അങ്കാര: തുര്‍ക്കിക്ക് പുതിയ ഭരണഘടനക്കുള്ള സമയമായെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് റജിബ് ത്വയ്യിബ് എര്‍ദോഗന്റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷം രംഗത്ത്. രാജ്യം നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണിതെന്നാണ് പ്രതിപക്ഷ നേതാക്കളുടെ പ്രതികരണം.
‘സാമ്പത്തികമേഖലയിലെ പ്രശ്‌നങ്ങള്‍, ആശങ്കകള്‍, പടര്‍ന്നുപിടിക്കുന്ന മഹാമാരി, കര്‍ഷകരും വ്യാപാരികളും നേരിടുന്ന പ്രശ്‌നങ്ങള്‍, വ്യാപകമാകുന്ന അവകാശലംഘനങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള നീക്കം മാത്രമാണിത്. പുതിയ ഭരണഘടന വേണമെന്ന് പറഞ്ഞ് ഇക്കാര്യങ്ങളിലെല്ലാം നിന്ന് ശ്രദ്ധ തിരിക്കുകയാണ്,’ പ്രതിപക്ഷത്തുള്ള ഡെമോക്രസി ആന്റ് പ്രോഗ്രസ് പാര്‍ട്ടി ഉപാധ്യക്ഷനായ ഇദ്രിസ് സഹിന്‍ പറഞ്ഞു.
പ്രതിപക്ഷത്തിന്റെ പ്രതികരണങ്ങളില്‍ സത്യസന്ധതയില്ലെന്ന് മാത്രമായിരുന്നു വിഷയത്തില്‍ എര്‍ദോഗന്റെ പ്രതികരണം.
ഫെബ്രുവരി മാസം തുടക്കത്തിലായിരുന്നു പുതിയ ഭരണഘടനക്കുള്ള ആഹ്വാനവുമായി എര്‍ദോഗന്‍ രംഗത്തെത്തിയത്. തുര്‍ക്കിക്ക് പുതിയ ഭരണഘടനയെ കുറിച്ച് ചിന്തിക്കാന്‍ സമയമായെന്നായിരുന്നു അങ്കാരയില്‍ വെച്ച് നടന്ന മന്ത്രിസഭാ യോഗത്തിനു ശേഷം എര്‍ദോഗന്റെ പ്രസ്താവന.
‘ഒരിക്കല്‍ കൂടി പുതിയ ഭരണഘടനയെ കുറിച്ച് ചിന്തിക്കാന്‍ രാജ്യത്തിന് സമയമായെന്ന് തോന്നുന്നു. സഖ്യകക്ഷികളുമായി ഈ വിഷയത്തില്‍ ധാരണയിലെത്താന്‍ കഴിഞ്ഞാല്‍, വരും നാളുകളില്‍ പുതിയ ഭരണഘടനക്കുള്ള ശ്രമങ്ങള്‍ ആരംഭിക്കാവുന്നതാണ്,’ എര്‍ദോഗന്‍ പറഞ്ഞു.
പുതിയ ഭരണഘടനാ നിര്‍മ്മാണം സുതാര്യമായിരിക്കണമെന്നും എല്ലാ വിവരങ്ങളും നടപടികളും ജനങ്ങളുമായി പങ്കുവെക്കണമെന്നും എര്‍ദോഗന്‍ കൂട്ടിച്ചേര്‍ത്തു.
എര്‍ദോഗന്റെ പാര്‍ട്ടിയായ നാഷണലിസ്റ്റ് മൂവ്‌മെന്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ ഡെവ്‌ലറ്റ് ബച്ചേലിയും ഭരണഘടനയില്‍ മാറ്റം വരുത്തുന്നതിനെ കുറിച്ച് സംസാരിച്ചിരുന്നു. പ്രൊ-കുര്‍ദിഷ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി(എച്ച്.ഡി.പി)യുടെ നേതൃത്വത്തില്‍ വിഭാഗീയശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അത് നിരോധിക്കാന്‍ ഭരണഘടനയില്‍ മാറ്റം വരുത്തണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
ബച്ചേലിയുടെ പ്രസ്താവനക്കെതിരെ രൂക്ഷവിമര്‍ശനവുമായി എച്ച്.ഡി.പി രംഗത്തെത്തിയിരുന്നു. ആറ് ദശലക്ഷം വോട്ടുകളെ നിശബ്ദമാക്കാനുള്ള ശ്രമമാണിതെന്നായിരുന്നു പ്രതികരണം.
2017ല്‍ എര്‍ദോഗന്റെ നേതൃത്വത്തില്‍ നടത്തിയ ഭരണഘടന മാറ്റത്തിലൂടെയാണ് പാര്‍ലമെന്ററി ജനാധിപത്യത്തില്‍ നിന്നും എക്‌സിക്യൂട്ടീവ് പ്രസിഡന്‍ഷ്യല്‍ സംവിധാനത്തിലേക്ക് തുര്‍ക്കി മാറുന്നത്. ഈ സംവിധാനപ്രകാരം 2018ല്‍ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എര്‍ദോഗന്‍ എല്ലാ അധികാരങ്ങളും പിടിച്ചെടുത്ത് ഏകാധിപത്യഭരണം നടത്തുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.
ഇപ്പോള്‍ വീണ്ടും ഭരണഘടനയില്‍ മാറ്റം വരുത്താനുള്ള നടപടിയുമായി എര്‍ദോഗന്‍ രംഗത്തെത്തുന്നത് തുര്‍ക്കിയെ പൂര്‍ണ്ണമായും ഏകാധിപത്യത്തിലേക്ക് നയിക്കാനുള്ള നീക്കമാണെന്ന് വിമര്‍ശനം ഉയരുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക