യൂറോപ്പിൽ ക്ലബ്ബ് ഫുട്‌ബോൾ മത്സരങ്ങൾ ഒരു ഇടവേളക്ക് ശേഷം വീണ്ടും പുനരാരംഭിച്ചിരിക്കുകയാണ്. ലോകകപ്പിനോട് അനുബന്ധിച്ച് നിർത്തി വെച്ചിരുന്ന ലീഗുകളാണ് ഡിസംബർ 26 മുതൽ വീണ്ടും തുടങ്ങിയത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വ്യാഴാഴ്ച നടന്ന മത്സരത്തിൽ ലീഡ്സ് യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി അവരുടെ തിരിച്ച് വരവ് ഗംഭീരമാക്കിയിട്ടുണ്ട്. മത്സരത്തിൽ ഹാലണ്ട് നേടിയ ഇരട്ട ഗോളുകൾക്കാണ് കളി സിറ്റി കയ്യിലൊതുക്കിയത്.
ലീഡ്‌സിനെതിരെ ഇരട്ട ഗോളുകൾ സ്വന്തമാക്കിയതോടെ ഹാലണ്ട് പ്രീമിയർ ലീഗിൽ ഏറ്റവും വേഗത്തിൽ ഇരുപത് ഗോളുകൾ സ്വന്തമാക്കിയ താരം എന്ന റെക്കോർഡ് സ്വന്തമാക്കി.14 മത്സരങ്ങളിൽ നിന്നുമാണ് താരം 20 ഗോളുകൾ അടിച്ചുകൂട്ടിയത്.
ഇതോടെ പെപ് ഗ്വാർഡിയോളയുടെ കീഴിൽ ലയണൽ മെസി സ്ഥാപിച്ച ഒരു റെക്കോർഡ് തകർത്തിരിക്കുകയാണ് താരം. പെപ് ഗ്വാർഡിയോളക്ക് കീഴിൽ വേഗത്തിൽ ഇരുപത്തിയഞ്ച് ഗോളുകൾ നേടിയ താരമെന്ന നേട്ടമാണ് നോർവീജിയൻ താരം സ്വന്തമാക്കിയത്.
വെറും ഇരുപത് മത്സരങ്ങളിൽ നിന്നാണ് ഹാലണ്ട് ഇരുപത്തിയഞ്ച് ഗോളുകൾ പെപ്പിനു കീഴിൽ കുറിച്ചത്. അതേസമയം ബാഴ്‌സലോണയിൽ ഗ്വാർഡിയോളക്കു കീഴിൽ കളിച്ചിട്ടുള്ള ലയണൽ മെസിക്ക് ഇരുപത്തിയഞ്ച് ഗോളുകൾ തികക്കാൻ ഇരുപത്തിയെട്ട് മത്സരങ്ങൾ വേണ്ടി വന്നു.
ഇരുപത്തിയഞ്ച് ഗോളുകൾ തികക്കാൻ മുപ്പത് മത്സരങ്ങൾ വേണ്ടി വന്ന സാമുവൽ എറ്റൂ മുപ്പത്തിയഞ്ച് മത്സരങ്ങൾ വേണ്ടി വന്ന സെർജിയോ അഗ്യൂറോ, നാൽപത്തിയൊന്ന് മത്സരങ്ങളിൽ നിന്നും ഇരുപത്തിയഞ്ച് ഗോളുകൾ നേടിയ തിയറി ഒൻ റി എന്നിവരാണ് ഗ്വാർഡിയോളക്കു കീഴിൽ അഞ്ച് സ്ഥാനങ്ങളിൽ നിൽക്കുന്നത്.
ഹാലണ്ടിന്റെ ഈ കുതിപ്പിൽ നിരവധി റെക്കോർഡുകൾ നേടാനാകുമെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് താരം. പരിക്കുകളൊന്നുമില്ലെങ്കിൽ പ്രീമിയർ ലീഗിൽ ഒരു സീസണിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് ഈ സീസൺ അവസാനിക്കുമ്പോൾ നോർവീജിയൻ താരം തന്നെ സ്വന്തമാക്കും.
Content Highlights: Erling haaland breaks Lionel Messi’s record