തുര്‍ക്കി തെരഞ്ഞെടുപ്പ്; വീണ്ടും എര്‍ദോഗന്‍ യുഗം
world
തുര്‍ക്കി തെരഞ്ഞെടുപ്പ്; വീണ്ടും എര്‍ദോഗന്‍ യുഗം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th June 2018, 8:24 am

അന്‍കാര: തുര്‍ക്കിയുടെ നിലവിലെ പ്രസിഡന്റ് റെസെപ് തായിപ്പ് എര്‍ദോഗന് തുര്‍ക്കി തെരഞ്ഞെടുപ്പില്‍ വിജയം. രാജ്യത്തെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ ആദ്യ റൗണ്ടില്‍ എര്‍ദോഗന്‍ വിജയിച്ചതായി തെരഞ്ഞെടുപ്പ് നേതൃത്വം അറിയിച്ചു.

രാജ്യത്തെ മാധ്യമങ്ങളുടെ കണക്കുകള്‍ പ്രകാരം ഭരണഘടനാ ഭേദഗതിയിലൂടെ പാര്‍ലമെന്‍ററി സമ്പ്രദായത്തില്‍ നിന്ന് പ്രസിഡന്‍ഷ്യല്‍ ഭരണരീതിയിലേക്ക് മാറിയ ശേഷമുള്ള നിര്‍ണായക തെരഞ്ഞെടുപ്പില്‍ 53 ശതമാനം വോട്ടുകളാണ് എര്‍ദോഗന് ലഭിച്ചിട്ടുള്ളത്. മുഖ്യ എതിരാളി റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി നേതാവ്  മുഹറെം ഇന്‍ജിന് ലഭിച്ചത് 31 ശതമാനം വോട്ടുകളും. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.



തെരഞ്ഞെടുപ്പ് ഫലം എന്തായാലും ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് പ്രതിപക്ഷം പ്രതികരിച്ചു. വെള്ളിയാഴ്ചയാണ് അന്തിമഫലം ഔദ്യോഗികമായി പുറത്ത് വരിക. ജനാധിപത്യത്തില്‍ ഒരു മുഖ്യപാഠം ലോകത്തെ പഠിപ്പിച്ചു എന്നായിരുന്നു എര്‍ദോഗന്റെ പ്രതികരണം.

2016ലെ പട്ടാള അട്ടിമറി ശ്രമത്തിന് ശേഷം പ്രഖ്യാപിച്ച അടിയന്തരാവസ്ഥ തുര്‍ക്കിയില്‍ ഇപ്പോഴും തുടരുകയാണ്. 2019 നവബംറിലായിരുന്നു പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കേണ്ടതെങ്കിലും എര്‍ദോഗന്‍ നേരത്തെ നടത്തുകയായിരുന്നു.


ALSO READ: എ.ഐ.സി.സി സെക്രട്ടറിയെ തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് അധ്യക്ഷന്‍; വി.എം സുധീരന്‌ മറുപടിയുമായി കെ.ശ്രീനിവാസന്‍


2014ല്‍ പ്രസിഡന്റ് പദവിയിലെത്തുന്നതിന് മുമ്പ് 11 വര്‍ഷം പ്രധാനമന്ത്രിയായിരുന്നയാളാണ് എര്‍ദോഗന്‍. ഇത്തവണ കൂടി ജയിച്ചാല്‍ പ്രസിഡന്റിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനയ്ക്ക് കീഴില്‍ എര്‍ദോഗന്‍ വീണ്ടും പ്രസിഡന്റാവും. പ്രസിഡന്റിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനാ ഹിതപരിശോധന പാസായ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്.


ALSO READ: അര്‍ദ്ധരാത്രിയില്‍ വാജ്‌പേയിയെ കാണാന്‍ നരേന്ദ്രമോദി എയിംസ് ആശുപത്രിയില്‍


അധികാരത്തിലെത്തിയാല്‍ എര്‍ദോഗന്റെ ഏകാധിപത്യ ഭരണത്തില്‍ നിന്ന് തുര്‍ക്കിയെ മോചിപ്പിക്കുമെന്ന് ഇന്‍ജ വാഗ്ദാനം ചെയ്തിരുന്നു. 16 വർഷമായി തുർക്കിയെ നയിക്കുന്ന എര്‍ദോഗന് തന്‍റെ രാഷ്ട്രീയജീവിതത്തില്‍‌ നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ഈ പൊതുതെരഞ്ഞെടുപ്പ്.