ലാ ലിഗയില്‍ അല്‍മിറക്കെതിരെ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ബാഴ്‌സലോണക്കെതിരെ രൂക്ഷവിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. ബാഴ്‌സലോണയുടെ ഡിഫന്‍ഡിങ് താരം എറിക് ഗാര്‍ഷ്യയാണ് കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയനായത്.
സ്റ്റാര്‍ട്ടിങ് ലൈനപ്പില്‍ പ്രതിരോധ നിരയില്‍ ആന്‍ഡ്രിയാസ് ക്രിസ്‌റ്റെന്‍സിന്‍ പങ്കാളിയായി എത്തിയ താരത്തിന് മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനായിരുന്നില്ല.
മത്സരത്തില്‍ താരത്തിന് യെല്ലോ കാര്‍ഡും ലഭിച്ചിരുന്നു. നീണ്ട 67 മിനിട്ട് കളത്തില്‍ തുടര്‍ന്നിട്ടും ഫോമിലെത്താന്‍ സാധിക്കാത്തതിനാല്‍ താരത്തെ പിന്‍വലിക്കുകയായിരുന്നു.
2021ലാണ് ഗാര്‍ഷ്യ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും ബാഴ്‌സയിലെത്തിയത്. ബ്ലൂഗ്രാനക്കായി 55 മാച്ചുകളില്‍ കളിച്ചെങ്കിലും പ്രതീക്ഷക്കൊത്ത നിലവാരത്തിലേക്കെത്താന്‍ താരത്തിനായിട്ടില്ല.
ഗാര്‍ഷ്യയെ ഉടന്‍ കപ്പല്‍ കയറ്റി കാഡിസിലേക്ക് തിരിച്ചയക്കണമെന്നും അയാളെ ഇനിയും ബാഴ്‌സയില്‍ നിര്‍ത്തരുതെന്നും ആരാധകരില്‍ ചിലര്‍ ട്വീറ്റ് ചെയ്തു. ലാ ലിഗയെ പ്രധാന ടൂര്‍ണമെന്റായിട്ടാണ് കാണുന്നതെങ്കില്‍ എന്തിനാണ് ഗാര്‍ഷ്യയെ പോലൊരാളെ സ്റ്റാര്‍ട്ടിങ്ങില്‍ ഇറക്കിയതെന്നും ട്വീറ്റുകളുണ്ട്.
അതേസമയം, ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അല്‍മിറ ബാഴ്സയെ കീഴ്പ്പെടുത്തിയത്. യൂറോപ്പാ ലീഗിലെ പ്രീ ക്വാര്‍ട്ടര്‍ ക്വാളിഫിക്കേഷന്‍ മത്സരത്തിന്റെ രണ്ടാം പാദത്തിലും ബാഴ്സലോണ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് തോല്‍വി വഴങ്ങി ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു.
യൂറോപ്പയില്‍ നിന്നും പുറത്തായതോടെ കോപ്പാ ഡെല്‍ റേ വിജയിക്കാനുള്ള ശ്രമത്തിലാണ് ബാഴ്‌സയിപ്പോള്‍. മാര്‍ച്ച് മൂന്നിന് റയല്‍ മാഡ്രിഡിനെതിരെയാണ് കോപ്പാ ഡെല്‍ റേ സെമി ഫൈനലില്‍ ബാഴ്സലോണയുടെ മത്സരം.
Content Highlights: Eric Garcia gets criticized by Barcelona fans