അങ്കാറ: യുദ്ധമേഖലയായ സിറിയയുടെ വടക്കന്‍ മേഖലയില്‍ സുരക്ഷിതയിടങ്ങള്‍ ഒരുക്കുമെന്ന് ടര്‍ക്കിഷ് പ്രധാനമന്ത്രി എര്‍ദോഗാന്‍. ഇതുവഴി തുര്‍ക്കിയില്‍ അഭയം പ്രാപിച്ച സാധാരണക്കാര്‍ക്ക് സിറിയയിലേക്ക് സുരക്ഷിതമായി നീങ്ങാമെന്ന് എര്‍ദോഗാന്‍ വ്യക്തമാക്കി.
വടക്കന്‍ സിറിയയിലെ ടര്‍ക്കിഷ് അധീനതയിലുള്ള മേഖലയിലാണ് തുര്‍ക്കി സുരക്ഷിത ഇടങ്ങള്‍ ഒരുക്കുന്നത്. ഇതിനോടകം മൂന്ന് ലക്ഷം സിവിലിയന്‍മാര്‍ തുര്‍ക്കിയില്‍ നിന്ന് സിറിയയിലേക്ക് പോയെന്ന് എര്‍ദോഗാന്‍ ഇസ്താംബൂളില്‍ വെച്ച് പറഞ്ഞു. നിലവില്‍ തുര്‍ക്കിയില്‍ മാത്രം 40 ലക്ഷം സിറിയന്‍ അഭയാര്‍ഥികളാണുള്ളത്.
സിറിയയില്‍ അമേരിക്ക സൈന്യത്തെ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ തുര്‍ക്കി-സിറിയ അതിര്‍ത്തിയില്‍ 32 കിലോമീറ്റര്‍ അതീവ സുരക്ഷിത മേഖലായായി സംരക്ഷിക്കുമെന്ന് എര്‍ദോഗാന്‍ പ്രഖ്യാപിച്ചിരുന്നു.
അഭയാര്‍ഥികളെ തിരിച്ചുപോകുന്നതിന് തുര്‍ക്കി നിര്‍ബന്ധിക്കില്ലെന്നും ആവശ്യമുള്ളവര്‍ക്ക് രാജ്യം സുരക്ഷിതമാകുന്നത് വരെ തുര്‍ക്കിയില്‍ തങ്ങാമെന്നും ടര്‍ക്കിഷ് പ്രതിനിധി പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.