| Friday, 14th February 2020, 9:21 pm

കശ്മീര്‍ വിഷയം പാകിസ്താനെപോലെ തന്നെ തുര്‍ക്കിക്കും പ്രധാനപ്പെട്ടതെന്ന് എര്‍ദൊഗാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്ലാമാബാദ്: കശ്മീര്‍ പ്രശ്‌നം പാകിസ്താനെ പോലെ തന്നെ തുര്‍ക്കിക്കും പ്രധാനപ്പെട്ടതാണെന്ന് തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്‍. രണ്ടു ദിവസത്തെ സന്ദര്‍സനത്തിനായി പാകിസ്താനില്‍ എത്തിയ വേളയിലാണ് എര്‍ദൊഗാന്റ പ്രസ്താവന.

“നമ്മുടെ കശ്മീര്‍ സഹോദരീ സഹോദരന്‍മാര്‍ പതിറ്റാണ്ടുകളായി ദുരിതം അനുഭവിച്ചു വരികയാണ്. ഈയടുത്തായി എടുത്തു വന്ന പക്ഷപാതപരമായ സമീപനം മൂലം ഇവരുടെ സഹനം രൂക്ഷമായിരിക്കുന്നു, ഇന്ന് കശ്മീരികളുടെ പ്രശ്‌നം എത്രമാത്രം നിങ്ങള്‍ക്ക് (പാകിസ്താന്‍) പ്രധാനമാണോ അത്രയും ഞങ്ങള്‍ക്കും പ്രധാനമാണ്,” എര്‍ദൊഗാന്‍ പറഞ്ഞു.

ഒപ്പം ഒന്നാം ലോകമഹായുദ്ധ കാലത്ത് തുര്‍ക്കിയിലെ ഗല്ലിപൊലി മേഖലയ്ക്ക് വേണ്ടി ഓട്ടോമന്‍ അധികാരികളും വിദേശ ശക്തികളും തമ്മില്‍ നടന്ന യുദ്ധത്തെയും എര്‍ദൊഗാന്‍ പരമാര്‍ശിച്ചു. കശ്മീരും ഗല്ലിപൊളിയും തമ്മില്‍ യാതൊരു വ്യത്യാസമില്ലെന്നാണ് എര്‍ദൊഗാന്‍ പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കശ്മീര്‍ പ്രതിസന്ധി സംഘര്‍ഷത്തിലൂടെയോ അടിച്ചമര്‍ത്തലിലൂടെയോ പരിഹരിക്കാനാവില്ലെന്നും നീതിയുടെയും ന്യായത്തിന്റെയും അടിസ്ഥാനത്തില്‍ മാത്രമേ ഇത് സാധ്യമാവൂ എന്നും എര്‍ദൊഗാന്‍ പറഞ്ഞു.

‘അടിച്ചമര്‍ത്തലുകള്‍ക്കെതിരെ തുര്‍ക്കി ശബ്ദമുയര്‍ത്തിക്കൊണ്ടേയിരിക്കും,’

പാകിസ്താന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലാണ് എര്‍ദൊഗാന്റെ പരാമര്‍ശം. ഒപ്പം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങള്‍ക്ക് സാമ്പത്തിക വിലക്കേര്‍പ്പെടുത്തുന്ന എഫ്.എ.ടി.എഫിന്റെ ഗ്രേ പട്ടികയില്‍ നിന്നും ഒഴിവാകാനുള്ള പാകിസ്താന്റെ ശ്രമങ്ങളെ പിന്താങ്ങുമെന്നും എര്‍ദൊഗാന്‍ പറഞ്ഞു. അടുത്തയാഴ്ച പാരീസില്‍ വെച്ചാണ് എഫ്.എ.ടി.എഫിന്റെ കൂടിക്കാഴ്ച നടക്കുന്നത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നടന്ന യു.എന്‍ ജനറല്‍ അസംബ്ലിയില്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ഇന്ത്യാ ഗവണ്‍മെന്റിന്റെ നടപടിയെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചത്.

പാകിസ്താനും തുര്‍ക്കിയും തമ്മില്‍ നയതത്ര ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് എര്‍ദൊഗാന്‍ പാകിസ്താന്‍ സന്ദര്‍ശനം നടത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ തുര്‍ക്കിയും പാകിസ്താനും തങ്ങളുടെ രാജ്യത്തെ പൗരന്‍മാര്‍ക്ക് ഇരട്ട പൗരത്വം നല്‍കുന്നതില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നറിയിച്ചിരുന്നു.

പാകിസ്താന്‍ ആഭ്യന്തര മന്ത്രി ഇജാസ് അഹമ്മദ് ഷായും പാകിസ്താന്റെ തുര്‍ക്കി അംബാസിഡറും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നിര്‍ണായക നീക്കത്തിന് കളമൊരുങ്ങിയത്.

We use cookies to give you the best possible experience. Learn more