| Tuesday, 27th April 2021, 3:32 pm

അര്‍മേനിയന്‍ വംശഹത്യ നടന്നെന്ന് പറയും മുന്‍പ് ബൈഡന്‍ കണ്ണാടിയില്‍ നോക്കണം; അമേരിക്കയിലെ റെഡ് ഇന്ത്യന്‍സിന് സംഭവിച്ചത് ഞാന്‍ പറയേണ്ടതില്ലല്ലോ: എര്‍ദോഗന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അങ്കാര: ഒന്നാം ലോക മഹായുദ്ധ സമയത്ത് ഓട്ടോമെന്‍ രാജവംശത്തിന്റെ നേതൃത്വത്തില്‍ അര്‍മേനിയന്‍ വംശഹത്യ നടന്നുവെന്ന് അംഗീകരിച്ച അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെതിരെ ആഞ്ഞടിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ്ബ് ത്വയിബ് എര്‍ദോഗന്‍. അടിസ്ഥാനരഹിതമായ വിവരങ്ങളാണ് ബൈഡന്‍ അംഗീകരിച്ചതെന്നും ഇത് നയതന്ത്ര ബന്ധത്തെ ബാധിക്കുമെന്നും എര്‍ദോഗന്‍ പറഞ്ഞു.

ഒന്നാം ലോക മഹായുദ്ധ സമയത്ത് ഒട്ടോമന്‍ രാജവംശത്തിന്റെ നേതൃത്വത്തില്‍ തങ്ങള്‍ക്കെതിരെ വംശഹത്യ നടന്നുവെന്നാണ് അര്‍മേനിയന്‍ വംശജര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഒട്ടോമന്‍ രാജവംശവും റഷ്യയിലെ സാര്‍ ചക്രവര്‍ത്തിമാരും തമ്മില്‍ നടന്ന ആക്രമണത്തില്‍ തുര്‍ക്കിയിലെയും അര്‍മേനിയയിലെയും നിരവധി പേര്‍ കൊല്ലപ്പെട്ടുവെന്നു മാത്രമാണ് തുര്‍ക്കി അംഗീകരിക്കുന്നത്.

ഇപ്പോള്‍ അര്‍മേനിയന്‍ വംശജരുടെ വാദത്തെ അംഗീകരിച്ചുകൊണ്ട് ബൈഡന്‍ രംഗത്തെത്തിയതാണ് തുര്‍ക്കിയെ ചൊടിപ്പിച്ചിരിക്കുന്നത്. നേരത്തെ തന്നെ പ്രശ്‌നത്തിലായിരുന്ന തുര്‍ക്കി – അമേരിക്ക ബന്ധത്തില്‍ ആഴത്തിലുള്ള മുറിവാണ് ബൈഡന്റെ പ്രസ്താവന വരുത്തിയതെന്ന് എര്‍ദോഗന്‍ പറഞ്ഞു.

‘നൂറ്റാണ്ടുകള്‍ മുന്‍പ് നടന്ന സംഭവത്തെ വംശഹത്യയെന്നൊക്കെ വിളിക്കും മുന്‍പ് ബൈഡന്‍ ഒന്ന് സ്വയം കണ്ണാടിയില്‍ നോക്കുന്നത് നല്ലതാണ്. അമേരിക്കയിലെ തദ്ദേശീയരായ റെഡ് ഇന്ത്യന്‍സിന്റെ കാര്യം ഞാനായിട്ട് പറയേണ്ടതില്ലല്ലോ. അവിടെ എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. അങ്ങനെ ഈ വസ്തുതകളൊക്കെ അവിടെയുള്ളപ്പോള്‍, തുര്‍ക്കി ജനതയ്ക്കുമേല്‍ വംശഹത്യാ ആരോപണവുമായി വരാന്‍ നിങ്ങള്‍ക്കാവില്ല,’ എര്‍ദോഗന്‍ പറഞ്ഞു.

അയല്‍രാജ്യമെന്ന നിലയില്‍ അര്‍മേനിയയുമായി നല്ല ബന്ധം സ്ഥാപിക്കാനായി തുര്‍ക്കി നടത്തി വരുന്ന ശ്രമങ്ങളെ വരെ അമേരിക്കയുടെ തെറ്റായ നടപടി പ്രതികൂലമായി ബാധിക്കുമെന്നും എര്‍ദോഗന്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Turkey President Erdogan against Joe Biden over recoganising Armenian genocide

We use cookies to give you the best possible experience. Learn more