'അദ്ദേഹം ക്ലബ്ബ് വിട്ടതില്‍ ഖേദമുണ്ട്, മികച്ച കളിക്കാരനായിരുന്നു'; സൂപ്പര്‍താരത്തെ കുറിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്ലെയര്‍
Football
'അദ്ദേഹം ക്ലബ്ബ് വിട്ടതില്‍ ഖേദമുണ്ട്, മികച്ച കളിക്കാരനായിരുന്നു'; സൂപ്പര്‍താരത്തെ കുറിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്ലെയര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 21st April 2023, 1:56 pm

ഖത്തര്‍ ലോകകപ്പിന് തൊട്ടുമുമ്പാണ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടത്. പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും വാര്‍ത്താ അവതാരകനുമായ പിയേഴ്സ് മോര്‍ഗന് നല്‍കിയ അഭിമുഖത്തിന് ശേഷമാണ് യുണൈറ്റഡില്‍ നിന്ന് താരത്തിന്റെ പടിയിറക്കം.

അഭിമുഖത്തിനിടെ കോച്ച് എറിക് ടെന്‍ ഹാഗും മറ്റ് പല ഒഫീഷ്യല്‍സും തന്നെ പുറത്താക്കാന്‍ കരുനീക്കം നടത്തുന്നുണ്ടെന്ന് റൊണാള്‍ഡോ തുറന്നടിച്ചു. ക്ലബ്ബില്‍ താന്‍ വഞ്ചിക്കപ്പെട്ടതായാണ് തോന്നുന്നതെന്നും അദ്ദേഹം അഭിമുഖത്തിനിടെ ആരോപിച്ചിരുന്നു.

താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ക്രിസ്റ്റ്യന്‍ എറിക്സണ്‍. താരം ക്ലബ്ബ് വിട്ടതില്‍ ദുഖമുണ്ടെന്നും അദ്ദേഹം മികച്ച കളിക്കാരനാണെന്നുമാണ് എറികസണ്‍ പറഞ്ഞത്. റൊണാള്‍ഡോയുടെ അഭാവത്തിലും ക്ലബ്ബ് മുന്നോട്ട് പോകേണ്ടത് ആവശ്യമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ക്രിസ്റ്റ്യാനോ ഇപ്പോള്‍ യുണൈറ്റഡിന്റെ ഭാഗമല്ല എന്ന സത്യം ഉള്‍ക്കൊള്ളാന്‍ നല്ല പ്രയാസമുണ്ട്. അദ്ദേഹത്തിന്റെ പേരും ലെഗസിയും ഏത് ക്ലബ്ബിലും പ്രത്യേകതയുണ്ടാക്കുന്നതാണ്. റോണോക്കൊപ്പം കളിക്കാന്‍ കഴിഞ്ഞത് എന്നെ സംബന്ധിച്ച് വലിയ കാര്യമാണ്. അദ്ദേഹത്തിന്റെ അഭാവത്തിലും ക്ലബ്ബിന് മുന്നോട്ട് പോകേണ്ടതുണ്ട്. കുറച്ച് കഴിയുമ്പോള്‍ എല്ലാം എല്ലാവരും മറക്കും,’ എറിക്സണ്‍ വ്യക്തമാക്കി.

അതേസമയം, സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറില്‍ മികച്ച പ്രകടനമാണ് റൊണാള്‍ഡോ കാഴ്ചവെക്കുന്നത്. സൗദി പ്രോ ലീഗിലേക്ക് ജനുവരി ട്രാന്‍സ്ഫര്‍ ജാലകത്തില്‍ റൊണാള്‍ഡോയെത്തിയതോടെ അല്‍ നസറിന്റെ ഓഹരി മൂല്യവും ബ്രാന്‍ഡ് മൂല്യവും വന്‍ തോതില്‍ കുതിച്ചുയര്‍ന്നിരുന്നു.

കൂടാതെ ലോക റെക്കോര്‍ഡ് തുകയായ പ്രതിവര്‍ഷം 225 മില്യണ്‍ യൂറോ നല്‍കിയാണ് അല്‍ നസര്‍ റൊണാള്‍ഡോയെ തങ്ങളുടെ ക്യാമ്പിലേക്കെത്തിച്ചിരുന്നത്. ഇതിനിടെ യൂറോ ക്വാളിഫയര്‍ മത്സരത്തില്‍ ഇരട്ട ഗോള്‍ സ്വന്തമാക്കിയതോടെ അവസാനം കളിച്ച 13 മത്സരങ്ങളില്‍ നിന്നും തന്റെ ഗോള്‍ നേട്ടം 12 ആക്കി മാറ്റാന്‍ റൊണാള്‍ഡോക്ക് സാധിച്ചിരുന്നു. അല്‍ നസറിനായി ഇതുവരെ 11 ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് താരം അക്കൗണ്ടിലാക്കിയിരിക്കുന്നത്.

പോര്‍ച്ചുഗല്‍ ക്ലബ്ബിനായി ഇതുവരെ കളിച്ച 196 മത്സരങ്ങളില്‍ നിന്ന് 118 ഗോളാണ് റൊണാള്‍ഡോ അക്കൗണ്ടിലാക്കിയത്. ദേശീയ ടീമിനായി ഒരു യൂറോ കപ്പ് കൂടി കളിച്ചുകൊണ്ട് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കാനാണ് തന്റെ ആഗ്രഹമെന്ന് റൊണാള്‍ഡോ നേരത്തെ സൂചിപ്പിച്ചിരുന്നു.

Content Highlights: Christsian Eriksen praises his former teammate Cristiano Ronaldo