| Monday, 29th May 2023, 2:37 pm

എര്‍ദോഗാന്റെ വിജയവും പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ ഭാവിയും

നാസിറുദ്ദീന്‍

തുർക്കി പാർലമെന്റിലേക്കും പുതിയ പ്രസിഡന്റിനായും കൂടി ഒരുമിച്ച് നടന്ന തെരഞ്ഞെടുപ്പ്‌ സവിശേഷ സാഹചര്യത്തിൽ രാജ്യത്തിന്റെ അതിർത്തിക്കപ്പുറത്ത് പോലും വലിയ പ്രത്യാഘാതങ്ങൾ ഉളവാക്കുന്നതാണ്. ഒരു പക്ഷേ സമീപകാല തുർക്കി ചരിത്രത്തിൽ ഏറ്റവും വാശിയേറിയ പോരാട്ടമായിരിക്കും ആദ്യ ഘട്ടത്തിൽ നടന്നത്.

കമാൽ കിലിച്ദറോലു

തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ വലിയ പോരാട്ടമൊന്നും ഇല്ലായിരുന്നു. ആദ്യ ഘട്ടത്തിലെ വമ്പൻ തിരിച്ചടിയിൽ നിന്ന് മുക്തനാവാൻ പോലും പ്രതിപക്ഷ മുന്നണി സ്ഥാനാർത്ഥിയായ കിലിച്ദറോലുവിനും കൂട്ടർക്കും കഴിയാത്തതിനാൽ ഫലം തീർത്തും പ്രതീക്ഷിച്ചത് തന്നെ.

രണ്ട് പതിറ്റാണ്ടായി സമഗ്രാധികാരം കയ്യടക്കി വെച്ചിരിക്കുന്ന എർദോഗാൻ തന്റെ കരിയറിലെ ഏറ്റവും വലിയ എതിർപ്പിനെയാണ് മലർത്തിയടിച്ചത്.

തെരഞ്ഞെടുപ്പിൽ, പ്രത്യേകിച്ചും ആദ്യ ഘട്ടത്തിൽ, ചർച്ചയായ രാഷ്ട്രീയം വിലയിരുത്തുമ്പോൾ ഫലത്തിൽ അൽഭുതമില്ല. രാജ്യം നേരിടുന്ന അതീവ ഗുരുതര സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ പോലുള്ള ഗൗരവ വിഷയങ്ങൾ ചർച്ചയാകുന്നതിന് പകരം ‘ദേശീയത’ എന്ന പോയിന്റിലാണ് പ്രചാരണങ്ങളും ചർച്ചകളും നീങ്ങിയത്. അതാവട്ടെ സ്വാഭാവികമായും എർദോഗാന് അനുകൂലമാവുകയും ചെയ്തു. വർഷങ്ങളായി വളരെ ആസൂത്രിതമായും വ്യവസ്ഥാപിതമായും തുർക്കി ദേശീയതയെ വളർത്താനും അതിന്റെ പ്രതീകവും കേന്ദ്രബിന്ദുവുമായി തന്നെ ഉയർത്തി കാണിക്കാനുമുള്ള എർദോഗാന്റെ ശ്രമങ്ങളുടെ വിജയമാണ് ഈ തെരഞ്ഞെടുപ്പ് ഫലം.

