'നിങ്ങള്‍ക്ക് ഞങ്ങളെ മാനവികത പഠിപ്പിക്കാനാവില്ല, തുര്‍ക്കിയോട് കളിക്കരുത്', മക്രോണിന് മറുപടിയുമായി എര്‍ദൊഗാന്‍, വാഗ്വാദം തുടരുന്നു
World News
'നിങ്ങള്‍ക്ക് ഞങ്ങളെ മാനവികത പഠിപ്പിക്കാനാവില്ല, തുര്‍ക്കിയോട് കളിക്കരുത്', മക്രോണിന് മറുപടിയുമായി എര്‍ദൊഗാന്‍, വാഗ്വാദം തുടരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th September 2020, 11:00 am

ഇസ്താംബൂള്‍: തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാനും ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണും തമ്മിലുള്ള തര്‍ക്കം തുടരുന്നു. മക്രോണിന് തുര്‍ക്കിയെ മാനവികത പഠിപ്പിക്കാനാവില്ലെന്നും ഫ്രാന്‍സിന്റെ കൂട്ടക്കൊലകളുടെ ചരിത്രം മക്രോണ്‍ ഓര്‍ക്കണമെന്നും എര്‍ദൊഗാന്‍ പറഞ്ഞു.

തെക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ ഉച്ചകോടിക്കു മുന്നോടിയായി മക്രോണ്‍ നടത്തിയ പരാമര്‍ശത്തിന് മറുപടിയായാണ് എര്‍ദൊഗാന്റെ പ്രസ്താവന. തുര്‍ക്കിഷ് ഗവണ്‍മെന്റിനോട് കര്‍ശനമായി പെരുമാറണമെന്നും തുര്‍ക്കിഷ് ജനത എര്‍ദൊഗാന്‍ സര്‍ക്കാരിനേക്കാള്‍ മികച്ചത് അര്‍ഹിക്കുന്നുണ്ടെന്നുമായിരുന്നു ഫ്രാന്‍സ് പ്രസിഡന്റിന്റെ പരാമര്‍ശം. ഗ്രീസ്-തുര്‍ക്കി അസ്വാരസ്യങ്ങള്‍ സൂചിപ്പിച്ചായിരുന്നു മക്രോണിന്റെ പ്രതികരണം.

ലിബിയ തീരത്ത് ഒരു ഫ്രഞ്ച് കപ്പലുമായി തുര്‍ക്കി സേന അസ്വീകാര്യമായ ഏറ്റുമുട്ടല്‍ നടത്തിയത് ചൂണ്ടിക്കാണിച്ച മക്രോണ്‍ തുര്‍ക്കി ഇപ്പോള്‍ മെഡറ്ററേനിയന്‍ മേഖലയില്‍ ഒരു പങ്കാളിയല്ല എന്നും പറഞ്ഞിരുന്നു. ഇതില്‍ മക്രോണിനെ നേരിട്ട് പരാമര്‍ശിച്ചു കൊണ്ടാണ് എര്‍ദൊഗാന്റെ മറുപടി.

‘നിങ്ങള്‍ക്ക് ഞങ്ങളെ മാനവികതെ പറ്റി പഠിപ്പിക്കാന്‍ കഴിയില്ല. നിങ്ങള്‍ക്ക് ചരിത്രത്തെ പറ്റി ഒന്നുമറിയില്ല, ഫ്രാന്‍സിന്റെ ചരിത്രം നിങ്ങള്‍ക്ക് അറിയില്ല,’ എര്‍ദൊഗാന്‍ പറഞ്ഞു.

അള്‍ജീരിയയില്‍ ഒരു ദശലക്ഷം പേര്‍ കൊല്ലപ്പെടാനിടയായ ചരിത്രത്തിലെ കൂട്ടക്കൊലയും റ്വുവാണ്ടയില്‍ എട്ട് ലക്ഷം പേര്‍ കൊല്ലപ്പെട്ടതും എര്‍ദൊഗാന്‍ മറുപടിയില്‍ പരാമര്‍ശിച്ചു. ‘ തുര്‍ക്കിയോടോ തുര്‍ക്കിഷ് ജനതയോടോ കളിക്കാന്‍ വരരുത്,’ എര്‍ദൊഗാന്‍ പറഞ്ഞു.

തുര്‍ക്കിയില്‍ 1980 ലെ സൈനിക അട്ടിമറിയുടെ 40ാം വാര്‍ഷികാചരണത്തിലാണ് എര്‍ദൊഗാന്റെ പ്രതികരണം. കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയില്‍ ഗ്രീസിന്റെയും സിപ്രസിന്റെയും അധികാരപരിധിയിലേക്ക് തുര്‍ക്കി നടത്തുന്ന ഓപ്പറേഷനുകള്‍ മേഖലയില്‍ സംഘര്‍ഷ സാധ്യതയ്ക്ക് കാരണമായിരിക്കെയാണ് ഇരു നേതാക്കളും തമ്മില്‍ തര്‍ക്കം രൂക്ഷമാവുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