| Monday, 6th March 2023, 9:22 am

'തോല്‍ക്കാം, പക്ഷെ ഇങ്ങനെയൊരു തോല്‍വിയാകരുത്'; ലിവര്‍പൂളിനെതിരെയുള്ള തോല്‍വിക്ക് പിന്നാലെ എറിക് ടെന്‍ ഹാഗ്

സ്പോര്‍ട്സ് ഡെസ്‌ക്

പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെതിരെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. മറുപടിയില്ലാത്ത ഏഴ് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ മാഞ്ചസ്റ്റര്‍ യുുണൈറ്റഡിനെ നിലംപരിശാക്കിയത്.

തോല്‍വിക്ക് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോച്ച് എറിക് ടെന്‍ ഹാഗ്. തങ്ങളുടെ യഥാര്‍ത്ഥ കളിയല്ല കഴിഞ്ഞ ദിവസം ലിവര്‍പൂളിനെതിരെ അരങ്ങേറിയതെന്നും ടീം അംഗങ്ങളുമായി ഉടന്‍ സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘കളിയില്‍ തോല്‍ക്കാം, പക്ഷെ അത് ഞങ്ങള്‍ സെക്കന്‍ഡ് ഹാഫില്‍ തോറ്റത് പോലെയാകരുത്. ആദ്യ പകുതിയില്‍ ഞങ്ങള്‍ വളരെ മാന്യമായിട്ടാണ് കളിച്ചത്. ഞങ്ങള്‍ മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയും പിന്നീട് വലിയ പിഴവുകള്‍ വരുത്തുകയുമായിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയി വളരെ അണ്‍പ്രൊഫഷണലായിരുന്നു.

അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നു, ഞങ്ങള്‍ അതേ പറ്റി സംസാരിക്കാനിരിക്കുകയാണ്. രണ്ടാം പകുതിയില്‍ എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ല. ഇതല്ല ഞങ്ങള്‍ പിന്തുടരുന്ന സ്റ്റാന്‍ഡേര്‍ഡ്. ഞങ്ങള്‍ ഒരു ടീമായിട്ടല്ല കളിച്ചത്,’ ടെന്‍ ഹാഗ് പറഞ്ഞു.

സമീപകാലത്ത് അപരാജിത കുതിപ്പ് നടത്തുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഓര്‍ക്കാപ്പുറത്തേറ്റ പ്രഹരമാണ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം സംഭവിച്ചത്. കോഡി ഗാക്പോ, ഡാര്‍വിന്‍ നൂനസ്, മുഹമ്മദ് സലാ എന്നിവര്‍ ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോള്‍, റോബര്‍ട്ടോ ഫിര്‍മിനോയാണ് ശേഷിക്കുന്ന ഗോള്‍ നേടിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വികളില്‍ ഒന്നാണിത്.

മത്സരത്തിലുടനീളം ലിവര്‍പൂള്‍ ആധിപത്യം പുലര്‍ത്തുകയായിരുന്നു. 43ാം മിനിട്ടിലാണ് റോബര്‍ട്ട്സണിന്റെ അസിസ്റ്റില്‍ നിന്നും ഗാക്പോയിലൂടെ യുണൈറ്റഡ് ഗോള്‍ വേട്ടക്ക് തുടക്കം കുറിച്ചത്. 47ാം മിനിട്ടില്‍ ഹെഡറിലൂടെ നുനസ് ലീഡ് ഉയര്‍ത്തി.

66ാം മിനിട്ടില്‍ മുഹമ്മദ് സലായും ഗോള്‍ പട്ടികയില്‍ ഇടം പിടിച്ചു. 76ാം മിനിട്ടില്‍ നുനസ് വീണ്ടും ഒരു തകര്‍പ്പന്‍ ഹെഡറിലൂടെ ഗോള്‍ കണ്ടെത്തി. ഇതോടെ ലിവര്‍പൂള്‍ 5-0 ന് മുന്നില്‍.

83ാം മിനിട്ടില്‍ ഫിര്‍മിനോയുടെ അസിസ്റ്റില്‍ നിന്ന് സലാ ഗോള്‍ നേടിയപ്പോള്‍ നിശ്ചിത സമയം അവസാനിക്കാന്‍ രണ്ട് മിനിട്ട് മാത്രം ബാക്കി നില്‍ക്കെ സലായുടെ അസിസ്റ്റില്‍ നിന്ന് റോബര്‍ട്ടോ ഫിര്‍മിനോ യുണൈറ്റഡിന്റെ മേല്‍ അവസാന പ്രഹരവും ഏല്‍പ്പിച്ചു.

പരിശീലകന്‍ എറിക് ടെന്‍ ഹാഗിന്റെ മാനേജര്‍ കരിയറിലെ ഏറ്റവും വലിയ തോല്‍വി കൂടിയാണ് ഞായറാഴ്ചയിലേത്. പരിശീലകനായുള്ള 481ാമത്തെ മത്സരത്തിലായിരുന്നു ലിവര്‍പൂളിനെതിരെ ടെന്‍ ഹാഗിന്റെ ഈ നാണം കെട്ട തോല്‍വി.

അതേസമയം, വിജയത്തോടെ 25 കളികളില്‍ 42 പോയിന്റുമായി ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് ടേബിളില്‍ അഞ്ചാം സ്ഥാനത്തെത്തി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 49 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടരുന്നു.

Content Highlights: Eric Ten Hag’s reaction after Manchester United’s loss

We use cookies to give you the best possible experience. Learn more