| Wednesday, 3rd April 2019, 10:52 am

തെരഞ്ഞെടുപ്പില്‍ തോറ്റിട്ടും ജയിച്ചത് തങ്ങളാണെന്ന അവകാശവാദവുമായി എര്‍ദോഗന്റെ പാര്‍ട്ടി; ജയം അവകാശപ്പെട്ട് പോസ്റ്ററുകളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

അങ്കാറ: തെരഞ്ഞെടുപ്പില്‍ തോറ്റിട്ടും ജയിച്ചത് തങ്ങളാണെന്ന അവകാശവാദത്തോടെ തുര്‍ക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ് ഡവലപ്പ്‌മെന്റ് പാര്‍ട്ടി (എ.കെ.പി).

ഇസ്താംബുളില്‍ പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ എക്‌റം ഇമാമോഗ്ലു 28000 വോട്ടുകള്‍ക്ക് വിജയിച്ചതായി അനാഡോളു വാര്‍ത്താ ഏജന്‍സി തിങ്കളാഴ്ച റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍ ഇതിനു പിന്നാലെയും വിജയിച്ചത് എ.കെ.പി സ്ഥാനാര്‍ത്ഥിയാണെന്ന അവകാശവാദത്തോടെ പാര്‍ട്ടി രംഗത്തുവരികയായിരുന്നു.

എ.കെ.പിയുടെ ബിനാലി യില്‍ഡിരിം ജയിച്ചതായി അറിയിച്ചുകൊണ്ട് പലയിടങ്ങളിലും പോസ്റ്ററുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പൊതുമൈതാനങ്ങളിലും കെട്ടിടങ്ങളിലും ഇത്തരം പോസ്റ്ററുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.

സംഘര്‍ഷ സാധ്യത മുന്നില്‍കണ്ട് സുപ്രീം ഇലക്ഷന്‍ ബോര്‍ഡിന്റെ ഇസ്താംബുളിലെ ഹെഡ്ക്വാട്ടേഴ്‌സിനു മുന്നില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

അതിനിടെ, വീണ്ടും വോട്ടെണ്ണണമെന്ന് ആവശ്യപ്പെട്ട് എ.കെ.പി കഴിഞ്ഞദിവസം പരാതി നല്‍കിയിരുന്നു. ഏപ്രില്‍ 12നാണ് പരാതിയില്‍ ഇലക്ഷന്‍ ബോര്‍ഡ് അന്തിമ തീരുമാനമെടുക്കുക.

തുര്‍ക്കിയിലെ രണ്ട് വലിയ നഗരങ്ങളില്‍ നേരിട്ട തിരിച്ചടി എ.കെ.പിയെ ഞെട്ടിച്ചിരുന്നു. തലസ്ഥാന നഗരിയായ അങ്കാറയിലും വാണിജ്യ കേന്ദ്രമായ ഇസ്താംബുളിലും എ.കെ പാര്‍ട്ടി നേരിട്ട തിരിച്ചടിയാണ് എര്‍ദോഗനെ ഞെട്ടിച്ചത്. രാജ്യവ്യാപകമായി എ.കെ പാര്‍ട്ടിയും സഖ്യകക്ഷികളും 50%ത്തിലേറെ വോട്ടുനേടിയപ്പോഴാണ് അങ്കാറയിലും ഇസ്താംബുളിലും ഈ തിരിച്ചടി നേരിട്ടിരിക്കുന്നത്.

We use cookies to give you the best possible experience. Learn more