എർദോഗാൻ

രണ്ട് പതിറ്റാണ്ടായി സമഗ്രാധികാരവും ആധിപത്യവും കൈമുതലാക്കി എർദോഗാൻ നടത്തിയ ഈ നീക്കത്തെ ആശയപരമായി പ്രതിരോധിക്കുന്നതിൽ തുർക്കി പ്രതിപക്ഷം ദയനീയമായും നിരന്തരമായും പരാജയപ്പെട്ടു. അമേരിക്കയും യൂറോപ്പും പിന്തുടർന്ന വിദേശ നയങ്ങളിലെ കാപട്യവും ഇരട്ടത്താപ്പും ഫലത്തിൽ എർദോഗാന് കാര്യങ്ങൾ എളുപ്പമാക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പ് ഫലം, സൂക്ഷ്മമായി വിലിയിരുത്തുമ്പോൾ, പ്രത്യേകിച്ചും ആദ്യ ഘട്ടം, ഈ കാര്യങ്ങൾ വ്യക്തമാണ്. പേരിലും പ്രവൃത്തിയിലും ദേശീയത അടിസ്ഥാനമാക്കിയ തീവ്ര വലത് പക്ഷ പാർട്ടിയാണ് Nationalist Movement Party എന്ന MHP. ആശയത്തിലും പ്രവർത്തന പാരമ്പര്യത്തിലും തികഞ്ഞ ഫാസിസ്റ്റ് സ്വഭാവം പേറുന്ന പാർട്ടിയുടെ ഗുണ്ടാ സേനയായ ‘Grey Wolves’ ന്റെ നേതൃത്വത്തിൽ അരങ്ങേറിയ വംശീയ കൂട്ടക്കൊലകളും ക്രൂരതകളും തുർക്കി രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ഭീകരമായ അധ്യായങ്ങളിൽ പെടും.

MHP വർഷങ്ങളായി എർദോഗാനുമായി ഔദ്യോഗികമായി തന്നെ സഖ്യത്തിലാണ്.

ഈ തെരഞ്ഞെടുപ്പിലും സഖ്യം എർദോഗാന് ഗുണകരമായെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ആദ്യ ഘട്ട പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടൊപ്പമാണ് പാർലിമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നിരുന്നത്. ഇതിൽ നിരീക്ഷകരുടെ പ്രവചനങ്ങൾ മറി കടന്നാണ് MHP 10 ശതമാനത്തിൽ അധികം വോട്ട് നേടിയത്.

2018 നെ അപേക്ഷിച്ച് 1 % വോട്ട് മാത്രം കുറഞ്ഞു. അതേ സമയം എർദോഗാന്റെ സ്വന്തം പാർട്ടിയായ എ. കെ.പി.ക്ക് 2018 നെ അപേക്ഷിച്ച് 7 ശതമാനത്തോളം വോട്ട് കുറഞ്ഞിട്ടുണ്ട്. മൊത്തത്തിൽ എർദോഗാന്റെ People’s Alliance സഖ്യത്തിന് പാർലമെന്റിലെ ഭൂരിപക്ഷം നിലനിർത്താൻ സാധിച്ചെങ്കിലും സീറ്റിന്റെ എണ്ണവും വോട്ടും 2018 നെ അപേക്ഷിച്ച് വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്.

കമാൽ കിലിച്ദറോലുവിന്റെ നേതൃത്വത്തിലുള്ള National Alliance ന് ഭൂരിപക്ഷം നേടാനായില്ലെങ്കിലും വോട്ടും സീറ്റും ഗണ്യമായി വർദ്ധിപ്പിക്കാനായിട്ടുണ്ട്. MHP യുടെ അത്ര തന്നെ തീവ്രമല്ലെങ്കിലും ദേശീയതയെ ചുറ്റിപ്പറ്റി രാഷ്ട്രീയം പറയുന്ന Good Party 10 % ന്റെ അടുത്ത് വോട്ട് നേടിയിട്ടുണ്ട്. പഴയ MHPക്കാർ ചേർന്നാണ് Good Party ഉണ്ടാക്കിയത്.

സിനാൻ ഒആൻ

ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം ഇതൊന്നുമല്ല. നിലവിൽ ഏറ്റവും തീവ്ര ദേശീയ ആശയങ്ങളും അഭയാർത്ഥി വിരുദ്ധ നിലപാടുകളും പേറുന്ന സിനാൻ ഒആൻ സ്വതന്ത്രനായി മൽസരിച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 5 % ൽ അധികം വോട്ട് നേടിയതാണ്.

രണ്ടാം ഘട്ടത്തിൽ സിനാൻ എർദോഗാന് പിന്തുണ നൽകി.

ഈ പിന്തുണക്ക് കാരണമായി സിനാന്‍ പറഞ്ഞ കാര്യം ശ്രദ്ധേയമായിരുന്നു. ‘ദേശീയതയുടെ മുദ്രാവാക്യങ്ങള്‍ രാജ്യത്തിന്റെ അജണ്ടയില്‍ കുത്തി വെച്ചതും സ്ഥിരതയുമാണ്’ സിനാന്‍ പ്രഖ്യാപനത്തില്‍ എടുത്ത് പറഞ്ഞത്.

