| Friday, 15th July 2022, 12:50 pm

ഇനി റൊണാള്‍ഡോയെ കുറിച്ച് ചോദിക്കേണ്ട ഞാന്‍ 'മിണ്ടൂല'; മാഞ്ചസ്റ്റര്‍ കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊയെ ചുറ്റിപറ്റിയുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചാവിഷയം. താരത്തിന് യുണൈറ്റഡില്‍ നില്‍ക്കാന്‍ താല്‍പര്യമില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ താരത്തെ ഏറ്റെടുക്കാന്‍ ക്ലബ്ബുകളൊന്നും തയ്യാറായില്ല. താരത്തെ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്യാന്‍ താലല്‍പര്യമുണ്ടെന്നും മാഞ്ചസ്റ്റര്‍ കോച്ച് എറിക് ടെന്‍ ഹാഗ് അറിയിച്ചിരുന്നു.

എന്നാല്‍ റൊണാള്‍ഡോയുടെ ഭാവിയെ കുറിച്ചുള്ള ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നത് അവസാനിപ്പിച്ചെന്ന് പറഞ്ഞിരിക്കുകയാണ് എറിക് ടെന്‍ ഹാഗ്. പ്രീ സീസണ്‍ മത്സരത്തിനായി മെല്‍ബണില്‍ എത്തിയപ്പോഴായിരുന്നു ടെന്‍ ഹാഗ് ഇക്കാര്യത്തില്‍ നയം വ്യക്തമാക്കിയത്.

‘ഞങ്ങള്‍ ഒരു പ്രസ്താവന നടത്തിയിട്ടുണ്ട്. അതില്‍ നിന്ന് ഒരു മാറ്റവുമില്ല,’ ടെന്‍ ഹാഗ് വ്യക്തമാക്കി.

കുടംബപരമായ കാരണങ്ങള്‍ കൊണ്ടാണ് റൊണാള്‍ഡോ പ്രീ സീസണ്‍ മത്സരങ്ങള്‍ക്ക് റെഡ് ഡെവില്‍സിനോടൊപ്പം ചേരാത്തതെന്ന് നേരത്തെ ടെന്‍ ഹാഗ് വ്യക്തമാക്കിയിരുന്നു. യുണൈറ്റഡിന്റെ അടുത്ത സീസണിലേക്കുള്ള പദ്ധതിയുടെ ഭാഗമാണ് റൊണാള്‍ഡോയെന്നും ടെന്‍ ഹാഗ് പറഞ്ഞിരുന്നു.

എന്നാല്‍ 37കാരനായ മുന്നേറ്റ താരത്തെ വില്‍ക്കാന്‍ യുണൈറ്റഡ് തയ്യാറാണെന്നാണ് വിലയിരുത്തലുകള്‍. പ്രീമിയര്‍ ലീഗിലെ മറ്റൊരു ടീമായ ചെല്‍സി താരത്തെ സ്വന്തമാക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം താരത്തെ വേണ്ട എന്ന നിലപാടിലാണ് ക്ലബ്ബ്.

മുന്നേറ്റത്തിലേക്ക് 50 മില്യണ്‍ പൗണ്ട് നല്‍കി മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് റഹീം സ്റ്റെര്‍ലിങ്ങിനെ സ്വന്തമാക്കിയതും, റൊണാള്‍ഡോ എത്തുകയാണെങ്കില്‍ ചെല്‍സിയുടെ മുന്നേറ്റനിരയുടെ സന്തുലിതാവസ്ഥ തകരുമോ എന്നുള്ള പരിശീലകന്‍ ടുഷേലിന്റെ ആശങ്കയും കാരണമാണ് റൊണാള്‍ഡോക്കായുള്ള ശ്രമം ചെല്‍സി ഉപേക്ഷിച്ചത്.

നിലവില്‍ പ്രീ സീസണ്‍ മത്സരങ്ങള്‍ക്കായി ഓസ്‌ട്രേലിയയിലാണ് യുണൈറ്റഡ് ഉള്ളത്. തായ്ലന്‍ഡില്‍ നടന്ന പ്രീ സീസണിലെ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത നാലു ഗോളിന് യുണൈറ്റഡ് ലിവര്‍പൂളിനെ പരാജയപ്പെടുത്തിയിരുന്നു.

Content Highlights: Erik Ten Hag says He wont say anything on Ronaldo’s Issue

Latest Stories

We use cookies to give you the best possible experience. Learn more