വാഷിംഗ്ടണ്‍: മകള്‍ ഇവാന്‍ക ട്രംപിന്റെ ദു:ഖം കണ്ടിട്ടാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ജെ. ട്രംപ് സിറിയ ആക്രമിക്കാനുള്ള തീരുമാനം എടുത്തതെന്ന് ട്രംപിന്റെ മകനായ എറിക് ട്രംപ് വെളിപ്പെടുത്തി. ഒരു പ്രമുഖ അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. സിറിയയിലെ ഷയാറത് വ്യോമതാവളത്തിന് നേരെയാണ് അമേരിക്ക മിസൈല്‍ ആക്രമണം നടത്തിയത്.
സാധാരണക്കാര്‍ക്ക് നേരെ രാസായുധം പ്രയോഗിച്ച സിറിയന്‍ സര്‍ക്കാറിന്റെ നടപടി ഇവാന്‍കയുടെ ഹൃദയം തകര്‍ത്തിരുന്നു. രാസായുധാക്രമണത്തില്‍ പരുക്കേറ്റവരുടേയും കൊല്ലപ്പെട്ടവരുടേയും ചിത്രങ്ങള്‍ ഇവാന്‍കയെ വേട്ടയാടിയിരുന്നു. സിറിയയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ഇവാന്‍ക പിതാവിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്നും എറിക് പറഞ്ഞു.
ആക്രമണത്തില്‍ പൊള്ളലേറ്റ ശരീരം തണുപ്പിക്കാന്‍ കുട്ടികള്‍ സ്വയം വെള്ളം ചീറ്റുന്ന കാഴ്ച പ്രസിഡന്റ് ട്രംപിനെ അസ്വസ്ഥനാക്കിയിരുന്നു. ആരെയും ഭയക്കുന്നയാളല്ല ഡൊണാള്‍ഡ് ട്രംപ്. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനങ്ങളെടുക്കാന്‍ അദ്ദേഹത്തിന് അറിയാമെന്നും 33 വയസുള്ള ബിസിനസുകാരനായ എറിക് പറഞ്ഞു.
എറിക് ട്രംപ്
ഇത്തരമൊരു ആക്രമണത്തിന് തന്റെ പിതാവ് ഉത്തരവിട്ടതില്‍ താന്‍ അഭിമാനിക്കുന്നു. രാസായുധ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളെ കുറിച്ച് വികാരാധീനനായാണ് ട്രംപ് സംസാരിച്ചിരുന്നത്. പിടഞ്ഞു മരിക്കുന്നത് നിഷ്‌കളങ്കരായ കുഞ്ഞുങ്ങളാണെന്നും ഒരു കുഞ്ഞിനും ഇത്തരം ദാരുണമായ അന്ത്യം ഉണ്ടാവരുതെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്. സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദ് സ്വേച്ഛാധിപതിയാണെന്നും അദ്ദേഹം പറഞ്ഞു.
ട്രംപിനെ അധികാരത്തിലെത്തിക്കുന്നതിന് റഷ്യയോ വ്‌ളാദിമര്‍ പുടിനോ ഒന്നും ചെയ്തിട്ടില്ലെന്നും എറിക് അഭിമുഖത്തില്‍ വ്യക്തമാക്കി. സിറിയയിലെ ആക്രമണത്തിന് ട്രംപിനെ പ്രേരിപ്പിച്ചത് രണ്ട് ചിത്രങ്ങളാണെന്ന് നേരത്തേ വൈറ്റ്ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിരുന്നു. രാസായുധത്തിന്റെ ഭീകരത തുറന്നു കാണിക്കുന്ന ചിത്രങ്ങളായിരുന്നു ഇവ.
രാസായുധാക്രമണത്തില്‍ ശ്വാസം നിലച്ച ഇരട്ടക്കുട്ടികളുടെ ചലനമറ്റ ശരീരങ്ങള്‍ നെഞ്ചോടു ചേര്‍ത്തു പിടിച്ചു അബ്ദുള്‍ ഹമീദ് എന്ന പിതാവിന്റെ ചിത്രം, വിഷദ്രാവകം ശ്വസിച്ച് ഓജസ്സ് നഷ്ടപ്പെട്ട് മരണത്തിലേയ്ക്ക് വഴുതി വീണു കൊണ്ടിരിക്കുന്ന കുട്ടികളെ വെള്ളം ഒഴിച്ചു ഉണര്‍ത്താന്‍ ശ്രമിക്കുന്ന ചിത്രം തുടങ്ങിയവ ട്രംപിനെ അസ്വസ്ഥനാക്കിയിരുന്നു.