പാരീസ് സെന്റ് ഷെര്‍മാങ്ങിന്റെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ ലോണില്‍ ടീമിനെത്തിക്കാന്‍ ശ്രമിക്കുന്നു എന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റ്ഡ് ബോസ് എറിക് ടെന്‍ ഹാഗ്. എംബാപ്പെയെ കുറിച്ചുള്ള ചോദ്യത്തിന് ഒറ്റ വരിയിലാണ് ടെന്‍ ഹാഗ് മറുപടി പറഞ്ഞത്.
അദ്ദേഹത്തിന്റെ വാക്കുകളെ ഉദ്ധരിച്ച് ട്രാന്‍സ്ഫര്‍ സ്‌പെഷ്യലിസ്റ്റും ഫുട്‌ബോള്‍ ജേണലിസ്റ്റുമായ ഫാബ്രീസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഒരു ലോങ് ടേം ലോണില്‍ എംബാപ്പെയെ മാഞ്ചസ്റ്റര്‍ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ‘കരാറിലുള്ള താരങ്ങളെ കുറിച്ചും ഞങ്ങള്‍ ഒന്നും സംസാരിക്കാറില്ല’ ടെന്‍ ഹാഗ് പറഞ്ഞു.
എംബാപ്പെക്കായി മാഞ്ചസ്റ്റര്‍ ശ്രമിക്കുന്നു എന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മറ്റൊരു താരത്തിന് വേണ്ടി ശ്രമിക്കുന്നതായ റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. അറ്റ്‌ലാന്റെ ബി.സിയുടെ മുന്നേറ്റ നിരയിലെ കരുത്തന്‍ റാസ്മസ് ഹോയ്‌ലണ്ടിനെയാണ് റെഡ് ഡെവിള്‍സ് ലക്ഷ്യമിടുന്നത്. ടീം റാസ്മസുമായി വാക്കാല്‍ കരാറിലെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നേരത്തെ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാല്‍ വന്‍ തുകയുമായി എംബാപ്പെയെ സമീപിച്ചിരുന്നു. ഈ ഡീലിന് വേണ്ടി പി.എസ്.ജി പച്ചക്കൊടി കാണിക്കുകയും ചെയ്തിരുന്നു. അടുത്ത സമ്മര്‍ അവസാനിക്കുന്നതോടെ ഫ്രീ ഏജന്റാകുന്ന എംബാപ്പെയെ ഈ സീസണില്‍ വന്‍തുകയ്ക്ക് വില്‍ക്കാന്‍ തന്നെയാകും പാരീസിയന്‍സും ലക്ഷ്യമിടുന്നത്.
എന്നാല്‍ എംബാപ്പെ റയല്‍ മാഡ്രിഡില്‍ ചേര്‍ന്ന് പന്ത് തട്ടാനാകും ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുമ്പ് ശ്രമിച്ച് പരാജയപ്പെട്ട തങ്ങളുടെ സ്വപ്‌ന സൈനിങ്ങിന് തന്നെയാണ് റയലും ശ്രമിക്കുന്നത്.
റയലില്‍ ചേരുന്നതിനായി എംബാപ്പെയും ചില നിബന്ധനകള്‍ മുമ്പോട്ട് വെച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിലൊന്നാണ് ഏഴാം നമ്പര്‍ ജേഴ്സി അണിയില്ല എന്ന തീരുമാനം.
പകരം പത്താം നമ്പര്‍ ജേഴ്‌സിയാണ് താരം ആവശ്യപ്പെടുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ ക്രൊയേഷ്യന്‍ സൂപ്പര്‍ താരം ലൂക്കാ മോഡ്രിച്ചാണ് റയലിലെ പത്താം നമ്പര്‍ താരം.
എന്നാല്‍ മോഡ്രിച്ച് റയലില്‍ തന്നെ തുടരുകയാണെങ്കില്‍ താരം കാത്തിരിക്കാന്‍ തയ്യാറാണെന്നും എല്‍ നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കരീം ബെന്‍സെമ ടീം വിട്ടതോടെ ഒഴിഞ്ഞുകിടക്കുന്ന അദ്ദേഹത്തിന്റെ ഒമ്പതാം നമ്പര്‍ ജേഴ്‌സിയാണ് ലഭിക്കുന്നതെങ്കിലും എംബാപ്പെ സന്തുഷ്ടനായിരിക്കുമെന്നും എന്നാല്‍ ഒരിക്കലും ഏഴാം നമ്പറിലേക്ക് മടങ്ങിപ്പോകില്ല എന്നുമാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.
Content Highlight: Eric ten Had about Kylian Mbappe’s move to Manchester United