തുര്‍ക്കി തെരഞ്ഞെടുപ്പ്; എര്‍ദോഗാന്‍ മുന്നില്‍
world
തുര്‍ക്കി തെരഞ്ഞെടുപ്പ്; എര്‍ദോഗാന്‍ മുന്നില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th June 2018, 11:21 pm

ഇസ്താംബൂള്‍: തുര്‍ക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആദ്യ ലീഡ് നിലവിലെ പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാന്. 52 ശതമാനം വോട്ടുകളെണ്ണിക്കഴിഞ്ഞപ്പോള്‍ 56 ശതമാനം വോട്ടുകളുമായി എര്‍ദോഗാന്‍ മുന്നിട്ടു നില്‍ക്കുകയാണ്. എതിരാളിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മുഹര്‍റം ഇന്‍ജയ്ക്ക് 29 ശതമാനം വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്.

മൊത്തം വോട്ടെണ്ണിക്കഴിഞ്ഞാല്‍ 50 ശതമാനത്തിലധികം വോട്ടുകിട്ടുന്ന സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിക്കും. പ്രസിഡന്റിന് പുറമെ പാര്‍ലമെന്റിലേക്കും വോട്ടെടുപ്പ് നടന്നിട്ടുണ്ട്. എര്‍ദോഗാന്റെ പാര്‍ട്ടിയായ എ.കെ പാര്‍ട്ടി തന്നെയാണ് ഇതിലും മുന്നിട്ടു നില്‍ക്കുന്നത്.

എര്‍ദോഗാന്‍ അനുകൂല മേഖലകളിലെ ഫലങ്ങള്‍ ആദ്യം പ്രഖ്യാപിച്ച് തുര്‍ക്കി സ്‌റ്റേറ്റ് മീഡിയ കൃത്രിമം കാണിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

 

2016ലെ പട്ടാളഅട്ടിമറി ശ്രമത്തിന് ശേഷം പ്രഖ്യാപിച്ച അടിയന്തരാവസ്ഥ തുര്‍ക്കിയില്‍ ഇപ്പോഴും തുടരുകയാണ്. 2019 നവബംറിലായിരുന്നു പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കേണ്ടതെങ്കിലും എര്‍ദോഗാന്‍ നേരത്തെ നടത്തുകയായിരുന്നു.

2014ല്‍ പ്രസിഡന്റ് പദവിയിലെത്തുന്നതിന് മുമ്പ് 11 വര്‍ഷം പ്രധാനമന്ത്രിയായിരുന്നയാളാണ് എര്‍ദോഗാന്‍. ഇത്തവണ കൂടി ജയിച്ചാല്‍ പ്രസിഡന്റിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനയ്ക്ക് കീഴില്‍ എര്‍ദോഗാന്‍ വീണ്ടും പ്രസിഡന്റാവും. പ്രസിഡന്റിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനാ ഹിതപരിശോധന പാസായ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്.

അധികാരത്തിലെത്തിയാല്‍ എര്‍ദോഗാന്റെ ഏകാധിപത്യ ഭരണത്തില്‍ നിന്ന് തുര്‍ക്കിയെ മോചിപ്പിക്കുമെന്ന് ഇന്‍ജ വാഗ്ദാനം ചെയ്തിരുന്നു.