പോര്‍ച്ചുഗീസ് സൂപ്പര്‍ താരം റൊണാള്‍ഡോയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്‍ താരമായ എറിക് ബെയ്‌ലി.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പമുള്ള റൊണാള്‍ഡോയുടെ കരിയര്‍ അവസാനിപ്പിച്ചത് നാണക്കേടായെന്നും റെഡ് ഡെവിള്‍സിനായി റൊണാള്‍ഡോയ്ക്ക് കൂടുതല്‍ മികച്ച സംഭാവനകള്‍ നല്‍കാമായിരുന്നെന്നുമാണ് ബെയ്‌ലി പറഞ്ഞത്.
‘റൊണാള്‍ഡോ അന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് മടങ്ങിയെത്തി. അവന്‍ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്. അവന്‍ വീണ്ടും മൊഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് മടങ്ങിയെത്തി ടീമിന് ധാരാളം സംഭാവനകള്‍ നല്‍കി. അവനെ പോലൊരു താരം ടീമില്‍ നിലനില്‍ക്കുന്നത് വലിയ കാര്യമായിരുന്നു എന്നാല്‍ അവന്‍ ക്ലബ്ബ് വിട്ടുപോയി അത് വളരെ നാണക്കേടായിരുന്നു,’ എല്‍ എക്വിപ്പുമായുള്ള അഭിമുഖത്തില്‍ എറിക് ബെയ്ലി പറഞ്ഞു.
റൊണാള്‍ഡോ 2021ലാണ് ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്റസില്‍ നിന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ എത്തുന്നത്. റെഡ് ഡെവിള്‍സിനായി 27 ഗോളുകളും അഞ്ച് അസിസ്റ്റുകളുമാണ് റൊണാള്‍ഡോ നേടിയത്.
എന്നാല്‍ 2022 അവസാനം ആയപ്പോഴേക്കും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ ഹാഗിന്റെ കീഴില്‍ റൊണാള്‍ഡോ പ്ലെയിങ് ഇലവനില്‍ താരതമ്യേന അവസരങ്ങള്‍ കുറഞ്ഞുവന്നു. ഇതിനുപിന്നാലെ 2023ല്‍ റൊണാള്‍ഡോ ഓള്‍ഡ് ട്രാഫോഡില്‍ നിന്നും സൗദി വമ്പന്‍മാരായ അല്‍ നസറിലേക്ക് ചേക്കേറുകയായിരുന്നു.
അല്‍ നസറിനായി മിന്നും പ്രകടനം ആണ് റോണോ കാഴ്ചവെച്ചത്. ഈ സീസണില്‍ സൗദി വമ്പന്‍മാര്‍ക്കായി 23 ഗോളുകളും 11 അസിസ്റ്റുകളും ആണ് ഈ 38കാരന്‍ നേടിയത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങളായ ഇംഗ്ലണ്ടിന്റെ മാര്‍ക്കസ് റാഷ്‌ഫോഡിനെകുറിച്ചും ബ്രസീലിയന്‍ താരം ആന്റണിയെകുറിച്ചും ബെയ്ലി പറഞ്ഞു.
‘എനിക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ ഒരുപാട് താരങ്ങളെ അറിയാമായിരുന്നു. എന്നാല്‍ അവരെക്കുറിച്ച് എല്ലാം പറയുകയാണെങ്കില്‍ ഈ അഭിമുഖം പോരാതെ വരും. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ഒരുപാട് വിശ്വസനീയമായ പ്രതിഭകള്‍ ഉണ്ടായിരുന്നു. റാഷ്‌ഫോഡും ആന്റണിയും എന്നെ വളരെയധികം അത്ഭുതപ്പെടുത്തിയിരുന്നു,’ ബെയ്ലി കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവില്‍ 20 മത്സരങ്ങളില്‍ നിന്നും 10 വിജയവും ഒരു സമനിലയും ഒമ്പത് തോല്‍വിയും അടക്കം 31 പോയിന്റുമായി എട്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.
എഫ്.എ കപ്പില്‍ ജനുവരി ഒമ്പതിന് വിഗാന്‍ അത്ലറ്റിക്കുമായാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അടുത്ത മത്സരം.
Content Highlight: Eric Bailly talks about Cristiano Ronaldo.