കിലിച്ദറോലുവും പരമാവധി സിനാൻ അടക്കമുള്ള തീവ്ര ദേശീയ ശക്തികളെ ആകർഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചത് എർദോഗാൻ ആണെന്നേയുള്ളൂ. മാത്രമല്ല, കാറ്റ് പ്രതികൂലമാണെന്ന് കണ്ടപ്പോൾ ഒന്നാം ഘട്ടത്തിന് ശേഷം കൂടുതൽ തീവ്രമായ അഭയാർത്ഥി വിരുദ്ധ നിലപാടിലേക്കാണ് കിലിച്ദറോലു പോയത്. പ്രബല കുർദിഷ് കക്ഷിയായ HDP പുറത്ത് നിന്ന് കിലിച്ദറോലുവിന് പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും തിരിച്ചൊന്നും കിട്ടുമെന്ന പ്രതീക്ഷയില്ലാത്തതിനാൽ കുർദുകളിൽ വലിയൊരു ഭാഗം വോട്ടിന് പോയില്ലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കടുത്ത നിരാശയും നിസ്സംഗതയുമാണ് കുർദുകളുടെ പൊതു വികാരം.

ചുരുക്കത്തിൽ, പ്രസിഡന്റ്, പാർലമെന്റ് വോട്ടിങ്‌ പാറ്റേണുകൾ വിലയിരുത്തുമ്പോൾ വ്യക്തമാവുന്ന കാര്യം തീവ്ര ദേശീയ ആശയങ്ങൾക്ക് കിട്ടിയ സ്വീകാര്യമാണ്. അഥവാ ഗൗരവതരമായ മറ്റ് വിഷയങ്ങളെ അവഗണിക്കാൻ പകുതിയിലധികം തുർക്കി വോട്ടർമാരെ പ്രേരിപ്പിച്ചത് വീര്യം കൂടിയതും കുറഞ്ഞതുമായ ‘ദേശീയത’ എന്ന വികാരമായിരുന്നു.

രൂക്ഷമായ സാമ്പത്തിക പ്രശ്നങ്ങളും ഭൂകമ്പ മേഖലയിലെ സർക്കാർ സംവിധാനങ്ങളുടെ കനത്ത പരാജയവും എന്നിവ സമർത്ഥമായി മറി കടക്കാൻ എർദോഗാന് ദേശീയത വഴി സാധിച്ചു.

ഈ ദേശീയതാ വികാരം അത്ര നിഷ്കളങ്കവുമല്ല.ഏതൊരു ദേശീയതയും പോലെ ചില പ്രഖ്യാപിത ശത്രുക്കളെ മുൻ നിർത്തിയുള്ള വംശീയതയിൽ നിന്നാണ് അതിന്റെ ബീജം വരുന്നത്. പതിറ്റാണ്ടുകളായി ക്രൂരമായി അടിച്ചമർത്തപ്പെടുന്ന കുർദ് ന്യൂനപക്ഷങ്ങളോടുള്ള വെറുപ്പും വിദ്വേഷവും തുർക്കി ദേശീയതയുടെ ഭാഗമാണ്. അതിനെ തള്ളിപ്പറയാനോ തിരുത്താനോ ഒരു കക്ഷിയും ഇന്നും തയ്യാറല്ല. ഇപ്പോഴാണെങ്കിൽ രാജ്യത്ത് 40 ലക്ഷത്തിലധികം സിറിയൻ അഭയാർത്ഥികളുണ്ട്.

