| Saturday, 9th July 2022, 9:39 am

യുണൈറ്റഡിനെ 'ഭരിക്കാന്‍' ഒരുങ്ങി എരിക് ടെന്‍ ഹാഗ്

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് ശേഷം തിരിച്ചുവരാനുള്ള പുറപ്പാടിലാണ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. എന്നാല്‍ നിലവില്‍ നല്ല ഒരു അന്തരീക്ഷമല്ല ടീമില്‍ ഉള്ളതെന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇപ്പോഴിതാ പ്രീസീസണ്‍ മത്സരങ്ങള്‍ക്ക് മുന്നോടിയായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ ഹാഗ് തന്റെ ടീമിന് അഞ്ച് പുതിയ നിയമങ്ങള്‍ ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

ഈ സമ്മറിലാണ് അയാക്‌സില്‍ നിന്നും പരിശീലകന്‍ എറിക് ടെന്‍ ഹാഗ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ചേക്കേറിയത്. ചാമ്പ്യന്‍സ് ലീഗ് യോഗ്യത നഷ്ട്ടപ്പെട്ട് യൂറോപ്പ ലീഗിലേക്ക് തരംതാഴ്ത്തപ്പെട്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് ടെന്‍ ഹാഗ് നടത്തിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ സീസണിലെ പ്രധാനപ്രശ്‌നമായി ഉയര്‍ന്നു വന്നിരുന്നത് ഡ്രസിങ് റൂമില്‍ നടക്കുന്ന കാര്യങ്ങള്‍ ചോരുന്നു എന്നതായിരുന്നു. യുണൈറ്റഡിന്റെ ഇടക്കാല പരിശീലകനായിരുന്ന റാല്‍ഫ് റാഗ്‌നിക്കിനെയും താരങ്ങളെയും സംബന്ധിച്ച വിവരങ്ങള്‍ തുടര്‍ച്ചയായി മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നു. വിവരങ്ങള്‍ ഇനി മുതല്‍ ഏതെങ്കിലും താരങ്ങള്‍ പുറത്തുവിട്ടതായി അറിഞ്ഞാല്‍ അവര്‍ ടീമിന് പുറത്തായിരിക്കുമെന്ന് ടെന്‍ ഹാഗ് വാര്‍ണിങ് നല്‍കിയതായി ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡ്രസിങ് റൂമിലെ എത്ര പ്രധാനപ്പെട്ട താരമായാലും പരിശീലനത്തിന് വൈകി വന്നാല്‍ അവരെ പുറത്താക്കുമെന്നും ടെന്‍ ഹാഗ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മത്സരം നടക്കുന്ന ആഴ്ചകളില്‍ ടെന്‍ ഹാഗ് മദ്യം നിരോധിക്കുകയും ചെയ്തിട്ടുണ്ട്. താരങ്ങളുടെ ശാരീരിക അവസ്ഥകളില്‍ ടെന്‍ ഹാഗ് ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല.

ഭക്ഷണം കൂടുതല്‍ ആരോഗ്യകരമാക്കാന്‍ കാരിങ്ടണ്‍ ട്രെയിനിങ് ഗ്രൗണ്ടിലെ മെനുവില്‍ അദ്ദേഹം മാറ്റങ്ങള്‍ കൊണ്ട് വന്നിട്ടുണ്ട്. അതു പോലെ തന്നെ ഓരോ താരങ്ങളും അവരുടെ വ്യക്തിഗത പാചകക്കാരനോടൊപ്പം പ്രവര്‍ത്തിക്കുന്നതിനു പകരം എല്ലാ താരങ്ങളും ഒരു പാചകക്കാരന് കീഴില്‍ ഭക്ഷണം കഴിക്കുന്ന രീതി കൊണ്ട് വരുന്നതും ടെന്‍ ഹാഗ് പരിഗണിക്കുന്നു.

ഓരോ താരങ്ങള്‍ക്കും വ്യക്തിഗത ഡയറ്റ് പ്ലാനുകള്‍ നല്‍കി അവര്‍ മികച്ച ശാരീരികാവസ്ഥയില്‍ തുടരുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എല്ലാവരുടെയും ബോഡി മാസ് ഇന്‍ഡെക്‌സ് എല്ലാ മാസവും പരിശോധിക്കും.

തന്റെ ആശയങ്ങള്‍ കര്‍ശനമായി തോന്നുമെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയാണെങ്കില്‍ ഏജന്റിനോട് സംസാരിക്കുന്നതിനു പകരം തന്നോട് സൂചിപ്പിക്കണമെന്നും ടെന്‍ ഹാഗ് ആവശ്യപ്പെട്ടു. ചുറ്റുമുള്ളവരുമായി മികച്ച ബന്ധം പുലര്‍ത്താന്‍ ആഗ്രഹിക്കുന്ന ടെന്‍ ഹാഗ് എല്ലാത്തിന്റെയും നിലവാരം ഉയര്‍ത്തുന്നതിലൂടെ യുണൈറ്റഡിനെ മികച്ചതാക്കാനാകുമെന്ന് വിശ്വസിക്കുന്നു.

Content Highlights: Eric ten Hag is imposing new tasks in Manchester United

We use cookies to give you the best possible experience. Learn more