| Saturday, 15th July 2023, 8:36 am

വോട്ടിങ്ങൊന്നുമില്ല; ക്യാപ്റ്റനെ ഞാന്‍ തീരുമാനിക്കും: എറിക് ടെന്‍ ഹാഗ്

സ്പോര്‍ട്സ് ഡെസ്‌ക്

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ 2020 മുതല്‍ ക്യാപ്റ്റന്‍സി അലങ്കരിച്ച താരമാണ് ഹാരി മഗ്വെയര്‍. എന്നാല്‍ താരത്തിന്റെ പ്രകടനം യുണൈറ്റഡിന്റെ പ്രതീക്ഷക്കൊത്ത് ഉയരാത്തതിനാല്‍ സീസണിന്റെ അവസാനത്തോടെ മഗ്വയറെ വില്‍ക്കാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം. ഇതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പുതിയ ക്യാപ്റ്റനായി ആരെത്തുമെന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍.

വിഷയം പരിശീലകന്‍ എറിക് ടെന്‍ ഹാഗിനോട് ചോദിക്കപ്പെട്ടപ്പോള്‍ ഇത്തവണ ക്യാപ്റ്റനെ വോട്ടിങ്ങിലൂടെ തെരഞ്ഞെടുക്കില്ലെന്ന സൂചനയാണ് ലഭിച്ചത്. സാധാരണ ക്ലബ്ബിലെ എല്ലാ താരങ്ങളും വോട്ട് രേഖപ്പെടുത്തിയാണ് തങ്ങളുടെ ക്യാപ്റ്റനെ തെരഞ്ഞെടുക്കാറ്. എന്നാല്‍ ഇത്തവണ ഡ്രസിങ് റൂം വോട്ടിങ് അനുവദിക്കില്ലെന്നും താന്‍ തീരുമാനിക്കുന്നയാളായിരിക്കും ക്യാപ്റ്റനെന്നും തറപ്പിച്ച് പറഞ്ഞിരിക്കുകയാണ് ടെന്‍ ഹാഗ്.

2019ല്‍ ലെസ്റ്റര്‍ സിറ്റിയില്‍ നിന്ന് 85 മില്യണ്‍ പൗണ്ട് ട്രാന്‍സ്ഫര്‍ ഫീസിലാണ് മഗ്വയര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയത്. ആഷ്‌ലി യങ്ങിന്റെ പുറത്താകലിനെ തുടര്‍ന്ന് ക്ലബ്ബിലെത്തി ആറ് മാസത്തിനകം തന്നെ മഗ്വയര്‍ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടു. വിക്ടര്‍ ലിന്‍ഡലോഫ്, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, ലൂക്ക് ഷാ, റാഫേല്‍ വരാന്‍ എന്നിവര്‍ക്ക് പിന്നിലാണ് ടീമില്‍ അദ്ദേഹത്തിന്റെ സ്ഥാനം.

കഴിഞ്ഞ സീസണില്‍ 16 തവണ മാത്രമാണ് മഗ്വയറിന് ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കാനായത്. യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ സെവിയ്യക്കെതിരെ പുറത്തായത് മഗ്വയറിന്റെ പിഴവ് മൂലമായിരുന്നു. താരത്തിന്റെ അശ്രദ്ധ ആദ്യ ഇലവനിലെ സ്ഥാനം നഷ്ടപ്പെടുത്തിയതാണ് ക്ലബ്ബ് വിടാനുള്ള കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വേണ്ട കളി സമയം ലഭിച്ചില്ലെങ്കില്‍ ദേശീയ ടീമിലും സ്ഥാനം നഷ്ടപ്പെടുമോ എന്ന ആശങ്കയും താരത്തിനുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നിരുന്നാലും യുണൈറ്റഡ് വിടുകയാണെങ്കില്‍ താരത്തെ സ്വന്തമാക്കാന്‍ വെസ്റ്റ് ഹാം യുണൈറ്റഡ്, ടോട്ടന്‍ഹാം ഹോട്‌സ്പര്‍, ന്യൂകാസില്‍ യുണൈറ്റഡ് തുടങ്ങിയ ക്ലബ്ബുകള്‍ രംഗത്തുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlights: Eric Ten Hag about Manchester United Captaincy

We use cookies to give you the best possible experience. Learn more