തുര്‍ക്കിയിലെത്തിയ സിറിയന്‍ അഭയാര്‍ത്ഥികള്‍ |ചിത്രത്തിന് കടപ്പാട്‌ : britannica.com

എല്ലാ ഏകാധിപത്യ, വലത് പക്ഷ നയങ്ങളുടെ പേരിലുള്ള വിമർശനങ്ങൾ പ്രസക്തമായി നില നിൽക്കുമ്പോഴും ഇത്രയധികം അഭയാർത്ഥികൾ ജീവനും കൊണ്ടോടി വന്നപ്പോൾ സ്വീകരിച്ചു എന്നതായിരിക്കും എർദോഗാൻ ഭരണത്തിന്റെ ഗുണപരമായ വശം. ആ നയത്തിന് പിന്നിൽ എർദോഗാന്റെ ഇസ്‌ലാമിസ്റ്റ് പശ്ചാത്തലവും അറബ് വസന്തവുമായി ബന്ധപ്പെട്ട ഇസ്‌ലാമിസ്റ്റ് നിലപാടുകളുമെല്ലാം കാരണമായിരിക്കാം.

പിന്നീട് അതിൽ പതിനായിരങ്ങൾക്ക് പൗരത്വം നൽകി രാഷ്ട്രീയ നേട്ടം കൊയ്യാൻ നോക്കിയ എർദോഗാന്റെ നടപടി ഫലത്തിൽ അഭയാർത്ഥികൾക്ക് തന്നെ തിരിച്ചടിയുമായിരിക്കാം. പക്ഷേ ലക്ഷങ്ങൾക്ക് ജീവിതത്തിലേക്ക് തിരിച്ച് വരാനുള്ള പിടിവള്ളിയായി മാറിയ നയമായിരുന്നു അതെന്നത് യാഥാർത്ഥ്യം.

പിന്നീട് അറബ് ഏകാധിപത്യ ഭരണകൂടങ്ങളുമായുള്ള എർദോഗാന്റെ ബന്ധം ഒരു പാട് മാറി മറിഞ്ഞു. അറബ് വസന്തവും ഇസ്‌ലാമിസ്റ്റ് ഭീഷണിയുമൊക്കെ വരുതിയിലാക്കിയെന്ന ആത്മ വിശ്വാസം അസദ് അടക്കമുള്ള അറബ് ഏകാധിപതികൾക്ക് എർദോഗാനോടുള്ള സമീപനവും മാറ്റാൻ കാരണമായി. ഫലത്തിൽ ഇന്നത് തീർത്തും സാമ്പത്തിക, രാഷ്ട്രീയ കാരണങ്ങളും പ്രായോഗികതയും മാത്രമുള്ള ഒരു ബന്ധത്തിലെത്തി നിൽക്കുന്നു.

പൂർണമായും അമേരിക്കയെ മാത്രം ആശ്രയിച്ച് നില നിന്നിരുന്ന അറബ് ഏകാധിപതികൾ ചൈന, റഷ്യ പോലുള്ള ബദൽ സാധ്യതകളിലേക്കും എത്തി നോക്കുന്നുണ്ട്. എല്ലാ തോന്ന്യാസങ്ങളും ചെയ്ത ശേഷം ഒരാചാരം പോലെ വരുന്ന ‘മനുഷ്യാവകാശ’, ‘ജനാധിപത്യ’ ക്ലാസുകൾ കേൾക്കേണ്ടി വരില്ല എന്നതാണ് അമേരിക്കയിൽ നിന്ന് വ്യത്യസ്തമായി ഈ ശക്തികളെ അറബ് ഏകാധിപതികൾക്ക് പ്രിയങ്കരമാക്കുന്നത്.

ഉക്രൈന്‍ പ്രശ്നത്തിൽ റഷ്യൻ അധിനിവേശത്തിനെതിരെ അമേരിക്ക ആവശ്യപ്പെട്ട രീതിയിലുള്ള പ്രതികരണം അറബ് ലോകത്ത് നിന്ന് വരാത്തതിന്റെ കാരണവും മറ്റൊന്നല്ല. ഇറാനും സൗദിയും ചൈനീസ് ഇടപെടലിൽ നടത്തുന്ന അനുരജ്ഞന ശ്രമങ്ങളും ചേർത്ത് വായിക്കേണ്ടതാണ്. രാജ്യത്ത് നടക്കുന്ന ജനാധിപത്യ/പൗരാവകാശ പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയോ അതിനെക്കുറിച്ച് എന്തെങ്കിലുമൊക്കെ പറയാൻ നിർബന്ധിതമാവുകയോ എങ്കിലും ചെയ്യുന്ന അമേരിക്കയേക്കാൾ എന്ത് കൊണ്ടും ഇറാന് സ്വീകാര്യം അങ്ങനെയുള്ള ശല്യങ്ങളൊന്നുമില്ലാത്ത മുഹമ്മദ് ബിൻ സൽമാന്റെ സൗദിയാണ്.

