| Thursday, 18th May 2023, 10:12 pm

അധികാരത്തിലെത്തിയാല്‍ എര്‍ദൊഗാന്‍ കൊണ്ടുവന്ന മുഴുവന്‍ അഭയാര്‍ത്ഥികളെയും ഒഴിപ്പിക്കും: പ്രതിപക്ഷ പാര്‍ട്ടി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അങ്കാറ: തുര്‍ക്കിയില്‍ മെയ് 28ന് നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വിജയിച്ചാല്‍ രാജ്യത്തെ മുഴുവന്‍ അഭയാര്‍ത്ഥികളെയും ഒഴിപ്പിക്കുമെന്ന് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് കെമാല്‍ കിലിക്ദറോഗ്ഗു (kilicdarogu). എര്‍ദോഗന്‍ സര്‍ക്കാര്‍ അഭയാര്‍ത്ഥികളെ വ്യാപകമായി രാജ്യത്തേക്ക് കൊണ്ടുവന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

‘എര്‍ദൊഗാന്‍, നിങ്ങള്‍ക്ക് രാജ്യത്തിന്റെ അതിര്‍ത്തിയും മഹത്വവും സംരക്ഷിക്കാന്‍ സാധിച്ചില്ല. നിങ്ങള്‍ 10 മില്യണിലധികം അഭയാര്‍ത്ഥികളെ രാജ്യത്ത് മനപ്പൂര്‍വം കൊണ്ടുവരികയായിരുന്നു. ഞാന്‍ അധികാരത്തിലെത്തിയാല്‍ അവരെ തിരികെ വീട്ടിലേക്ക് അയക്കും,’ അദ്ദേഹം പറഞ്ഞു.

അതേസമയം യാതൊരു കണക്കുകളുടെയും അടിസ്ഥാനമില്ലാതെയാണ് കിലിക്ദറോഗ്ഗു അഭയാര്‍ത്ഥികളുടെ എണ്ണം അവതരിപ്പിച്ചതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഐക്യരാഷ്ട്ര സഭയുടെ കണക്ക് പ്രകാരം നാല് മില്യണ്‍ അഭയാര്‍ത്ഥികളാണ് തുര്‍ക്കിയിലുള്ളതെന്ന് മിഡില്‍ ഈസ്റ്റ് ഐയും റിപ്പോര്‍ട്ട് ചെയ്തു. അതില്‍ ഭൂരിഭാഗവും സിറിയക്കാരാണ്. എന്നാല്‍ രാജ്യത്തിന്റെ വളരെ കാലമായുള്ള നയം കാരണം സിറിയന്‍ ജനതയെ അതിഥികളായാണ് കണക്കാക്കുന്നത്.

നേരത്തെ സിറിയക്കാരുടെ സാന്നിധ്യം തുര്‍ക്കിയില്‍ വ്യാപകമായ രോഷം സൃഷ്ടിച്ചിരുന്നു. ആ സമയത്ത് തന്നെ ഇരു രാഷ്ട്രീയ പാര്‍ട്ടികളും സിറിയന്‍ ജനതയെ തിരികെ അയക്കുമെന്ന വാഗ്ദാനവും നല്‍കിയിരുന്നു.

ഇതിനോടകം തന്നെ കിലിക്ദറോഗ്ഗുവിന്റെ പ്രസ്താവന സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. കിലിക്ദറോഗ്ഗുവിന് അഭയാര്‍ത്ഥികളോടുള്ള സ്വാഭാവികമായുള്ള വിദ്വേഷമാണിതെന്നാണ് കൂടുതലും വരുന്ന കമന്റുകള്‍.

ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ തുര്‍ക്കിയില്‍ ആര്‍ക്കും വിജയിക്കാനായിരുന്നില്ല. ആദ്യഘട്ട വോട്ടെടുപ്പില്‍ എ.കെ.പി സ്ഥാനാര്‍ത്ഥിയായ പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദൊഗാന്‍ 49.50 ശതമാനം വോട്ടുകള്‍ സ്വന്തമാക്കിയെങ്കിലും പകുതി വോട്ടുകള്‍ എന്ന മാര്‍ക്ക് മറികടക്കാനായിരുന്നില്ല. കിലിക്ദറോഗ്ലു 44.89 ശതമാനം വോട്ടുകളായിരുന്നു നേടിയത്.

തുടര്‍ന്ന് ആദ്യ റൗണ്ടില്‍ ഒരു സ്ഥാനാര്‍ത്ഥിയും 50 ശതമാനത്തിലേറെ വോട്ടുകള്‍ നേടാത്ത സാഹചര്യത്തില്‍ ഏറ്റവും മുന്നിലുള്ള രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കിടയില്‍ മെയ് 28ന് വീണ്ടും വോട്ടെടുപ്പ് നടത്താനാണ് തീരുമാനമെന്ന് തുര്‍ക്കി ഹൈ ഇലക്ഷന്‍ ബോര്‍ഡ് (വൈ.എസ്.കെ) തലവന്‍ അറിയിക്കുകയായിരുന്നു.

content highlight: kilicdarogu  about refugees in turkey

We use cookies to give you the best possible experience. Learn more