പ്രീമിയര്‍ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റി എഫ്.കപ്പ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്. വെംബ്ലെ സ്റ്റേഡിയത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ നടന്ന മത്സരത്തില്‍ 2-1നായിരുന്നു സിറ്റിയുടെ ജയം. ക്യാപ്റ്റന്‍ ഇല്‍ക്കെ ഗുണ്ടോഗന്റെ ഇരട്ട ഗോളുകളാണ് സിറ്റിയെ ജയത്തിലേക്ക് നയിച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്യാപ്റ്റന്‍ ബ്രൂണോ ഫെര്‍ണാണ്ടും മത്സരത്തില്‍ വലകുലുക്കി.
മത്സരത്തിലേറ്റ തോല്‍വിക്ക് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ ഹാഗ്. പരാജയപ്പെട്ടതില്‍ നിരാശയുണ്ടെന്നും എന്നാല്‍ തങ്ങള്‍ക്ക് നന്നായി കളിക്കാന്‍ സാധിച്ചിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
രണ്ട് സോഫ്റ്റ് ഗോളുകളാണ് വഴങ്ങിയതെന്നും അതുരണ്ടും ഒഴിവാക്കാമായിരുന്നെന്നും ടെന്‍ ഹാഗ് പറഞ്ഞു. യു.ടി.ഡി റിപ്പോര്‍ട്ടിനോടാണ് ടെന്‍ ഹാഗ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘ഞങ്ങള്‍ തകര്‍ന്നിരിക്കുകയാണ്. തീര്‍ച്ചയായും നിരാശരാണ്. വളരെ ബുദ്ധിമുട്ടേറിയ മത്സരമായിരുന്നു. പക്ഷെ ഞാനെന്റെ ടീമിന്റെ പ്രകടനത്തില്‍ അഭിമാനം കൊള്ളുന്നു. ഞങ്ങള്‍ രണ്ട് സോഫ്റ്റ് ഗോളുകള്‍ വഴങ്ങി. അതുരണ്ടും ഒഴിവാക്കാമായിരുന്നു,’ ടെന്‍ ഹാഗ് പറഞ്ഞു.
അതേസമയം, മത്സരം തുടങ്ങി 13ാം സെക്കന്‍ഡിലാണ് ഗുണ്ടോഗന്റെ ആദ്യ ഗോള്‍ പിറന്നത്. എഫ്.എ കപ്പിന്റെ ചരിത്രത്തിലെ ഫൈനലില്‍ പിറക്കുന്ന ഏറ്റവും വേഗമേറിയ ഗോളായി അത് മാറി.
33ാം മിനിട്ടില്‍ പെനാല്‍ട്ടി കിക്കിലൂടെ ബ്രൂണോ ഫെര്‍ണാണ്ടസ് സമനില പിടിച്ചു. എന്നാല്‍ 51ാം മിനിട്ടില്‍ രണ്ടാമത്തെ ഗോള്‍ നേടിയ ഗുണ്ടോഗന്‍ സിറ്റിക്ക് ലീഡ് നേടിക്കൊടുത്തു. യുണൈറ്റഡ് സമനിലക്കായി കിണഞ്ഞ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
എഫ്.എ കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ രണ്ടാമത്തെ കിരീടമാണിത്. യുവേഫ ചാമ്പ്യന്‍സ് ലീഗിലും വിജയിക്കാനായാല്‍ ഈ സീസണിലെ മൂന്ന് സുപ്രധാന കിരീടങ്ങളും സ്വന്തമാക്കികൊണ്ട് മാഞ്ചസ്റ്റര്‍ സിറ്റ് ‘ട്രെബിള്‍’ കൊയ്യാം.
ചാമ്പ്യന്‍സ് ലീഗില്‍ ജൂണ്‍ 11ന് ഇന്റര്‍ മിലാനെയാണ് മാഞ്ചസ്റ്റര്‍ സിറ്റി നേരിടുക.