യൂറോപ്പില്‍ ക്ലബ്ബ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ഒരു ഇടവേളക്ക് ശേഷം വീണ്ടും പുനരാരംഭിച്ചിരിക്കുകയാണ്. ലോകകപ്പിനോട് അനുബന്ധിച്ച് നിര്‍ത്തി വെച്ചിരുന്ന ലീഗുകളാണ് ഡിസംബര്‍ 26 മുതല്‍ വീണ്ടും തുടങ്ങിയത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ലീഡ്സ് യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി അവരുടെ തിരിച്ച് വരവ് ഗംഭീരമാക്കിയിട്ടുണ്ട്. മത്സരത്തില്‍ ഹാലണ്ട് നേടിയ ഇരട്ട ഗോളുകള്‍ക്കാണ് കളി സിറ്റി കയ്യിലൊതുക്കിയത്.
ലീഡ്‌സിനെതിരെ ഇരട്ട ഗോളുകള്‍ സ്വന്തമാക്കിയതോടെ ഹാലണ്ട് പ്രീമിയര്‍ ലീഗില്‍ ഏറ്റവും വേഗത്തില്‍ ഇരുപത് ഗോളുകള്‍ സ്വന്തമാക്കിയ താരം എന്ന റെക്കോര്‍ഡ് സ്വന്തമാക്കി.14 മത്സരങ്ങളില്‍ നിന്നുമാണ് താരം 20 ഗോളുകള്‍ അടിച്ചുകൂട്ടിയത്.
മത്സര ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ തന്റെ ഇഷ്ടതാരം ആരാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ ഹാലണ്ടിനോട് ചോദിക്കുകയുണ്ടായി. പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണോ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയാണോ ഫേവറൈറ്റ് എന്നായിരുന്നു ഹാലണ്ട് അഭിമുഖീകരിച്ച ചോദ്യം. അതിന് അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയാണ്,
”എനിക്കറിയില്ല ഇതെന്തിനാണ് എപ്പോഴും ഈ ചോദ്യം എന്നോട് ആവര്‍ത്തിക്കുന്നതെന്ന്. എങ്ങനെ ചോദിച്ചാലും എനിക്കൊറ്റ ഉത്തരമേ ഉള്ളൂ, അത് മെസി ആണെന്നാണ്”
അതേസമയം, പ്രീമിയര്‍ ലീഗില്‍ മാന്‍ സിറ്റി ഇത് വരെ 43 ഗോളുകളാണ് സ്വന്തമാക്കിയത്. അതില്‍ പകുതിക്കടുത്തും സ്വന്തമാക്കിയത് ഹാലണ്ടാണ്. മത്സര ശേഷം മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ആഭിമുഖത്തില്‍ തന്റെ ഗോളടിച്ചുകൂട്ടല്‍ തുടരും എന്ന സൂചന തന്നെയാണ് ഹാലണ്ട് നല്‍കിയത്.
‘ലോകകപ്പില്‍ മറ്റു കളിക്കാര്‍ ഗോളുകള്‍ നേടുന്നത് കണ്ടത് എന്നെ പ്രകോപിപ്പിച്ചു.അത് എനിക്ക് ആത്മവിശ്വാസം നല്‍കി. ഒരു തരത്തില്‍ അത് എന്നെ ശല്യപ്പെടുത്തിയെന്നും പറയാം,’ ഹാലണ്ട് വ്യക്തമാക്കി.
ഹാലണ്ടിന്റെ രാജ്യമായ നോര്‍വെക്ക് ലോകകപ്പ് യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നില്ല. ലോകകപ്പില്‍ കളിക്കാന്‍ പറ്റാത്തത് കൊണ്ട് തനിക്ക് ഭ്രാന്ത് പിടിക്കുന്ന അവസ്ഥ വന്നെന്നും. വീട്ടില്‍ ആരും കേള്‍ക്കാനില്ലെങ്കിലും താന്‍ ലോകകപ്പിന് കമന്ററി പറയുകയായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.