ഹാലണ്ട് മാജിക്ക്! പുതിയ റെക്കോഡിട്ട് മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍ താരം
Football
ഹാലണ്ട് മാജിക്ക്! പുതിയ റെക്കോഡിട്ട് മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 3rd September 2023, 6:22 pm

പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് മാഞ്ചസ്റ്റര്‍ സിറ്റി കാഴ്ചവെച്ചത്. ഫുള്‍ഹാമിനെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജയം. ഹാട്രിക് അടിച്ചുകൊണ്ട് ഹാലണ്ടാണ് മത്സരത്തില്‍ തിളങ്ങിയത്. ഹാലണ്ടിന് പുറമെ ജൂലിയന്‍ അല്‍വാരസും നഥാന്‍ അക്കെയും സിറ്റിക്കായി ഓരോ ഗോളുകള്‍ നേടി. ടിം റീമാണ് ഫുള്‍ഹാമിനായി ഗോള്‍ നേടിയത്.

ഈ ഗോള്‍ നേട്ടത്തോടെ പുതിയ റെക്കോഡിട്ടിരിക്കുകയാണ് 23കാരനായ ഹാലണ്ട്. പ്രീമിയര്‍ ലീഗില്‍ അതിവേഗത്തില്‍ 50 ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ നടത്തിയ താരമെന്ന റെക്കോഡാണ് ഹാലണ്ട് സ്വന്തമാക്കിയിരിക്കുന്നത്.

ആന്‍ഡി കോളിന്റെ റെക്കോഡ് തകര്‍ത്തുകൊണ്ട് ഹാലണ്ടിന്റെ നേട്ടം. കോളി 43 മത്സരങ്ങളില്‍ നിന്നായിരുന്നു 50 ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ നടത്തിയിരുന്നത്. എന്നാല്‍ ഹാലണ്ടിന് റെക്കോഡ് തകര്‍ക്കാന്‍ 39 മത്സരങ്ങള്‍ മാത്രമാണ് വേണ്ടി വന്നത്.

യുവേഫയുടെ മികച്ച താരമായും ഹാലണ്ട് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയെയും സിറ്റിയിലെ സഹതാരമായ കെവിന്‍ ഡി ബ്രൂയിനെയും പിന്തള്ളിയാണ് 23കാരനായ നോര്‍വീജിയക്കാരന്‍ യുവേഫയുടെ ഈ വര്‍ഷത്തെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ സീസണില്‍ സിറ്റിക്കായി നടത്തിയ ഗംഭീര പ്രകടനമാണ് താരത്തിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

ജര്‍മന്‍ ബുണ്ടസ് ലിഗ ഫുട്‌ബോള്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് കഴിഞ്ഞ സമ്മര്‍ സീസണിലാണ് ഹാലണ്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കെത്തിയത്. തുടര്‍ന്ന് മിന്നുന്ന പ്രകടനമാണ് താരം ക്ലബ്ബിനായി കാഴ്ചവെക്കുന്നത്.

Content Highlights: Erling Haaland becomes fastest to reach 50 goal contribution in Premiere Leaugue