ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മിന്നും ഫോമിൽ കളിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. തുടർച്ചയായ ഫോമില്ലായ്മയിലും മോശം പ്രകടനത്തിലും പെട്ട് പതറിയ ടീം, പുതിയ പരിശീലകന് കീഴിൽ തിരിച്ചു വരവിന്റെ പാതയിലാണ്.
നെതർലാൻഡ്സിൽ നിന്നും അയാക്സിന്റെ പരിശീലകനായിരുന്ന എറിക് ടെൻ ഹാഗിനെ യുണൈറ്റഡ് അവരുടെ ക്ലബ്ബിന്റെ ചുമതയിലേക്ക് അവരോധിച്ചത് മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പഴയ പ്രതാപത്തിന്റെ ലക്ഷണങ്ങൾ കാട്ടിത്തുടങ്ങിയിട്ടുണ്ട്.
നിലവിൽ പ്രീമിയർ ലീഗിൽ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്കെത്തി മിന്നും പ്രകടനം കാഴ്ച വെക്കുന്ന ക്ലബ്ബിന് ഇ. എഫ്.എൽ കപ്പിന്റെ ഫൈനലിലേക്കും യോഗ്യത നേടാൻ സാധിച്ചിട്ടുണ്ട്.
എന്നാൽ ക്ലബ്ബുമായി ബന്ധപ്പെട്ട് ഏറ്റവും പുതുതായി ഉയർന്ന് കേൾക്കുന്ന വാർത്ത ഖത്തർ ഇസ്‌ലാമിക്ക് ബാങ്ക് ചെയർമാനായ ജാസിം അൽ താനി യുണൈറ്റഡിനെ വാങ്ങാനൊരുങ്ങുന്നു എന്നതാണ്. ഈ ഡീൽ നടന്നാൽ എംബാപ്പെയടക്കമുള്ള സൂപ്പർ താരങ്ങൾ ഓൾഡ് ട്രാഫോർഡിലേക്കെത്തുമെന്നാണ് ആരാധക പ്രതീക്ഷ.
ഇപ്പോൾ എംബാപ്പെയെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കെത്തിക്കുമോ എന്ന് മാൻ യുണൈറ്റഡ് ആരാധകർ കോച്ച് എറിക് ടെൻ ഹാഗിനോട് ചോദിക്കുന്നതും അതിന് അദ്ദേഹം നൽകുന്ന പ്രതികരണവും സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
കാറിൽ സഞ്ചരിക്കുന്ന ടെൻ ഹാഗ് എംബാപ്പെയെ എത്തിക്കുമോ എന്ന ആരാധകരുടെ ചോദ്യത്തിന് ചിരി മാത്രമാണ് മറുപടിയായി നൽകുന്നത്.
പി.എസ്.ജിക്കായി മിന്നും ഫോമിൽ കളിക്കുന്ന എംബാപ്പെ ഈ സീസണിൽ 28 മത്സരങ്ങളിൽ നിന്നും 27 ഗോളുകളാണ് സ്വന്തമാക്കിയത്.
അതിനാൽ തന്നെ താരത്തെ ഫ്രഞ്ച് ക്ലബ്ബ് വിട്ട് കൊടുക്കാൻ സാധ്യതയില്ല.
അതേസമയം പ്രീമിയർ ലീഗിൽ 24 മത്സരങ്ങളിൽ നിന്നും 49 പോയിന്റുകൾ നേടിയാണ് യുണൈറ്റഡ് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തെത്തിയത്.
ഫെബ്രുവരി 26ന് ഇന്ത്യൻ സമയം രാത്രി 10:30ന് ഇ.എഫ്.എൽ കപ്പ് ഫൈനലിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത മത്സരം.
Content Highlights:Erik ten Hag reacts as Manchester United fans ask him whether Kylian Mbappe will join man united next summer transfer