| Thursday, 6th October 2022, 5:21 pm

കളിക്കാന്‍ പറ്റാത്തതില്‍ ക്രിസ്റ്റ്യാനോ നല്ല കട്ട കലിപ്പിലാണ്, പക്ഷെ സന്തോഷമില്ലെന്ന് മാത്രം പറയരുത്: ടെന്‍ ഹാഗ്

സ്പോര്‍ട്സ് ഡെസ്‌ക്

സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ ദിനങ്ങള്‍ കൂടുതല്‍ ദുഷ്‌കരമായിരിക്കുകയാണ്. ബെഞ്ചിലിരിപ്പില്‍ നിന്നും മോചനം കിട്ടാത്തതിന്റെ കലിപ്പിലാണ് പോര്‍ച്ചുഗല്‍ താരമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ആ വാര്‍ത്തകളെല്ലാം ഉറപ്പിച്ചിരിക്കുകയാണ് കോച്ച് എറിക് ടെന്‍ ഹാഗിന്റെ വാക്കുകള്‍.

തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളിലായി റൊണാള്‍ഡോയെ ബെഞ്ചില്‍ തന്നെ ഇരുത്തിയിരിക്കുകയാണ് ടെന്‍ ഹാഗ്. ഇതില്‍ താരത്തിന് കടുത്ത അതൃപ്തിയുണ്ടെന്ന് കഴിഞ്ഞ ദിവസം 6-3ന് തകര്‍ന്ന ഡെര്‍ബിയില്‍ വ്യക്തമായിരുന്നു.

ടീമിന്റെ വല കുലുങ്ങുമ്പോഴൊക്കെ കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ച റൊണാള്‍ഡോ, സിറ്റി ഗോള്‍ മെഷീന്‍ എര്‍ലിങ് ഹാലണ്ട് ഗോളടിച്ചപ്പോള്‍ മുഖം പൊത്തിയിരിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു.

റൊണാള്‍ഡോയുടെ കരിയറിനോടുള്ള ബഹുമാനം കൊണ്ടാണ് അദ്ദേഹത്തെ കളിക്കാനിറക്കാത്തത് എന്നായിരുന്നു ടെന്‍ഹാഗ് ഇതേ കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ പറഞ്ഞത്.

എന്നാല്‍ ചെറുപ്പക്കാരായ മാര്‍ക്കസ് റാഷ്‌ഫോഡ്, ജേഡണ്‍ സാഞ്ചോ, ആന്റണി എന്നീ കളിക്കാരെയാണ് ടെന്‍ ഹാഗ് കൂടുതലായും കളത്തിലിറക്കുന്നതെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. സ്‌ക്വാഡ് പ്ലെയറും സബ്സ്റ്റിറ്റിയൂട്ടുമായി റൊണാള്‍ഡോയെ തരംതാഴ്ത്തിയ ടെന്‍ ഹാഗ്, കളിക്കാരന്റെ നീണ്ട കരിയറിനെ അപമാനിക്കുകയാണെന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍താരം റോയി കീനി അഭിപ്രായപ്പെട്ടിരുന്നു.

ഇപ്പോള്‍ ക്രിസ്റ്റ്യാനോയുടെ നിലവിലെ അവസ്ഥയെ കുറിച്ച് ടെന്‍ ഹാഗ് തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്. ‘കളിക്കാന്‍ കഴിയാത്തതില്‍ അവന്‍ വളരെ അസ്വസ്ഥനാണ്. വലിയ ദേഷ്യത്തിലുമാണ്. എന്നുവെച്ച് അവന്‍ സന്തോഷത്തിലല്ല എന്ന് അര്‍ത്ഥമില്ല. മറ്റെല്ലാവരേയും പോലെ അവനും സന്തോഷത്തില്‍ തന്നെയാണ് മുന്നോട്ടുപോകുന്നത്. വളരെ നന്നായി പരിശീലനം നടത്തുന്നുമുണ്ട്,’ ടെന്‍ ഹാഗ് പറഞ്ഞു.

അതേസമയം ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ റൊണാള്‍ഡോ യുണൈറ്റഡ് വിടുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഡെര്‍ബിയിലേറ്റ പരാജയത്തിന് പിന്നാലെ ടെന്‍ ഹാഗ് യുണൈറ്റഡ് ടീമിന്റെ യോഗം വിളിച്ചുചേര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പരസ്പരം വിമര്‍ശനങ്ങള്‍ തുറന്നുപറയാന്‍ കളിക്കാര്‍ക്കും സ്റ്റാഫിനുമെല്ലാം അവസരം നല്‍കിയിരുന്നു.

ഈ യോഗത്തിന് ശേഷമാണ് റൊണാള്‍ഡോയെ വിട്ടുനല്‍കില്ലെന്ന മുന്‍ തീരുമാനം ഹാഗ് മാറ്റിയത്. നേരത്ത റൊണാള്‍ഡോയെ വില്‍പനക്ക് വെച്ചിരിക്കുകയല്ലെന്ന യുണൈറ്റഡ് നിലപാടിനൊപ്പമായിരുന്നു ഹാഗ്.

പക്ഷെ ഇപ്പോള്‍ ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ അനുയോജ്യമായ ഓഫര്‍ വന്നാല്‍ താരത്തെ വിട്ടുനല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ അനുയോജ്യമായ ഓഫര്‍ എന്നതുകൊണ്ട് യുണൈറ്റഡ് എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.

റെഡ് ഡെവിള്‍സിന് വേണ്ടി എട്ട് മാച്ചുകളാണ് റൊണാള്‍ഡോ ഈ സീസണില്‍ കളിച്ചത്. ഇതില്‍ യൂറോപ്പ് ലീഗില്‍ ഷെരിഫ് ടിരാസ്പോളിനെതിരെ ഒരു പെനാല്‍ട്ടി ഗോള്‍ മാത്രമാണ് താരത്തിന് നേടാനായത്.പ്രീമിയര്‍ ലീഗില്‍ അതിന് പോലും അവസരം കിട്ടിയിട്ടില്ല.

അതുകൊണ്ട് തന്നെ കാലാവധി തീരാന്‍ ഒരു വര്‍ഷം ബാക്കിയുണ്ടെങ്കിലും റൊണാള്‍ഡോയെ വിട്ടുകൊടുക്കാന്‍ ക്ലബ്ബ് മാനേജ്മെന്റിന് വലിയ ചിന്താകുഴപ്പമൊന്നും കാണില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Erik Ten Hag On Cristiano Ronaldo’s Situation At Manchester United

We use cookies to give you the best possible experience. Learn more