പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം എറിക് കന്റോണ. വളരെ വ്യത്യസ്തനായ കളിക്കാരനൊണ് റൊണാള്‍ഡോയെന്നും പ്രായം കൂടുന്നതിനൊപ്പം കഴിവുകള്‍ നഷ്ടപ്പെടുമെന്ന യാഥാര്‍ത്ഥ്യം അദ്ദേഹം മനസിലാക്കുന്നില്ലെന്നും കന്റോണ പറഞ്ഞു.
‘കരിയറിന്റെ അവസാനം രണ്ട് തരം കളിക്കാരെ നിങ്ങള്‍ക്ക് കാണാനാകും. എന്നെപ്പോലെ ചെറിയ പ്രായത്തില്‍ വിരമിക്കുന്നവരും 40 വയസുവരെ കളിയില്‍ തുടരുന്നവരും. അവര്‍ ധരിച്ചുവെച്ചിരിക്കുന്നത് ഇപ്പോഴും പ്രായം 25 ആണെന്നാണ്. അവര്‍ യുവതാരങ്ങളുടെ അവസരമാണ് നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
അവര്‍ക്ക് നന്നായിട്ടറിയാം എല്ലാ മത്സരവും കളിക്കാനാകില്ലെന്ന്. അവര്‍ ചെയ്യേണ്ടത് യുവതാരങ്ങളെ സഹായിക്കുക എന്നതാണ്. സ്ലാറ്റന്‍ ഇബ്രാഹിമോവിച് എ.സി മിലാനില്‍ ചെയ്യുന്നതുപോലെ. അല്ലെങ്കില്‍ റയാന്‍ ഗിഗ്‌സും പൗലോ മല്‍ദിനിയും ചെയ്യുന്നത് പോലെ.
പക്ഷേ എനിക്ക് തോന്നുന്നു ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് അത് മനസിലാകുന്നില്ലെന്ന്. അയാള്‍ക്ക് പ്രായമായെന്നും ഇനി താന്‍ ചെയ്യേണ്ടത് ചെറുപ്പക്കാരായ താരങ്ങളെ സഹായിക്കുകയാണെന്നും റൊണാള്‍ഡോ തിരിച്ചറിയുന്നില്ല,’ കന്റോണ പറഞ്ഞു.
നമ്മള്‍ ചെയ്യുന്ന എല്ലാ കാര്യത്തിലും പ്രായത്തെ മാനിക്കണമെന്നും ഫുട്‌ബോളില്‍ മാത്രമല്ലെന്നും കന്റോണ പറഞ്ഞു. നിങ്ങള്‍ക്ക് 80 വയസുവരെ പാടാനും അഭിനയിക്കാനും സാധിക്കുമെന്നും എന്നാല്‍ ഫുട്‌ബോളിന്റെ കാര്യം അങ്ങനെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ ജനുവരിയില്‍ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയ റൊണാള്‍ഡോ ജനുവരി 19ന് പി.എസ്.ജിക്കെതിരെയാണ് തന്റെ അരങ്ങേറ്റ മത്സരം കളിക്കുക. ക്ലബ്ബിലെത്തിയതിന് ശേഷം റൊണാള്‍ഡോ ഇതുവരെ മത്സരത്തിനിറങ്ങിയിട്ടില്ല.
ഇംഗ്ലണ്ട് ഫുട്ബോള്‍ അസോസിയേഷന്‍ (എഫ്.എ) ഏര്‍പ്പെടുത്തിയ രണ്ട് മത്സര വിലക്കുള്ളതിനാലാണ് റൊണാള്‍ഡോയുടെ അരങ്ങേറ്റം വൈകിയത്. സൗദി പ്രോ ലീഗില്‍ 14ന് അല്‍ ഷബാബിനെതിരെ നടക്കുന്ന മത്സരത്തിലും റൊണാള്‍ഡോ കളിക്കില്ലെന്ന് അല്‍ നസര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
എത്തിഫാഖിനെതിരെ നടക്കുന്ന മത്സരത്തിലാകും റൊണാള്‍ഡോ അല്‍ നസര്‍ ജേഴ്സിയില്‍ ഇറങ്ങുക എന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പി.എസ്.ജിക്കെതിരായ മത്സരത്തില്‍ തന്നെ അല്‍ നസര്‍ റൊണാള്‍ഡോയെ കളിപ്പിച്ചേക്കുമെന്നാണ് അല്‍ നസര്‍ പരിശീലകന്‍ റൂഡി ഗാര്‍ഷ്യ അറിയിച്ചത്.