| Monday, 11th July 2022, 11:02 pm

റൊണാള്‍ഡോയുടെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റോണാള്‍ഡൊ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. പ്രമുഖ ഫുട്ബോള്‍ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനൊയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അടുത്ത വര്‍ഷം ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ സാധിക്കാത്ത മാഞ്ചസ്റ്ററില്‍ തുടരാന്‍ താരത്തിന്
താല്‍പര്യമില്ലെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെയുണ്ടായിരുന്നു. എന്നാല്‍ പുതിയ കോച്ചിന്റെ കീഴില്‍ മാറ്റങ്ങള്‍ക്ക് ഒരുങ്ങുകയായിരുന്നു മാഞ്ചസ്റ്റര്‍.

റോണോ പ്രീസീസണ്‍ പ്രാക്ടീസില്‍ ടീമിനൊപ്പം ചേരാത്തതാണ് അദ്ദേഹം ടീം വിടുമെന്ന വാര്ത്തകള്‍ക്ക് ആക്കം കൂട്ടിയത്.

എന്നാല്‍ താരത്തെ ടീമില്‍ നിന്നും ഒഴിവാക്കാന്‍ താല്‍പര്യമില്ലെന്നാണ് പുതിയ കോച്ച് എറിക് ടെന്‍ ഹാഗ് പറയുന്നത്. റോണോ ടീമിന്റെ പദ്ധതികളിലുണ്ടെന്നും ടീമില്‍ നിന്നും മാറുന്നതിനെ പറ്റി വായിച്ചാണ് അറിഞ്ഞത് എന്നും എറിക് പറഞ്ഞു.

റൊണാള്‍ഡോയെ വില്‍ക്കുമോ? ക്ലബ്ബ് വിടാന്‍ താരം ആവശ്യപ്പെട്ടിട്ടുണ്ടോ? എന്നീ ചോദ്യങ്ങള്‍ക്കാണ് ടെന്‍ ഹാഗ് മറുപടി നല്‍കിയത്.

‘ഇല്ല. ഈ സീസണില്‍ റൊണാള്‍ഡോയും ഉള്‍പ്പെട്ട പദ്ധതിയാണുള്ളത്. ഞാന്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുകയാണ്.

എനിക്കറിയില്ല, അതിനെ കുറിച്ച് എന്നോട് പറഞ്ഞിട്ടില്ല. അദ്ദേഹം ക്ലബ്ബ് വിടാന്‍ ശ്രമിക്കുന്നുവെന്നത് ഞാന്‍ വായിച്ചാണ് അറിഞ്ഞത്. പക്ഷേ ഞാന്‍ പറയുന്നത് ക്രിസ്റ്റ്യാനോ വില്‍പ്പനയ്ക്കുള്ളതല്ല, അവന്‍ ഞങ്ങളുടെ പദ്ധതികളിലുണ്ട്. ഞങ്ങള്‍ ഒരുമിച്ച് വിജയം നേടാന്‍ ആഗ്രഹിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തായ്‌ലന്‍ഡില്‍ നടത്തിയ വാര്‍ത്താസമ്മളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

37കാരനായ താരം കുടുംബപരമായ പ്രശ്നങ്ങള്‍ കാരണമാണ് ക്ലബ്ബിനൊപ്പം ചേരാത്തതെന്ന് ക്ലബ് നേരത്തെ വ്യക്തമാക്കിയിരുന്നു.

കുടുംബപരമായ പ്രശ്നങ്ങള്‍ കാരണമാണ് ക്രിസ്റ്റ്യാനോ ഇപ്പോള്‍ ടീമിനൊപ്പമില്ലാത്തതെന്ന് ടെന്‍ ഹാഗ് വാര്‍ത്താ സമ്മേളനത്തില്‍ ഊന്നിപ്പറയുകയും ചെയ്തു. ‘റൊണാള്‍ഡോ ഞങ്ങള്‍ക്കൊപ്പമില്ല. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ മൂലമാണത്,’ ടെന്‍ ഹാഗ് പറഞ്ഞു.

എന്തായാലും താരം ടീമില്‍ തുടരുമോ അതൊ മാറിപോകുമോ എന്ന് ആവേശത്തോടെ നോക്കുകയാണ് അരാധകര്‍.

Content Highlights: Erik Ten Hag speaks about Cristiano Ronaldo’s stay in Manchester United

We use cookies to give you the best possible experience. Learn more