊരുക്കിയപ്പോള്‍, 201 തവണയാണ് റൊണാള്‍ഡോയുടെ അസിസ്റ്റുകളില്‍ നിന്ന് സഹതാരങ്ങള്‍ ഗോളുകള്‍ സ്വന്തമാക്കിയത്.

ലോക ഫുട്‌ബോളിലെ തന്നെ മികച്ച ടൂര്‍ണമെന്റുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ചാമ്പ്യന്‍സ് ലീഗിലെ ഗോളടിക്കണക്കില്‍ റൊണാള്‍ഡോ മെസിയെക്കാള്‍ മുന്നിലാണ്. 183 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്നും റോണോ 140 ഗോളടിച്ചപ്പോള്‍, 161 മത്സരങ്ങളില്‍ നിന്നും 129 ഗോളുകളാണ് മെസി സ്വന്തമാക്കിയത്.

Content Highlights: Erling Haaland chooses his favorites from Lionel Messi-Cristianp Ronaldo fan debate

We use cookies to give you the best possible experience. Learn more