World News
സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ തീവ്രവാദ സംഘങ്ങളുടെ സുരക്ഷിത താവളം; സ്വീഡന്റെയും ഫിന്‍ലാന്‍ഡിന്റെയും നാറ്റോ അംഗത്വ ശ്രമങ്ങളെ പിന്തുണക്കില്ല: എര്‍ദോഗന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 May 14, 02:55 am
Saturday, 14th May 2022, 8:25 am

ഇസ്താംബൂള്‍: നാറ്റോയില്‍ അംഗത്വമെടുക്കുന്നതിനുള്ള സ്വീഡന്റെയും ഫിന്‍ലാന്‍ഡിന്റെയും ശ്രമങ്ങളെ പിന്തുണക്കില്ലെന്ന് വ്യക്തമാക്കി തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്‍.

പി.കെ.കെ (കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി) അടക്കമുള്ള തീവ്രവാദ സംഘങ്ങളെ പിന്തുണക്കുന്ന നിലപാടാണ് ഫിന്‍ലാന്‍ഡിനും സ്വീഡനും ഉള്ളതെന്നും, ഈ രാജ്യങ്ങള്‍ നാറ്റോയില്‍ ചേരുന്നത് സംബന്ധിച്ച് പോസിറ്റീവ് ആയ ഒരു ഒപ്പീനിയനല്ല തുര്‍ക്കിക്കുള്ളതെന്നും എര്‍ദോഗന്‍ പറഞ്ഞു.

”ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒരു പോസിറ്റീവ് ഒപ്പീനിയന്‍ അല്ല ഉള്ളത്. പി.കെ.കെക്കും മറ്റ് തീവ്രവാദ ഗ്രൂപ്പുകള്‍ക്കുമുള്ള സുരക്ഷിത താവളമായി സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ മാറിയിട്ടുണ്ട്.

ചില തീവ്രവാദികള്‍ സ്വീഡനിലെയും നെതര്‍ലാന്‍ഡ്‌സിലേയും പാര്‍ലമെന്റുകളില്‍ വരെ പങ്കെടുക്കുന്നുണ്ട്,” നാറ്റോ അംഗരാജ്യം കൂടിയായ തുര്‍ക്കിയുടെ നേതാവ് പറഞ്ഞു.

ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു ഈ പരാമര്‍ശം.

1980ല്‍ ഗ്രീസിന്റെ നാറ്റോ അംഗത്വത്തിന് അനുകൂലമായി വോട്ട് ചെയ്തത് തുര്‍ക്കിക്ക് പറ്റിയ അബദ്ധമാണെന്നും ആ അബദ്ധം ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും എര്‍ദോഗന്‍ കൂട്ടിച്ചേര്‍ത്തു. ഗ്രീസ് തങ്ങളുടെ നാറ്റോ അംഗത്വം തുര്‍ക്കിക്കെതിരെയാണ് പ്രയോഗിക്കുന്നതെന്നും എര്‍ദോഗന്‍ കുറ്റപ്പെടുത്തി.

നാറ്റോയുടെ മിലിറ്ററി ഡ്രില്ലില്‍ പങ്കെടുക്കില്ലെന്നും നേരത്തെ തുര്‍ക്കി വ്യക്തമാക്കിയിരുന്നു.

തുര്‍ക്കി, യു.എസ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയെ തീവ്രവാദ സംഘമായാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തോടെയാണ് നാറ്റോയില്‍ ചേരുന്നതിനുള്ള നടപടികളിലേക്ക് സ്വീഡനും ഫിന്‍ലാന്‍ഡുമടക്കമുള്ള രാജ്യങ്ങള്‍ കടന്നത്. നാറ്റോയില്‍ ചേരുന്നതിന് പിന്തുണ ആവശ്യപ്പെട്ട് ഫിന്‍ലാന്‍ഡ് നേതാക്കള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ജൂണ്‍ അവസാനം നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍ വെച്ച് അംഗത്വത്തിന് അപേക്ഷിക്കാന്‍ സ്വീഡന്‍ പ്രധാനമന്ത്രി മഗ്ദലീന ആന്‍ഡേഴ്‌സണ്‍ ലക്ഷ്യമിടുന്നതായി നേരത്തെ സ്വീഡിഷ് പത്രമായ സ്വെന്‍സ്‌ക ഡാഗ്ബ്ലാഡെറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നാറ്റോ അംഗത്വത്തിന് അപേക്ഷിക്കുമെന്ന് ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സന്ന മരിനും പ്രസിഡന്റ് സൗലി നിനിസ്റ്റോയും വ്യക്തമാക്കിയിരുന്നു.

അതേസമയം നാറ്റോയില്‍ ചേരാനാണ് ഫിന്‍ലാന്‍ഡും സ്വീഡനും ലക്ഷ്യമിടുന്നതെങ്കില്‍ തിരിച്ചടിക്കുമെന്നും, റഷ്യയുടെ ദേശീയ സുരക്ഷക്ക് ഭീഷണിയാകുന്ന നീക്കത്തിനെതിരെ സൈനികപരവും സാങ്കേതികപരവുമായ നടപടികള്‍ (military-technical steps) സ്വീകരിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്നും റഷ്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

റഷ്യന്‍ പ്രതിരോധ മന്ത്രാലയ വക്താവ് ദിമിത്രി പെസ്‌കോവും വിഷയത്തില്‍ ഫിന്‍ലാന്‍ഡിനും സ്വീഡനും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫിന്‍ലാന്‍ഡ് നാറ്റോയുടെ ഭാഗമാകുന്നത് റഷ്യക്ക് ഭീഷണിയാണെന്നും ഇതിനെതിരെ നടപടിയെടുക്കുമെന്നുമാണ് പെസ്‌കോവ് പറഞ്ഞത്.

റഷ്യയുമായി 1,340 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ഫിന്‍ലാന്‍ഡ്.

ഇതിനിടെ, ഫിന്‍ലാന്‍ഡിനെയും സ്വീഡനെയും റഷ്യ ആക്രമിച്ചാല്‍ ഇവരുടെ സഹായത്തിനെത്തുമെന്ന് ബ്രിട്ടന്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, വൈകാതെ നാറ്റോ അംഗത്വത്തിന് അപേക്ഷിക്കുമെന്ന ഫിന്‍ലാന്‍ഡിന്റെ പ്രഖ്യാപനത്തെ നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് സ്വാഗതം ചെയ്തിരുന്നു.

Content Highlight: Erdogan says Turkey will not support Sweden and Finland’s NATO bid, due to their welcoming attitude towards the Kurdistan Worker’s Party