| Saturday, 9th September 2023, 4:48 pm

മെസിയുടെ കഴിവുകളില്‍ നിന്ന് എന്ത് സ്വീകരിക്കും? ഹാലണ്ടിന്റെ മറുപടി ശ്രദ്ധനേടുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയില്‍ നിന്ന് എന്താണ് ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് നോര്‍വീജിയന്‍ സൂപ്പര്‍ താരം എര്‍ലിങ് ഹാലണ്ട് നല്‍കിയ മറുപടി ശ്രദ്ധ നേടുന്നു. മെസിയുടെ ഡ്രിബ്ലിങ് കൊള്ളാമെന്നും അത് തനിക്കിഷ്ടമാണെന്നുമാണ് ഹാലണ്ട് പറഞ്ഞത്.

ഫ്രാന്‍സ് ഫുട്‌ബോളിനൊപ്പം നടത്തിയ അഭിമുഖത്തില്‍ ഹാലണ്ടിനോട് ഇക്കാര്യം ചോദിച്ചപ്പോഴാണ് ഇതിഹാസ താരത്തെ കുറിച്ച് ഹാലണ്ട് സംസാരിച്ചത്. മെസിയാണ് ഗോട്ട് എന്ന് ഹാലണ്ട് നേരത്തെ പറഞ്ഞിരുന്നു. മെസിയാണ് ലോകത്തിലെ ഏറ്റവും മികച്ച താരമെന്നും പ്രായത്തെ മറികടന്നുകൊണ്ടുള്ള പ്രകടനമാണ് മെസി കാഴ്ചവെക്കുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്.

കഴിഞ്ഞ ദിവസം ബാലണ്‍ ഡി ഓറിനുള്ള അന്തിമ പട്ടിക പ്രഖ്യാപിച്ചിരുന്നു. 30 താരങ്ങളെയാണ് അവസാന ഘട്ട പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മെസിയാകും ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ ജേതാവ് എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കോപ്പ അമേരിക്കയും ഫൈനലിസിമയും ഫിഫ ലോകകപ്പുമുള്‍പ്പെടെ അര്‍ജന്റൈന്‍ ദേശീയ ടീമിനെ ട്രിപ്പിള്‍ ക്രൗണ്‍ ജേതാക്കളാക്കിയതാണ് ആല്‍ബിസെലസ്റ്റിന്റെ ക്യാപ്റ്റന് തുണയായിരിക്കുന്നത്.

അര്‍ജന്റൈന്‍ നായകന് ശക്തമായ പോരാട്ടം നല്‍കുന്നത് എര്‍ലിങ് ഹാലണ്ടാണ്. ദേശീയ ടീമിന് വേണ്ടി മെസി നേടിയ നേട്ടങ്ങളെല്ലാം തന്നെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി ഹാലണ്ട് നേടിയിട്ടുണ്ട്. പ്രീമിയര്‍ ലീഗില്‍ ഒരു സീസണില്‍ ഏറ്റവുമധികം ഗോള്‍ നേട്ടത്തിന്റെ കിരീടം ഇതിനോടകം സ്വന്തമാക്കിയ ഹാലണ്ട് സിറ്റിക്ക് ക്വാഡ്രാപ്പിള്‍ കിരീടവും നേടിക്കൊടുത്തിട്ടുണ്ട്.

ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത് അര്‍ജന്റീനക്കായി കിരീടമുയര്‍ത്തിയതിന് പുറമെ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിക്കായി 20 ഗോളുകളും 21 അസിസ്റ്റുകളും മെസി അക്കൗണ്ടിലാക്കിയിട്ടുണ്ട്. പാരീസിയന്‍സിനായി ലീഗ് വണ്‍ ടൈറ്റില്‍ നേടുന്നതിലും താരം നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഖത്തര്‍ ലോകകപ്പില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളും അക്കൗണ്ടിലാക്കിയ മെസി ഗോള്‍ഡന്‍ ബോളും സ്വന്തമാക്കിയിരുന്നു.

Content Highlights: Erlind Haaland says he love the way Messi dribbles

We use cookies to give you the best possible experience. Learn more