ഇസ്താംബുള്‍: കഴിഞ്ഞ പത്തുവര്‍ഷത്തോളമായി ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും വലിയ ചര്‍ച്ചാവിഷയമാണ് റൊണാള്‍ഡോയോ, മെസ്സിയോ ആരാണ് കേമന്‍ എന്നത്. മെസ്സിയാണോ റൊണാള്‍ഡോ ആണോ ഇഷ്ടതാരം എന്ന ചോദ്യം നേരിടാത്ത ഫുട്‌ബോള്‍ ആരാധകര്‍ കുറവായിരിക്കും. വമ്പന്മാര്‍ അണിനിരക്കുന്ന റഷ്യന്‍ ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തിലും ഈ ചര്‍ച്ചകള്‍ സജീവമാണ്.
ഇപ്പോഴിതാ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ തന്റെ ഇഷ്ടതാരത്തെ കുറിച്ച് പങ്കുവെച്ചിരിക്കുന്നു. തിങ്കളാഴ്ച തുര്‍ക്കിഷ് ഏറോസ്‌പേസ് ഇന്‍ഡസ്ട്രീസ് സംഘടിപ്പിച്ച യൂത്ത് ആന്‍ഡ് ടെക്‌നോളജി മീറ്റിങ്ങിലാണ് തന്റെ ഫുട്‌ബോള്‍ പ്രേമത്തെ കുറിച്ച് അദ്ദേഹം മനസ്സ് തുറന്നത്.
Read Also : കഞ്ഞിയില്‍ വെള്ളമൊഴിച്ച് കുടിച്ച് ജീവിച്ച കാലമുണ്ടായിരുന്നു- റുമീലു ലുക്കാക്കു ജീവിതം പറയുന്നു
ഞാനൊരു റൊണാള്‍ഡോ ആരാധകനാണെന്നാണ് മെസ്സിയാണോ റൊണാള്‍ഡോ ആണോ ഇഷ്ടതാരം എന്ന ചോദ്യത്തിന് എര്‍ദോഗന്‍ പറഞ്ഞ മറുപടി. ലോകകപ്പില്‍ സ്‌പെയിനുമായുള്ള ആദ്യ മത്സരത്തില്‍ അദ്ദേഹം നേടിയ ഹാട്രിക്ക് തീര്‍ത്തും നിര്‍ണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു.
“കളിക്കളത്തില്‍ റോണോ കാഴ്ചവെക്കുന്ന പ്രകടനം, അദ്ദേഹത്തിന്റെ വ്യക്തിത്വം, ആത്മവിശ്വാസം, എല്ലാത്തിലുമുപരി ഫലസ്തീന്‍ വിഷയത്തിലുള്ള അദ്ദേഹത്തിന്റെ നിലപാട്, എല്ലാം റോണോയെ എനിക്ക് പ്രിയപ്പെട്ടവനാക്കുന്നു,” റൊണാള്‍ഡോയോടുള്ള ഇഷ്ടത്തെക്കുറിച്ചു എര്‍ദോഗന്‍ പറഞ്ഞു.
റഷ്യ ലോകകപ്പിലെ വമ്പന്‍ ടീമുകളുടെ ആദ്യ മത്സരങ്ങളെ കുറിച്ചും എര്‍ദോഗന്‍ സംസാരിച്ചു. “ജര്‍മനിയായിരിക്കും ജേതാക്കള്‍ എന്നാണ് ഞാന്‍ ആദ്യം കരുതിയിരുന്നത്. എന്നാല്‍ എന്റെ ധാരണ തെറ്റായിരുന്നു. ആദ്യ കളിയില്‍ തന്നെ അവര്‍ പരാജയപ്പെട്ടു. ഇനിയുള്ള കളികള്‍ ജര്‍മ്മനിക്ക് നിര്‍ണ്ണായകമാണ്. വമ്പന്മാരെല്ലാം ആദ്യ കളികളില്‍ പരാജയം നേരിടുകയാണ്. അവര്‍ക്കു നിലവിലെ പ്രകടനവുമായി മുന്നോട്ട് പോകാനാവുമോ എന്നത് പ്രവചനാതീതമാണ്”, എര്‍ദോഗന്‍ പറഞ്ഞു.