| Saturday, 9th December 2023, 9:19 am

നവംബറിലെ മികച്ച പരിശീലകന്‍ ടെന്‍ ഹാഗ്; ഷോക്കായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നവംബര്‍ മാസത്തിലെ ഏറ്റവും മികച്ച കോച്ചായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ ഹാഗ് തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ റെഡ് ഡെവിള്‍സിന്റെ ആരാധകര്‍ക്ക് ഈ വാര്‍ത്ത ശരിയാണോ എന്നറിയാന്‍ രണ്ടുതവണ സോഷ്യല്‍ മീഡിയ പരിശോധിക്കേണ്ടിവന്നുവെന്ന പോസ്റ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

നവംബറില്‍ എവര്‍ട്ടണ്‍, ഫുള്‍ഹാം, ലൂട്ടണ്‍ ടൗണ്‍ എന്നീ ടീമുകള്‍ക്കെതിരെ മികച്ച വിജയം ടെന്‍ ഹാഗിന്റെ കീഴില്‍ മഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കിയിരുന്നു.

നവംബറില്‍ കളിച്ച മുഴുവന്‍ മത്സരങ്ങളിലും ഗോളുകള്‍ വഴങ്ങാതെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്നേറിയത്. ഈ മികച്ച പ്രകടനം മറ്റൊരു ടീമും നവംബര്‍ മാസത്തില്‍ കാഴ്ചവെച്ചിട്ടില്ല എന്നതും ശ്രദ്ധേയമായ വസ്തുതയാണ്.

2022 സെപ്റ്റംബറിലും 2023 ഫെബ്രുവരിയിലും മികച്ച മാനേജര്‍ എന്ന നേട്ടം സ്വന്തമാക്കിയ ടെന്‍ഹാഗിന്റെ മൂന്നാം തവണയുള്ള നേട്ടം കൂടിയാണിത്. അതേസമയം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇംഗ്ലീഷ് ഡിഫന്‍ഡര്‍ ഹാരി മഗ്വയര്‍ പ്രീമിയര്‍ ലീഗ് പ്ലെയര്‍ ഓഫ് ദി മന്ത് അവാര്‍ഡും സ്വന്തമാക്കി.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എക്കാലത്തെയും മികച്ച ഇതിഹാസ പരിശീലകനായ സര്‍ അലക്സ് ഫെര്‍ഗൂസനാണ് ഏറ്റവും കൂടുതല്‍ തവണ മികച്ച മാനേജര്‍ക്കുള്ള പുരസ്‌കാരം നേടിയത്. 27 തവണയാണ് ഫെര്‍ഗൂസന്‍ ഈ അവാര്‍ഡ് സ്വന്തം പേരിലാക്കിയത്.

നിലവില്‍ ടെന്‍ ഹാഗിന്റെ കീഴില്‍ 15 റൗണ്ട് മത്സരങ്ങള്‍ കഴിയുമ്പോള്‍ ഒമ്പത് വിജയവും ആറ് തോല്‍വിയുമടക്കം 27 പോയിന്റുമായി ആറാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗല്‍ ഡിസംബര്‍ ഒമ്പതിന് ബേണ്‍മൗത്തിനെതിരെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അടുത്ത മത്സരം. റെഡ് ഡെവിള്‍സിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രഫോഡില്‍ ആണ് മത്സരം നടക്കുക.

Content Highlight: Eric ten hag won November best manger award in English premier league.

We use cookies to give you the best possible experience. Learn more