ഈ മാറിയ പശ്ചിമേഷ്യൻ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് എർദോഗാൻ തന്റെ പഴയ ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയത്തിൽ നിന്ന് വ്യത്യസ്തമായ പ്രായോഗിക സമീപനം സ്വീകരിക്കുന്നത്. ഇതൊരുപാട് സങ്കീർണമാണ്. തീർച്ചയായും വലിയൊരു ഞാണിൻമേൽ കളിയുമാണ്. സിറിയ, ലിബിയ, യമൻ, സുഡാൻ തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ നടക്കുന്ന പോരാട്ടങ്ങളിൽ ഇപ്പോഴും ഈ ഏകാധിപതികളുടെ താൽപര്യങ്ങൾ പരസ്പരം ഏറ്റുമുട്ടുകയാണ്.

ഇതിൽ പലതിലും എർദോഗാനും കക്ഷിയാണ്. നാറ്റോയിലെ പ്രബല കക്ഷിയായ തുർക്കി റഷ്യയുമായി ഇപ്പോഴും മോശമില്ലാത്ത ബന്ധം തുടരുന്നു.ഫലമറിഞ്ഞ ആദ്യം എർദോഗാനെ അഭിനന്ദിച്ചവരിൽ ഖത്തർ മാത്രമല്ല ഇസ്‌ലാമിസ്റ്റുകളെ അട്ടിമറിച്ചും ക്രൂരമായി അടിച്ചമർത്തിയും ഭരണം നില നിർത്തുന്ന ഈജിപ്തിലെ സീസിയും ഉണ്ടായത് യാദൃശ്ചികമല്ല. അതായത് ഏതെങ്കിലും ഒരു രാജ്യത്തിന്റെയോ ചേരിയുടെയോ നിഴലിലാവാതെ സ്വതന്ത്ര വിദേശ നയം നടപ്പിലാക്കാൻ എർദോഗാന് കഴിഞ്ഞു. നന്നേ ചുരുങ്ങിയത് അങ്ങനെയൊരു തോന്നൽ വോട്ടർമാർക്കിടയിൽ ഉണ്ടാക്കാനെങ്കിലും സാധിച്ചു.

ഇതിൽ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു കിലിച്ദറോലുവിന്റെ നയ നിലപാടുകൾ. യൂറോപ്പുമായി തുർക്കിയെ കൂടുതൽ അടുപ്പിക്കുമെന്നതായിരുന്നു പ്രധാന വാഗ്ദാനങ്ങളിലൊന്ന്. ബൈഡനാണെങ്കിൽ ആവേശം മൂത്ത് കിലിച്ദറോലുവിന് പരസ്യ പിന്തുണ നൽകി. ദേശീയത അതിന്റെ വ്യത്യസ്ത വകഭേദങ്ങളോടെ എല്ലാവരും ഏറ്റെടുത്ത് പരസ്പരം പോരാടുന്ന ഒരു തെരഞ്ഞെടുപ്പിൽ ഈയൊരു സ്വതന്ത്ര വിദേശ നയം, അതെത്ര തന്നെ സങ്കീർണമായ ഞാണിൻമേൽ കളിയാണെങ്കിലും, വോട്ടർമാരെ സ്വാധീനിക്കും. ഒരേ ദിവസം നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ പിന്തുണക്കാത്തവർ പോലും പ്രസിഡന്റ് എർദോഗൻ തന്നെയാവണമെന്ന് കരുതിയത് ഇത് കൊണ്ട് കൂടിയാവണം.

അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍

അമേരിക്കയും യൂറോപ്പും തുർക്കിയിലെ യാഥാർത്ഥ്യങ്ങൾ കൃത്യമായി മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടതിന്റെ സാക്ഷി പത്രം കൂടിയാണ് തെരഞ്ഞെടുപ്പ് ഫലം.

