മെസിയെപ്പോലൊരാള്‍ അല്ല, പി.എസ്.ജിക്ക് കുറച്ചുകൂടി നിശ്ചയദാര്‍ഢ്യമുള്ള താരം വേണം; രൂക്ഷവിമര്‍ശനവുമായി മുന്‍ താരം
Football
മെസിയെപ്പോലൊരാള്‍ അല്ല, പി.എസ്.ജിക്ക് കുറച്ചുകൂടി നിശ്ചയദാര്‍ഢ്യമുള്ള താരം വേണം; രൂക്ഷവിമര്‍ശനവുമായി മുന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 18th March 2023, 7:30 pm

ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയില്‍ ലയണല്‍ മെസി ഫിറ്റ് അല്ലെന്ന് മുന്‍ താരം എറിക് റബേസന്ദ്രറ്റാന. പി.എസ്.ജിക്ക് വേണ്ടി മെസി നേടിയിട്ടുള്ള ഗോള്‍ ഒക്കെ കൊള്ളാമെന്നും പക്ഷെ ക്ലബ്ബിന്റെ ഭാവി പദ്ധതികള്‍ക്ക് യോജിക്കുന്ന താരമല്ല മെസിയെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങള്‍ റബേസന്ദ്രറ്റാന ഫ്രാന്‍സ് ബ്ലൂ പാരീസിനോട് പറഞ്ഞതായി കനാല്‍ സപ്പോര്‍ട്ടേഴ്‌സ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.

‘ലയണല്‍ മെസിയെക്കുറിച്ച് പറയുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. കണക്കുകള്‍ നോക്കുമ്പോള്‍ 65 കളികളില്‍ നിന്ന് മെസി 29 ഗോളും 31 അസിസ്റ്റുകളും പി.എസ്.ജിക്കായി നേടിയിട്ടുണ്ട്.

പക്ഷെ ചാമ്പ്യന്‍സ് ലീഗിലെ കാര്യം നോക്കുകയാണെങ്കില്‍ നിരാശയാണ് ഫലം. ഇതുപോലെയുള്ള കളികള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടത്. അതുകൊണ്ടാണ് മെസിയുടെ കാര്യത്തില്‍ ഞങ്ങള്‍ നിരാശരായത്.

മെസിയില്‍ നിന്ന് അത്തരത്തിലുള്ള നിശ്ചയദാര്‍ഢ്യമൊന്നും കാണാന്‍ സാധിക്കുന്നില്ല. എന്നാല്‍ ലോകകപ്പിന്റെ സമയത്ത് മറ്റൊരു മെസിയെയായിരുന്നു കണ്ടിരുന്നത്. അര്‍ജന്റീനക്കായി മുഴുവന്‍ ടീമും കളിച്ചപ്പോഴും മെസിയുടെ ഡിറ്റര്‍മിനേഷന്‍ വേറിട്ട് കാണാമായിരുന്നു.

പി.എസ്.ജിയില്‍ എത്തിയ സമയം വെച്ച് നോക്കുമ്പോള്‍ മെസി ഇപ്പോള്‍ എത്രയോ ബേധമാണ്. പക്ഷെ ഇത് പോരാ. മെസിയെ പോലൊരു താരത്തില്‍ നിന്ന് ഞങ്ങള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട്. പി.എസ്.ജി മെസിയുടെ കരാര്‍ പുതുക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ ക്ലബ്ബില്‍ അദ്ദേഹം ഫിറ്റ് അല്ലെന്നാണ് ഞാന് മനസിലാക്കുന്നത്. കൂടുതല്‍ നിശ്ചയദാര്‍ഢ്യമുള്ള താരങ്ങളെയാണ് ഞങ്ങള്‍ക്കാവശ്യം,’ റബേസന്ദ്രറ്റാന പറഞ്ഞു.

അതേസമയം, പാരിസ് ക്ലബ്ബായ പി.എസ്.ജിയില്‍ മെസിയുടെ ഭാവി ഇനിയും അനശ്ചിതത്വത്തിലാണ്. ജൂണ്‍ മാസത്തോടെ ക്ലബ്ബിലെ കരാര്‍ അവസാനിച്ച് ഫ്രീ ഏജന്റ് ആയി മാറുന്ന മെസിയെ സൈന്‍ ചെയ്യാന്‍ ഇന്റര്‍ മിയാമി, അല്‍ ഹിലാല്‍, ബാഴ്സലോണ തുടങ്ങി നിരവധി ക്ലബ്ബുകള്‍ക്ക് താല്‍പര്യമുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോട്ടുകള്‍.

എന്നാല്‍ പി.എസ്.ജി മാനേജ്മെന്റിന് താരത്തെ 2024 വരെയെങ്കിലും ക്ലബ്ബില്‍ പിടിച്ചു നിര്‍ത്തണമെന്ന് താല്‍പര്യമുണ്ടെന്ന് നേരത്തെ ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നിരുന്നാലും താരം വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പി.എസ്.ജിയിലെ കരാര്‍ അവസാനിച്ചതിന് ശേഷം മെസിയുടെ ഭാവി എന്തെന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍.

ഈ സീസണില്‍ 31 മത്സരങ്ങളില്‍ നിന്നും 18 ഗോളുകളും 17 അസിസ്റ്റുകളുമാണ് മെസി ഇതുവരെ സ്‌കോര്‍ ചെയ്തത്. നിലവില്‍ 27 മത്സരങ്ങളില്‍ നിന്നും 21 വിജയങ്ങളോടെ 66 പോയിന്റുമായി ലീഗ് വണ്ണില്‍ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി

മാര്‍ച്ച് 19ന് റെന്നെസിനെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

Content Highligts: Eric Rabesandratana criticizes Lionel Messi