ആദ്യ ഘട്ട തെരഞ്ഞെടുപ്പിന് മുമ്പ് പാശ്ചാത്യ മാധ്യമങ്ങൾ ഒന്നടങ്കം എർദോഗാന്റെ തോൽവിയായിരുന്നു പ്രവചിച്ചത്. ജനാധിപത്യ ഭരണകൂടങ്ങളെ ക്രൂരമായി അട്ടിമറിച്ചും അടിച്ചമർത്തിയും ഭരണം നടത്തുന്ന ഈജിപ്തിലെ സീസിയും തുണീഷ്യയിലെ ഖൈസും നേരിടാത്ത ഓഡിറ്റിങ്ങും വിമർശനവും അതിനേക്കാൾ എത്രയോ ഭേദപ്പെട്ട ജനാധിപത്യ സംവിധാനങ്ങൾ ഇപ്പോഴും നില നിൽക്കുന്ന തുർക്കിക്ക് നേരെയാവുന്നതിലെ ഇരട്ടത്താപ്പുംകാപട്യവും ഫലത്തിൽ എർദോഗന് ഗുണകരമായി എന്ന് കൂടി ഫലം സൂചിപ്പിക്കുന്നു.

ഇസ്‌ലാമിസ്റ്റ് രാഷ്‌ട്രീയത്തിന്റെ ഭാവി എന്ത് എന്ന ചോദ്യം കൂടി ഈ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ പ്രസക്തമാണ്. പ്രധാനമായും മൂന്ന് രാജ്യങ്ങളിലാണ് ഇന്ന് ഇസ്‌ലാമിസ്റ്റ് കക്ഷികൾ ശക്തമായുള്ളത്. തുർക്കി, ഈജിപ്ത്, തുണീഷ്യ എന്നീ രാജ്യങ്ങളാണവ. ഈജിപ്തിൽ അടിച്ചമർത്തലും ആശയ പ്രതിസന്ധികളും മറ്റനേകം ഘടകങ്ങളും മുസ്‌ലിം ബ്രദർഹുഡിനെ തകർത്തു. അടിസ്ഥാനപരമായി കാലികമായി പരിഷ്കരിക്കാനോ മാറ്റങ്ങൾ ഉൾക്കൊള്ളാനോ ബ്രദർഹുഡിന് സാധിച്ചിരുന്നില്ല. വോട്ടും പിന്തുണയും കുറഞ്ഞെങ്കിലും കൃത്യമായ ഭൂരിപക്ഷത്തോടെ എർദോഗനും പാർട്ടിയും വീണ്ടും അധികാരത്തിലെത്തി. തുർക്കിയിലെ ഇസ്‌ലാമിസ്റ്റ് ഭരണം കാൽ നൂറ്റാണ്ടിനടുത്തേക്ക് നീങ്ങുന്നു.

തുനീഷ്യന്‍ പ്രസിഡണ്ട് റാഷിദ് ഗനൂഷി

തുനീഷ്യയിൽ നേർ വിപരീതമാണ് കാര്യങ്ങൾ. ആധുനിക ജനാധിപത്യവും മൂല്യ സങ്കൽപങ്ങളും എങ്ങനെ ഇസ്‌ലാമികമായി വ്യാഖ്യാനിക്കാമെന്നും അതിനനുസൃതമായി രാഷ്ട്രീയ സങ്കൽപം രൂപപ്പെടുത്തിയെടുക്കാമെന്നും റാഷിദ് ഗനൂഷിയുടെ നേതൃത്വത്തിലുള്ള ‘അന്നഹ്ദ’ കാണിച്ചു തന്നു. അത് തീർത്തും സുതാര്യവും ആഴത്തിലുള്ളതുമായ ഒരു പരിഷ്കരണമായിരുന്നു. അത് ഒരു ലിബറൽ ജനാധിത്യ വ്യവസ്ഥിതിയുമായി യോജിച്ച് പോവുന്ന ഇസ്‌ലാമിസ്റ്റ്/മുസ്‌ലിം വ്യാഖ്യാനമാണ്. പക്ഷേ ഈജിപ്തിലെ പോലെ ഇവിടെയും അറബ് ഏകാധിപതികളുടെ പിന്തുണയോടെ ജനാധിപത്യം അട്ടിമറിക്കപ്പെട്ടു.

പക്ഷേ അന്നഹ്ദയുടെ പിന്തുണ കുറഞ്ഞിട്ടില്ല, മറ്റ് ജനാധിപത്യ ശക്തികളുമായി യോജിച്ചും പരമാവധി വിട്ട് വീഴ്ച ചെയ്തും അവർ രാഷ്ട്രീയം പറയുന്നു.

പൗരാവകാശങ്ങൾ തകർത്തും ജനാധിപത്യ സംവിധാനങ്ങൾ ദുർബലമാക്കിയും ആണെങ്കിലും ഒരു പ്രായോഗിക രാഷ്ട്രീയക്കാരന്റെ എല്ലാ തന്ത്രങ്ങളും കൗശലങ്ങളും കൈമുതലാക്കിയ എർദോഗാന്റെ തുർക്കി മാതൃക ഇസ്‌ലാമിസ്റ്റുകൾ സ്വീകരിക്കുമോ ? അതോ ഇതിൽ നിന്നും തീർത്തും വ്യത്യസ്തമായ തുണീഷ്യൻ പാതയോ ? എല്ലാറ്റിനും പരിഹാരം ഇസ്‌ലാം എന്ന് പറയുന്നതിനപ്പുറം ജനങ്ങൾ നേരിടുന്ന ഗുരുതര രാഷ്‌ട്രീയ, സാമ്പത്തിക പ്രശ്നങ്ങൾക്ക് ക്രിയാത്മക പരിഹാരം കണ്ടെത്താൻ/സ്വീകരിക്കാൻ ഇവർക്ക് സാധിക്കുമോ ? അധികാരത്തിലേറിയ ഒരിടത്തും നിയോ ലിബറൽ സമ്പദ് വ്യവസ്ഥക്ക് ബദലൊരുക്കാനോ ആ വഴിക്കുള്ള ചിന്തകൾക്ക് തുടക്കമിടാനോ പോലും ഇസ്‌ലാമിസ്റ്റുകൾക്ക് സാധിച്ചിട്ടില്ല. അതിൽ മാറ്റമുണ്ടാവുമോ ? ഈ ചോദ്യങ്ങൾക്ക് വരും കാലങ്ങൾ ഉത്തരം നൽകും, പ്രത്യേകിച്ചും തുർക്കിയിലേയും തുനീഷ്യയിലേയും ഭാവി രാഷ്ട്രീയം.

വാല്‍: ജനാധിപത്യ സംവിധാനങ്ങളിലൂടെ അധികാരത്തിലേറുക, പിന്നീട് ആ സംവിധാനങ്ങളേയും അതിന്റെ ഭാഗമായ പൗരാരാവകാശങ്ങളും മാധ്യമ സ്വാതന്ത്രവും പരമാവധി ദുര്‍ബലമാക്കാന്‍ നോക്കുക, അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പകരം തീവ്ര ദേശീയത അജണ്ടയാക്കി അതിന്റെ പ്രതീകമായി മാറി തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യുക, ഈ ഗംഭീര Election Engineering ല്‍ പകച്ച് പോയി അതിന്റെ ‘ബി’ ടീം ആവാന്‍ നോക്കി നിരന്തരം പരാജയപ്പെടുന്ന പ്രതിപക്ഷം…ഇതൊക്കെ കണ്ട് പരിചയമുണ്ടോ ? തീര്‍ച്ചയായും ഉണ്ടാവും. കാരണം അതൊരു പാറ്റേണാണ്. അടിസ്ഥാന പ്രശ്‌നങ്ങള്‍ നേരിടാനും പരിഹരിക്കാനും ത്രാണിയില്ലാത്തതിനാല്‍ തീവ്ര നിലപാടുകളെ കൂട്ട് പിടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യുന്ന തന്ത്രം. അത് ലോകത്ത് പല ഭാഗത്തും കാണാം.

content highlights; Erdogan’s Victory and the Future of Political Islam

നാസിറുദ്ദീന്‍

We use cookies to give you the best possible experience. Learn more